Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Monday, August 22, 2011

ഇഴകൾ-നൂലിഴയിൽ ജീവിതം നെയ്തെടുത്തവർ.


സുവർണ്ണനൂലിഴയിൽ മെനഞ്ഞെടുത്ത കൈത്തറിയെന്ന കരവിരുതിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ഒരുകാലത്ത്‌ സവർണ്ണമേൽക്കോയ്മയുടെ  അടയാളങ്ങളായിരുന്ന കസവുൽപ്പന്നങ്ങൾ പിൽക്കാലത്ത്‌ കേരളീയരുടെ പൊതുസ്വത്തായി ഇടം പിടിക്കുകയുണ്ടായി. കേരള സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഈ തനതുകലാസൃഷ്ടി കടൽ കടന്നിട്ടും മലയാണ്മയുടെ പെരുമ നിലനിർത്തിയിട്ടേയുള്ളൂ. അന്തസ്സിന്റേയും, ആഭിജാത്യത്തിന്റേയും പ്രതീകമായും, സാധാരണക്കാരന്റെ ലക്ഷണമൊത്ത ലാളിത്യമായും കസവും, കൈത്തറി ഉൽപ്പന്നങ്ങളും മലയാളിയുടെ നിത്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയത്‌ എന്നുമുതൽക്കാണെന്നതിന്‌ കൃത്യമായ കണക്കുകളില്ല. യഥാർത്ഥത്തിൽ ശീലങ്ങൾക്കപ്പുറം അവ നമ്മുടെ ജീവിതത്തോട്‌ ചേരുകയാണുണ്ടായത്‌. ആഘോഷങ്ങളേയും, വിശേഷദിവസങ്ങളേയും, വിവാഹമംഗളകർമ്മങ്ങളേയും അവിസ്മരണീയമാക്കുവാൻ കസവിൽ വിരിഞ്ഞ കൗതുകങ്ങൾ എക്കാലവും കേരളത്തിന്റെ ഹൃദയത്തുടിപ്പായി ഒപ്പമുണ്ടായിരുന്നു. നന്മയുടെ നാട്ടുമണം പേറുന്ന ഗ്രാമങ്ങളിൽനിന്നും നിശബ്ദമായി വിടർന്ന ഈ സർഗ്ഗചാരുതകൾ വിദേശമാർക്കറ്റുകളേയും വിസ്മയഭരിതമാക്കി.

പരമ്പരാഗതമായ ഉപജീവനമാർഗ്ഗം മാത്രമായിരുന്നില്ല കൈത്തറി. കച്ചവടം എന്നതിലുപരി അവ ഭാവനയുടേയും, ആശയസാക്ഷാത്ക്കാരത്തിന്റേയും, കരവിരുതിന്റേയും പൊന്നിൽച്ചാലിച്ച സുവർണ്ണമുദ്രകൾ കൂടിയായിരുന്നു. നെയ്ത്തുകാരനും പട്ടുസാരിയുമൊക്കെ നിശബ്ദസാന്നിധ്യം പകർന്ന് തേഞ്ഞുപോയ പുരാവൃത്തമായി ചരിത്രത്തിലലിഞ്ഞുചേർന്നിട്ടുണ്ട്‌ ഓരോ കാലങ്ങളിലും. പഴങ്കഥകളിലും, പുരാണങ്ങളിലും, പറഞ്ഞുതീരാത്ത ഇതിഹാസങ്ങളിലും, വീരഗാഥകളിലും ആരുമറിയാതെ പോയ, ആരുമോർക്കാതെ പോയ നെയ്ത്തുകാരുടെ കഥകളും, അവരുടെ വിരൽതൊട്ടുണർത്തിയ കനകവിസ്മയങ്ങളും ഉറങ്ങിക്കിടക്കുന്നുണ്ട്‌ ഒരിക്കലും ഇഴപൊട്ടാതെ. കൈത്തറി ചരിത്രമാകുന്നത്‌, അവ എക്കാലവും നമ്മുടെ സംസ്കാരത്തോട്‌ ചേർന്നുകിടന്നിരുന്നു എന്ന്‌ തിരിച്ചറിയുമ്പോൾ മാത്രമാണ്‌.

കൈത്തറിയുടെ ചരിത്രത്തിൽ എന്നും നിറഞ്ഞുനിൽക്കുന്ന പേരുകളാണ്‌ ബാലരാമപുരവും, കണ്ണൂരും, ചേന്ദമംഗലവും, വടകരയും, മണിയൂരും, തിക്കോടിയും, കീഴരിയൂരുമൊക്കെ.. രണ്ട്‌ നൂറ്റാണ്ടിലേറെ ചരിത്ര പാരമ്പര്യമുണ്ട്‌ ബാലരാമപുരം കൈത്തറിക്ക്‌. തിരുവിതാംകൂർ മഹാരാജാവായിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ്‌ അനന്തപുരി കൈത്തറിയുടെ സ്വന്തം നാടായി മാറിയത്‌. ബാലരാമവർമ്മയുടെ ദളവയായിരുന്ന ഉമ്മിണിത്തമ്പി അക്കിക്കാടെന്നറിയപ്പെട്ടിരുന്ന വനപ്രദേശം വെട്ടിത്തെളിച്ച്‌ അവിടെ തമിഴ്‌നാട്ടിൽനിന്ന് നെയ്ത്തുകാരെ കൊണ്ടുവന്നു താമസിപ്പിച്ചു. വൈകാതെ ഈ സ്ഥലം നെയ്ത്തുകാരുടെ കേന്ദ്രമായി വളർന്നു. മഹാരാജാവിന്റെ ഓർമ്മ നിലനിർത്തുന്നതിനായി ഇവിടം ബാലരാമപുരമെന്ന് നാമകരണം ചെയ്യപ്പെട്ടു. ഇവിടത്തെ ഓരോ തെരുവിനും പറയാനുണ്ട്‌ കസവിന്റെ പത്തരമാറ്റ്‌ തിളക്കമുള്ള കഥകൾ. സാലിയ (ചാലിയ) തെരുവിലെ കുടിയേറി പാർക്കപ്പെട്ട നൂറുകണക്കിന്‌ തമിഴ്‌ ബ്രാഹ്മണർക്ക്‌ അന്നും, ഇന്നും അന്നം കൈത്തറി തന്നെ.


ശ്രീ. ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഭരണകാലത്തും ബാലരാമപുരം കൈത്തറി ഫലപ്രദമായ മുന്നേറ്റം നേടിയിരുന്നു. ഒരു പ്രത്യേക ഭൂപ്രദേശത്ത്‌ തയ്യാറാക്കപ്പെടുന്ന അദ്വിതീയവും, സവിശേഷവുമായ ഉൽപ്പന്നങ്ങൾക്കാണ്‌ ജി. ഐ മുദ്ര ലഭിക്കുന്നത്‌. പേരുകേട്ട ബാലരാമപുരം സാരിക്ക്‌ ബൗദ്ധികസ്വത്തവകാശം ലഭിക്കുകയുണ്ടായതും, ഈ നേട്ടം വാർത്തകളിൽ ഇടം പിടിക്കാതെ പോയതും ഖേദകരമെന്നേ പറയേണ്ടൂ.. ഭൂമിശാസ്ത്ര ലക്ഷണ നിയമപ്രകാരം ബൗദ്ധികസ്വത്തവകാശം ലഭിക്കുന്ന കേരളത്തിലെ ആദ്യ കൈത്തറി ഉൽപ്പന്നമാണ്‌ ബാലരാമപുരം സാരി. പേറ്റന്റും പകർപ്പവകാശവും വ്യക്തികൾക്കാണ്‌ ലഭിക്കുന്നതെങ്കിൽ ഒരു സമൂഹത്തിന്റെ ബൗദ്ധികസ്വത്ത്‌ സംരക്ഷിക്കുന്നതാണ്‌ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ എന്ന ജി. ഐ മുദ്ര. ബ്രാൻഡഡ്‌ വസ്ത്രങ്ങളുടെ കുത്തൊഴുക്കിലും കുത്താമ്പുള്ളിയും, ബാലുശ്ശേരിയും, ചെറുവണ്ണൂരും, പയ്യോർമലയും പോലുള്ള കസവുപൂക്കുന്ന ഗ്രാമങ്ങൾ പെരുമ ചോരാതെ കൈത്തറിയുടെ താളം നിലയ്ക്കാതിരിക്കാൻ ഇന്നും ഏറെ പണിപ്പെടുന്നുണ്ട്‌.

ബാലരാമപുരത്തെ ഭൂരിഭാഗം വീടുകളും ഒരുകാലത്ത്‌ കൈത്തറികളാൽ സമ്പന്നമായിരുന്നു. തായ്‌വഴിയായി കിട്ടിയ ഈ കുലത്തൊഴിൽ ഇന്നും നിലനിർത്തിപ്പോരുന്ന വളരെക്കുറച്ച്‌ കൈത്തറിശാലകളിൽ നിന്നാണ്‌ കറാൽക്കടയിലൂടെയും, കസവുകടയിലൂടെയും, ഹാന്റെക്സിലൂടെയും, ഹാന്റ്‌വീവിലൂടെയുമൊക്കെ നമ്മളിലേയ്ക്കെത്തിച്ചേരുന്ന കൈത്തറിയുടെ ശേഷിക്കുന്ന അടയാളങ്ങൾ നിലനിൽക്കുന്നത്‌. പരമ്പരാഗതമായി കൈമാറപ്പെട്ട ഈ തൊഴിൽ 1970 കളിലും 80 കളിലും സജീവമായിരുന്നെങ്കിലും കച്ചവട സാധ്യതകളുടെ നിറം മങ്ങലിലും, യന്ത്രത്തറികളുടെ കടന്നുവരവിലുമൊക്കെ അരക്ഷിതാവസ്ഥയിലായി. തലമുറകളായി കിട്ടിയ കരവിരുത്‌ സ്വന്തം മക്കളെപ്പോലും പഠിപ്പിക്കുവാനുള്ള ധൈര്യവും, വിശ്വാസവും കഴിഞ്ഞ തലമുറയിൽപ്പെട്ടവർക്കുണ്ടായില്ല. ആശങ്കകളും, ദാരിദ്ര്യവും സദാ സമ്മാനിച്ച കൈത്തറി അവർക്ക്‌ കയ്പ്പേറിയ കൈത്തിരി മാത്രമായിരുന്നു. പിന്നീടുള്ള നാളുകളിൽ സഹകരണ സംഘങ്ങളും, ഇടനിലക്കാരും, വ്യാപാരികളും തടിച്ചുകൊഴുത്തെങ്കിലും നെയ്ത്തുകാരന്റെ വീട്ടിൽ കരിന്തിരി മാത്രമായി. പരമ്പരാഗതമായ സ്വയം തൊഴിലാണ്‌ കൈത്തറി. ഓരോ വീടുകളിലും ചെറുതും വലുതുമായി നിറഞ്ഞുനിന്നിരുന്ന പടിപ്പുരകൾ ഏറെ വൈകാതെ തൊഴുത്തും, വിറകുപുരയുമൊക്കെയായി രൂപം മാറി. കാലാകാലങ്ങളിൽ മാറിമാറി വന്ന സർക്കാരിന്റെ വാഗ്ദാനങ്ങളിൽ നെയ്ത്തുകാരന്റെ അത്താഴസ്വപ്നം ആവിയായിപ്പോയതല്ലാതെ ഒന്നും സംഭവിച്ചില്ല. ക്ഷേമനിധികളും, പെൻഷൻ പദ്ധതികളും അത്യാവശ്യഘട്ടത്തിന്‌ ഒരു നെയ്ത്തുകാരനേയും തുണച്ചതുമില്ല. പ്രാരാബ്ദങ്ങളും, പ്രശ്നങ്ങളും നിറഞ്ഞ സംഘർഷജീവിതവുമായി അവരെന്നും ഇവിടെ മല്ലിട്ടുകൊണ്ടേയിരുന്നു; നഗരത്തേയും, നമ്മുടെ പൈതൃകത്തേയും കസവുടുപ്പിക്കുവാൻ. പ്രഗൽഭരായ പല തൊഴിലാളികളും നിവൃത്തിയില്ലാതെ മറ്റ്‌ പലതൊഴിലുകളിലേയ്ക്കും തിരിഞ്ഞു. നെയ്ത്തല്ലാതെ മറ്റ് തൊഴിലറിയാത്തവർ അന്നും ഇന്നും ഈ പണി തുടരുന്നതുകൊണ്ട്‌ ഭാഗ്യവശാൽ കൈത്തറി അന്യം നിന്നുപോയില്ല. അവരുടെ മംഗളകർമ്മങ്ങളെ വിലയേറിയ കസവൊളികൾ ദീപ്തമാക്കിയില്ല. അവരുടെ പെണ്മക്കൾ കസവിന്റെ പട്ടുസാരിയുടുക്കാതെ വിലകുറഞ്ഞ യന്ത്രപ്പുടവയിൽ ആഗ്രഹമുള്ളിലൊതുക്കി.

ജീവിതത്തിലെ സുവർണ്ണ മുഹൂർത്തങ്ങളെ പ്രശോഭിപ്പിക്കുവാൻ കഴിയാതെ അവർ മറ്റുള്ളവരുടെ ജീവിതത്തിൽ കസവുകൊണ്ട്‌ മുന്താണികളും, കുഞ്ചലങ്ങളും മെടഞ്ഞു. നിറം മങ്ങിയ ജീവിതം പോലെ വിലകുറഞ്ഞ ഉടയാടകളിൽ സംതൃപ്തരായി ജീവിതം പിന്നെയും, പിന്നെയും ഇഴപൊട്ടാതെ മെനഞ്ഞുകൊണ്ടേയിരുന്നു.

സഹകരണ സംഘങ്ങളും, വിൽപ്പനകേന്ദ്രങ്ങളും വിരലിലെണ്ണാവുന്നതായി ചുരുങ്ങുകയും, വിൽപ്പനയുടെ ഗണ്യമായ കുറവും, കസവിന്റേയും, പാവിന്റേയും, നൂലിന്റേയും മറ്റ്‌ അസംസ്കൃത വസ്തുക്കളുടേയും വിലവർദ്ധനയും നെയ്ത്തുകാരനേയും, കുടുംബത്തേയും എന്നും തീരാവറുതികളിലേയ്ക്ക്‌ തള്ളിവിട്ടതേയുള്ളൂ. നെയ്ത്ത്‌ ഒരു കലയാണ്‌, കാലത്തിന്റെ സാക്ഷ്യപ്പെടുത്തലും. നീതികരിക്കപ്പെടാനാവാത്ത തിരസ്കാരങ്ങളും, ചൂഷണങ്ങളും, പ്രീണനങ്ങളും ഇവർക്കുമേൽ എന്തിനാണ്‌...? വിൽക്കപ്പെടാതെ പൊടിപിടിച്ച തുണിത്തരങ്ങളുടെ കൂമ്പാരം കണ്ട്‌ പകച്ച ഇവർ എന്തുറപ്പിൻമേൽ ഇനി വിരലുകൊണ്ട്‌ ജീവിതം വരയ്ക്കും...? ഒരുകാലത്ത്‌ ഉൽപ്പാദകനും, ഉപഭോക്താവിനും, വിൽപ്പനക്കാരനും ലാഭമായിരുന്ന ഒരു തൊഴിൽമേഖല അന്യം നിന്നുപോകാതെ കാത്തുസൂക്ഷിക്കേണ്ട ചുമതലയും, ബാധ്യതയും സർക്കാരിനുണ്ട്‌. വർഷാവർഷമുള്ള ദേശീയ-സംസ്ഥാന അവാർഡിൽ മാത്രമൊതുക്കാവുന്നതല്ല സർക്കാരിന്റെ ഉത്തരവാദിത്വം. ശനിയാഴ്ചതോറും മുണ്ടുടുത്ത്‌ സർക്കാരോഫീസിനേയും, നെയ്ത്തുകാരേയും പുളകം കൊള്ളിച്ച ഉത്തരവുകളിന്നെവിടെയാണ്‌...?

നെയ്ത്തുകാരന്റെ തേഞ്ഞുതീരുന്ന കാലടികളും, സൂക്ഷ്മതയും, മങ്ങലേൽക്കുന്ന കാഴ്ചയും, കരവിരുതും നമ്മുടെ സംസ്കൃതിയ്ക്ക്‌ നിറം ചാർത്താൻ ഇനിയും വേണം. പക്ഷെ അർഹിക്കുന്ന ആനുകൂല്യങ്ങളോ, വിലയോ, സുരക്ഷിതത്വമോ ഒന്നും നെയ്ത്തുകാരൻ ഒരിക്കലും പ്രതീക്ഷിക്കരുതെന്നു മാത്രം.. ഇൻഡ്യയിൽ കാർഷികമേഖല കഴിഞ്ഞാൽ ഏറ്റവുമധികം പേർ ഉപജീവനമായി കണ്ടിരുന്ന തൊഴിൽമേഖലയായിരുന്നു കൈത്തറി. അശാസ്ത്രീയവും, ദീർഘവീക്ഷണവുമില്ലാത്ത സർക്കാരിന്റെ പദ്ധതികൾ കൈത്തറിയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. ആഭ്യന്തരവിപണിക്കൊപ്പം, വിദേശകമ്പോളത്തേയും ആശ്രയിക്കുന്നുണ്ടെങ്കിലും അടിക്കടിയുണ്ടാകുന്ന സാമ്പത്തികമാന്ദ്യവും, പ്രതിസന്ധികളും എന്നും പ്രതിബന്ധമായി നിലകൊണ്ടു. രാജ്യത്തിന്റെ സമ്പദ്‌ഘടനയും, ഇൻഡ്യയുടെ പൈതൃകവും, സംസ്കാരവും സംരക്ഷിക്കുന്നതിൽ നിർണ്ണായകമായ പങ്ക്‌ വഹിക്കുന്ന കൈത്തറിയുടെ ഇരുണ്ടഭാവിക്കുമേൽ എന്നാണിനി സർക്കാരിന്റെ കണ്ണുതുറക്കുക...?  നൂലിഴയിൽ ജീവിതം നെയ്തെടുക്കാൻ ബദ്ധപ്പെടുന്നവരുടെ കണ്ണീർ അവഗണിച്ചുകൊണ്ട്‌ കേരളം വളരുകയാണ്‌.. ഭാഷയും, ദേശവും മറികടന്ന് കലയുടെ വിളനിലമായി പാശ്ചാത്യരെ വിസ്മയിപ്പിച്ചുകൊണ്ട്‌ ദൈവത്തിന്റെ ഈ സ്വന്തം നാട്‌ വളർന്നുകൊണ്ടേയിരിക്കുന്നു...!
(ചിത്രങ്ങൾ: ഗൂഗിൾ)

Friday, October 09, 2009

ഉത്തരാധുനിക കവികളോട്‌...

കാലത്തിനനുസരിച്ച്‌ കവിതയിലും, സാഹിത്യത്തിലും, സമൂലമായ മാറ്റങ്ങളുണ്ടാകും. സിനിമയിലും,സംഗീതത്തിലും, ചിത്രകലയിലും, സാഹിത്യത്തിലും എന്തിന്‌ നമ്മുടെ ജീവിതരീതികളിലും, ചിന്തകളിലുമെല്ലാം തന്നെ ഇത്തരം ഉത്തരാധുനിക മാറ്റങ്ങൾ ഉണ്ടാകുന്നത്‌ സ്വാഭാവികമാണുതാനും. മലയാളകവിതയിലാണ്‌ ഉത്തരാധുനികതയുടെ പരീക്ഷണത്തിന്റെ ലേബൽ ഏറ്റവും കൂടുതൽ പതിഞ്ഞിരിക്കുന്നതെന്ന്‌ തോന്നുന്നു. ഉദാത്തമായ കാവ്യസൃഷ്ടികൾ പരിചയിച്ചുപോന്ന നമ്മളിൽ ചിലരെങ്കിലും പുതുതലമുറയുടെ കവിതാവഴികളിൽ, കാവ്യസങ്കൽപ്പങ്ങളിൽ വികൃതമായൊരു ഭാവം ദർശിക്കുമ്പോൾ രോഷം കൊണ്ടിട്ടുണ്ടാവാം. മാറ്റം കവിതയ്ക്കുമാത്രമല്ല, കവിയ്ക്കുകൂടിയായതിനാൽ ആശങ്കൾക്കിടയിൽക്കുടുങ്ങിയിരിക്കുന്നു ഇന്ന്‌ മലയാള കവിത. നമുക്കു മുൻപേ പോയ പണ്ഡിത ശ്രേഷ്ഠന്മാർ എഴുതിവച്ചത്‌ വെറും വാക്കുകളല്ല, ഒരു സംസ്കാരം കൂടിയായിരുന്നു. അന്ന്‌ വിരലിലെണ്ണാവുന്ന കവി സാർവഭൗമന്മാരേ നമുക്കുണ്ടായിരുന്നുള്ളൂ.. അതുകൊണ്ടുതന്നെ അവർ തന്ന കാവ്യസമ്പത്തുകൾ മാത്രമേ നമുക്കന്യം നിന്നു പോകാതെ കവിതയായി ഇന്നും ബാക്കിയുള്ളു. സാഹിത്യചരിത്രത്തിന്റെ ആ മായാത്ത ഏടുകൾക്കുമീതെ എന്തുകൊണ്ട്‌ ഉത്തരാധുനികതയിലെ കവിതകളൊന്നും തന്നെ പ്രതിഷ്ഠിക്കപ്പെടുന്നില്ല..? ഉത്തരം സിമ്പിൾ അവ യഥാർത്ഥത്തിൽ കവിതകളായിരുന്നില്ല എന്നതുതന്നെ. ഒന്നിന്റേയും അനുകരണമല്ല കാവ്യാവബോധം. ഒരാളെഴുതിവച്ചതിനെ അന്ധമായി അനുകരിക്കലുമല്ല. ഇന്നത്തെ ചില കവിതകളിൽ ചിന്തയുണ്ട്‌, അതിശയിപ്പിക്കുന്ന ഭാവനയുമുണ്ട്‌; പക്ഷെ വളരെക്കുറച്ചുപേർക്കേ അതുള്ളുതാനും. ബാക്കിയുള്ള ഭൂരിഭാഗം പേരും കവിതയെന്തെന്നറിയാതെ ഗദ്യത്തിന്റെ ഒടിച്ചുമടക്കിയ വരൾച്ചയിൽ മുങ്ങിത്താണു പോയവരാണ്‌. പുതുകവികൾ മാതൃകകളാക്കുന്നതും കവിതയെന്ന ലേബൽ സ്വയം പതിച്ചുവച്ച ഇത്തരക്കാരുടെ ശുദ്ധ വിവരക്കേടുകളേയും. അപ്പൊ പുതുതലമുറയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം..? ഇന്ന്‌ 100 പേരിൽ 98 പേരും കവികളെന്ന്‌ സ്വയം വിശേഷിപ്പിച്ച്‌ അവരോധിക്കപ്പെട്ടവരാണ്‌. ചവറുകൾ പടച്ചിറക്കി മലയാള സാഹിത്യത്തിന്റെ അന്തസത്ത കളഞ്ഞുകുളിച്ച ഇവർക്കൊക്കെ ആര്‌ മാപ്പ്‌ കൊടുക്കും..? ഒരു പരിധി വരെ ബ്ലോഗുകൾ ഇതിനുത്തരവാദികളാണെന്നു നിസംശയം പറയാം. 4 കവിത പോസ്റ്റിക്കഴിഞ്ഞാൽ അഞ്ചാമത്തെ കവിത മുതൽ അവൻ മഹാകവിയായി (?) സ്വയം അവരോധിക്കുന്നു. തർക്കങ്ങളും, വിവാദങ്ങളുമുണ്ടാക്കി ലേബൽ ഒന്നുകൂടി ഉറപ്പിക്കുന്നു. മലയാളത്തെ ഏറെ ഇഷ്ടപ്പെടുന്ന, നല്ല കവിതകളെ സ്നേഹിക്കുന്ന ഒരുവന്റെ ആകുലതകളാണിതൊക്കെ.. ഞാൻ നല്ലൊരു കവിയേയല്ല, അതിനുള്ള പ്രതിഭയുമെനിക്കില്ല. പക്ഷെ നല്ലൊരു വായനക്കാരനായതുകൊണ്ട്‌ ഇതുപറയാൻ ബാദ്ധ്യസ്ഥനുമാണ്‌. കവിതയെന്ന പേരിലെഴുതുന്ന മാങ്ങാത്തൊലികളെ അറിവുള്ളവർ നിരുത്സാഹപ്പെടുത്തുക തന്നെ വേണം. അത്‌ ബ്ലോഗിലായാലും, മറ്റെവിടെയായാലും.. പ്രോൽസാഹനം കൂടുമ്പോൾ ഉള്ള പ്രതിഭകൂടിയ നശിക്കുന്ന അവസ്ഥയാണിന്ന്‌. നിങ്ങളെന്തു ചവറെഴുതിയാലും ഒരിക്കലും അതെന്നെ ബാധിക്കുന്നില്ല. എഴുതുകയും എഴുതാതിരിക്കുന്നതും നിങ്ങളുടെ ഇഷ്ടം. അറിവുള്ളവരും, മുതിർന്നവരും പുതുതലമുറയുടെ കവിതകൾ നിരീക്ഷിക്കുകയും അവരെ നേരെ നടത്തുകയും വേണമെന്നാണ്‌ എന്റെ പക്ഷം. ബ്ലോഗ്‌ എന്ന മാധ്യമം വളരെ ശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലം നല്ല കവിതകളുടെ തിരിച്ചുവരവിന്‌ പ്രേരകമാകണം. ഓരോ മലയാളി ബ്ലോഗറും, കവികളും ഇതിനുവേണ്ടി ആത്മാർത്ഥമായി ശ്രമിക്കുകതന്നെ വേണം. ഒരിക്കലും ബ്ലോഗ്‌ കവികളേയും കവിതകളേയും സമൂഹം അംഗീകരിക്കാതെ പോകരുത്‌. അന്തസ്സുള്ള, കാവ്യഗുണങ്ങളുള്ള എഴുത്തിന്റെ വഴി കാണാതെ പോകരുത്‌. മഹത്തായ കാവ്യ സൃഷ്ടികൾ വായിക്കുമ്പോഴെ നാമെഴുതിക്കൂട്ടിയതൊക്കെ ചവറുകളായിരുന്നൂവെന്ന്‌ ബോധ്യപ്പെടുകയുള്ളു. ആന്തരിക സംഗീതവും, താളവും കവിതയ്ക്കുണ്ടാകണം. തന്റെ ഏകാന്തതയിലിരുന്ന്‌ ഒരാളൊരു കവിതയെന്ന പേരിലുള്ള സൃഷ്ടി വായിക്കപ്പെടുമ്പോൾ അത്‌ കഥയോ, കവിതയോ എന്ന്‌ വായനക്കാരന്‌ ശങ്ക തോന്നരുത്‌. കഥയും കവിതയും രണ്ടാണ്‌. ബ്ലോഗുകളിലെ മിക്ക കവിതകളേയും കഥ എന്ന ലേബലിൽ ആണ്‌ വായിക്കപ്പെടേണ്ടതെന്ന ഒരു സാഹിത്യതൽപ്പരന്റെ മറുപടിയിൽ എനിക്കതിശയം തോന്നിയതേയില്ല. കഥയേയും കവിതയേയും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ഇന്ന്‌ നാം മലയാള കവിതയെക്കൊണ്ടെത്തിച്ചിരിക്കുന്നു. ഉത്തരാധുനിക കവികൾ വൃത്ത നിബദ്ധമായ ഒരു കവിതയെങ്കിലുമെഴുതിക്കാണിക്കാൻ ഞാൻ വെല്ലുവിളിക്കുന്നില്ല. പക്ഷെ കൃത്യമായ താളത്തിലെങ്കിലും ഇടയ്ക്കൊക്കെ ഒരെണ്ണം എഴുതി നോക്കണം..അതൊന്നു ഈണത്തിൽ ചൊല്ലി നോക്കണം..അതെ നാം പുച്ഛിക്കുന്ന ആ പഴയ കവിതയെഴുത്ത്‌ അത്ര എളുപ്പമല്ലെന്ന്‌ ബോധ്യമാകും. രണ്ടുരീതിയിലുള്ള എഴുത്തും ആദ്യം വശമാക്കൂ, എന്നിട്ട്‌ കവിതയെക്കുറിച്ച്‌ ഘോര ഘോരം പറയൂ...കമന്റുകളുടെ എണ്ണമല്ല നല്ല കവിതകളുടെ ലക്ഷണമെന്ന്‌ ഇവറ്റകൾ ഇനിയെന്നാണ്‌ ദൈവമേ മനസ്സിലാക്കുക...!

**************************************************

ഞാൻ പറഞ്ഞതിലെ നന്മ ചിലപ്പോൾ നിങ്ങൾ കാണാതെ പോകും.. എന്നാലും എനിക്കതിൽ വിഷമമില്ല. പക്ഷാഭേദങ്ങളും, കോക്കസ്സുകളും നിറഞ്ഞ ചെളിക്കുഴികളിൽ വിഹരിക്കുന്ന കവികൾക്കും ശിങ്കിടി പുംഗവന്മാർക്കും പ്രതികരിക്കാം, എന്നെ തെറി വിളിക്കാം..

***************************************************

ആരേയും സ്പർശിക്കാത്ത കവിത ആർക്കുവേണം..?
 
 
പുതുകവിതയെക്കുറിച്ച്‌ മലയാളം വാരികയിൽ ശ്രീ. രാജേന്ദ്രൻ എടത്തുംകര എഴുതിയ ലേഖനം ഈ പോസ്റ്റിനോടൊപ്പം ചേർത്തുവയ്ക്കുന്നു. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഇവിടെ ഉപയോഗിക്കുന്നത്‌ ഇതിന്റെ സദുദ്ദേശ്യത്തെ മാനിച്ച്‌ അദ്ദേഹം ക്ഷമിക്കുന്നു കരുതുന്നു. ഈ വിവരം എന്റെ ശ്രദ്ധയിൽപ്പെടുത്തി ഈ ഫയൽ അയച്ചു തന്ന ശ്രീ.ജിതേന്ദ്രകുമാറിനോടുള്ള എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു. പിക്ച്ചറിൽ ക്ലിക്ക്‌ ചെയ്താൽ വലുതായി വായിക്കാം.