Wednesday, March 31, 2010

ഉദയസൂര്യന്‍ പാടുകയാണ്..

ന്റെ കുട്ടിക്കാലത്താണ് ഞാന്‍ രമണന്‍ വായിക്കുന്നത്‌.. അന്നുതൊട്ടുതുടങ്ങി ചങ്ങമ്പുഴയോടുള്ള ആരാധനയും.. അതുകൊണ്ടുതന്നെ രമണന്‍ സിനിമയും പാട്ടുകളും എനിക്കു പ്രിയകരമായിത്തീര്‍ന്നു. ഞാന്‍ ജനിക്കുന്നതിനു മുന്‍പാണ് രമണന്‍ ഇറങ്ങിയതെങ്കിലും കാനനച്ഛായയും, വെള്ളിനക്ഷത്രവുമൊക്കെ ഇന്നും എന്റെ മനസ്സില്‍ നിറഞ്ഞ്‌ നില്‍പ്പുണ്ട്‌.  മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റുകളായ ഈ ഗാനങ്ങൾ ആലപിച്ചത്‌ ഉദയഭാനു എന്ന ഗായക പ്രതിഭയാണെന്ന്‌ അക്കാലെത്തെനിക്കറിയില്ലായിരുന്നു.
വളരെക്കുറച്ചു ഗാനങ്ങളേ ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളൂവെങ്കിലും (ഏതാണ്ട്‌ അറുപതോളം സിനിമാ ഗാനങ്ങൾ) പാടിയത്‌ മിക്കതും ഹിറ്റ് ചാർട്ടിൽത്തന്നെ. ഒരുപിടി സ്മൃതിസുഗന്ധഗാനങ്ങള്‍ നമുക്കു സമ്മാനിച്ച ഉദയഭാനു സാറിനെ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും 2008-ലാണ് അടുത്തറിയാന്‍ കഴിഞ്ഞത്‌. ഏകാന്തതയില്‍ സംഗീതത്തിന്റെ അഭൌമലഹരിയുമായി ഉദയഭാനു തിരുവനന്തപുരം നഗരത്തിലുണ്ട്‌.. ശാരീരികാവശതകളെ അവഗണിച്ചും അദ്ദേഹം പാടുമ്പോള്‍ ഒരു നിമിഷം കൊണ്ടു ഞാന്‍ എന്റെ ബാല്യത്തിലേയ്ക്കു തിരിച്ചു പോകുന്ന പോലെ.. 1936-ൽ പാലക്കാടിലെ തിരൂര്‍ കുടുംബത്തിൽ എൻ.എസ്. വർമ്മയുടേയും, അമ്മു നേത്യാരമ്മയുടേയും മകനായി ഉദയഭാനു ജനിച്ചു. 

പിതാവിന്റെ ബിസിനസ്സ് സിംഗപ്പൂരിലായതുകാരണം കൊച്ചുഭാനുവിന്റെ ബാല്യകാലം അവിടെയാണാഘോഷിക്കപ്പെട്ടത്‌. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മ മരിച്ചതിനെത്തുടർന്ന്‌ സ്വന്തം നാട്ടിലേയ്ക്ക്‌ മടങ്ങിയെത്തിയശേഷമാണ് ഇദ്ദേഹത്തിലെ സംഗീതത്തോടുള്ള അതീവാഭിരുചി തീക്ഷ്ണമാകുന്നത്‌‌. കൽ‌പ്പാത്തിയിലെ ത്യാഗരാജ സംഗീത വിദ്യാലയത്തിൽ തുടങ്ങിയ സംഗീത ജീവിതം ഇപ്പോഴും, എപ്പോഴും സംഗീതത്തിനായിത്തന്നെ ഉഴിഞ്ഞുവച്ചിരിക്കുന്നു. പുല്ലാംകുഴൽ വിദ്വാൻ കൃഷ്ണയ്യർ, പാലക്കാട്‌ മണി അയ്യർ, എം.ഡി. രാമനാഥൻ തുടങ്ങിയ പ്രതിഭാധനരായ ഗുരുക്കന്മാരിലൂടെ പകർന്നുകിട്ടിയ അറിവും, അനുഭവവും ഉദയഭാനുവിന്റെ ജീവിതം പൂർണ്ണമായും സംഗീതലഹരിയാൽ നിറയ്ക്കുകയായിരുന്നു പിന്നീട്‌. 1955-ൽ കോഴിക്കോട്‌ ആകാശവാണി നിലയത്തിൽ അനൌൺസറായി ജോലിയാരംഭിച്ച്‌, ലളിത സംഗീതത്തിന്റേയും, കർണ്ണാട്ടിക്‌ സംഗീതത്തിന്റേയും മാസ്മരിക സ്വരധാരകളിൽ മുഴുകിയ സുരഭിലമായ യൌവ്വനം.. 1958-ൽ ‘നായര് പിടിച്ച പുലിവാല് ‘ എന്ന ചിത്രത്തിലൂടെയാണ് ഉദയഭാനു പിന്നണിഗായകനായി തുടക്കം കുറിയ്ക്കുന്നത്‌.  കെ.രാഘവൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ ‘എന്തിനിത്ര പഞ്ചസാര’ എന്ന സോളോയും, പി. ലീലയുമൊത്ത്‌ ‘വെളുത്ത പെണ്ണേ, വെളുത്ത പെണ്ണേ’ എന്ന ഡ്യുയറ്റുമായിരുന്നു ആദ്യഗാനങ്ങൾ. ഓരോ മലയാളിയും മൂളി നടന്നിരുന്ന ഈ ഗാനങ്ങൾ വളരെപ്പെട്ടെന്നുതന്നെ‌ അദ്ദേഹത്തെ പ്രസിദ്ധനാക്കി.. വൈകാതെ മലയാള സിനിമയും പ്രേക്ഷകരും, ശ്രോതാക്കളുമെല്ലാം ഒരു പുതിയ ശബ്ദവിസ്മയത്തെ, പാട്ടിന്റെ ഈ പാലാഴിയെ ആഘോഷിക്കപ്പെടുകയായിരുന്നു. നിണമണിഞ്ഞ കാൽ‌പ്പാടുകളിലെ ‘അനുരാഗനാടകത്തിൻ’ എന്ന ഗാനം ഇദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ എക്കാലത്തേയും മികച്ച ദു:ഖഗാനമായി മാറി. സ്ഥായിയായ വിഷാദഗാനങ്ങൾ ഇത്രമേൽ വികാരഭരിതനായിപ്പാടാൻ അക്കാലത്ത്‌ മറ്റാരുമില്ലായിരുന്നു എന്നു പറയുന്നതാണ് കൂടുതൽ ശരി. ‘സമസ്യ‘ എന്ന ചിത്രത്തിൽ ഇദ്ദേഹം മ്യൂസിക് കമ്പോസ് ചെയ്തപ്പോൾ  ‘കിളി ചിലച്ചു, കിലുകിലെ കൈവള ചിരിച്ചു’ എന്ന എവർഗ്രീൻ സുന്ദരഗാനം കൂടി മലയാള ഗാനശേഖരത്തിൽ ആരാലും മായ്ക്കപ്പെടാതെ  എഴുതിച്ചേർത്തു. ഒ.എൻ.വി എഴുതി, യേശുദാസ്‌ അതിമനോഹരമായി ആലപിച്ച ഈ ഗാനം ഇന്നും ചിലരുടെയെങ്കിൽ മനസ്സിൽ മുഴങ്ങുന്നുണ്ടാവണം. എനിക്കു വളരെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണിത്‌. 1984-ലായിരുന്നു ഓൾഡ്‌ ഈസ് ഗോൾഡ് എന്ന ഗാനമേള ട്രൂപ്പിന് ഇദ്ദേഹം തുടക്കം കുറിച്ചത്‌. സംഗീതത്തിനുവേണ്ടി ജീവിതം മാറ്റിവച്ച്‌, സംഗീതത്തിൽ മാത്രം ജീവിക്കുന്ന, ഒട്ടനവധി സംഗീത സംഭാവനകൾ മലയാളികൾക്ക്‌ സമ്മാനിച്ച ഈ ഗായകന് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നാം നല്‍കിയിട്ടുണ്ടോ എന്നു സംശയമാണ്. (2009-ൽ പത്മശ്രീ പുരസ്കാരവും, 2004, 2002 കളിൽ കേന്ദ്ര സർക്കാരിന്റേയും, കേരള സർക്കാരിന്റേയും സംഗീത നാടക അക്കാദമി അവാർഡുകളുമൊക്കെ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു, വളരെ വൈകിയാണെങ്കിലും..) പുതുതലമുറയിലെ പലര്‍ക്കും അപരിചിതനായ ഉദയഭാനു എന്ന ഗായകന്‍ തന്റെയീ ഏകാന്തതയില്‍ പാടിക്കൊണ്ടേയിരിക്കുന്നു...... വേദനയുടെ അപൂർവ്വരാഗസുധ പകർന്ന്‌, മറ്റൊരു നോവായ്‌ വെള്ളിനക്ഷത്രവും, അനുരാഗ നാടകവും എന്റെ ഹൃദയത്തിലേയ്ക്കും ഒരു മഴയായ്‌ പെയ്തിറങ്ങുന്നു...........!

പഴയൊരു കുറിപ്പ്‌.
17-06-2008
ചൊവ്വ.

14 comments:

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

ശ്രദ്ധേയന്‍ | shradheyan said...

എനിക്കേറ്റവുമിഷ്ടം വെള്ളിനക്ഷത്രം തന്നെ...

Anonymous said...

I too like the songs.let him sing and sing.....

ബാവ താനൂര്‍ said...

നല്ല ഒരോര്‍ മ്മക്കുറിപ്പ്..
ഇനി സുനിലിനു ബ്രഹ്മാനന്ദന്‍ എന്ന ഗായകനെ കുറിച്ചു വല്ലതും എഴുതാന്‍ കഴിയുമോ... എഴുതുമെന്ന പ്രതീക്ഷയോടെ ...

സുനിൽ പണിക്കർ said...

ഉമേഷ്, ശ്രദ്ധേയാ, മൈത്രേയി, ബാവാ നന്ദി വായിച്ചതിന്.
ബാവാ.., മലയാള സിനിമാ ചരിത്രത്തിന്റെ ഏടുകളിൽ ഒരിക്കൽ തങ്ക ലിപികളിലെഴുതി, പിന്നെ കാലവും നമ്മളുമൊക്കെ മറന്ന ബ്രഹ്മാനന്ദൻ എന്ന അതുല്യഗായകനെക്കുറിച്ച്‌ ഒരു പോസ്റ്റ് ഉടൻ ഇടുന്നുണ്ട്.

ബാവ താനൂര്‍ said...

നന്ദി സുനില്‍ ..
താരക രൂപിണീ നീയെന്നുമെന്നുടെ...
എന്ന അനശ്വരഗാനം ആലപിച്ച ആ മഹാഗായകനെകുറിച്ചുള്ള
ഓര്‍ മ്മക്കുറിപ്പിനായി കാത്തിരിക്കുന്നു...

സുനിൽ പണിക്കർ said...

തീർച്ചയായും ബാവാ...

jayanEvoor said...

ഞാൻ ഏറ്റവും കൂടുതൽ തവണ നേരിട്ട്, തൊട്ടടുത്തു നിന്നു കണ്ടിട്ടുള്ള ഗായകനാണ് ശ്രീ.ഉദയഭാനു.

തിരുവനന്തപുരം നഗരത്തിലൂടെയുള്ള യാത്രകളിൽ മിക്കപ്പോഴും അദ്ദേഹത്തെ കാ‍ണാം.

എളിമയുള്ള വലിയ മനുഷ്യൻ!

എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!

ഭായി said...

Innum ente gaana shekarathil
vythyasthanaaya ee gaayakan aalapicha gaanangal njaan sookshichittund.

Adhehathe kurichulla ee post nannaayi.

hAnLLaLaTh said...

പണിക്കര്‍ സ്പീക്കിങ്ങില്‍ പലതുമെന്നെ വല്ലാതെ അസൂയപ്പെടുത്തുന്നതാണ്.

ഓരൊ പോസ്റ്റും നഷ്ടബോധം തരുന്നതിനാല്‍ ഒരിക്കലും ഇവിടെ കമന്റാതിരിക്കാന്‍ ശ്രമിക്കുന്നു

:)

രാജേഷ്‌ ശിവ*Rajesh Shiva said...

ഉദയഭാനു സാറിനെ കണ്ടിട്ടില്ലാത്തവര്‍ തിരുവനന്തപുരം നഗരത്തില്‍ കാണില്ല . ആ മഹാഗായകനെയും സംഗീതവഴികളെയും ഓര്‍മ്മിപ്പിച്ചതിനു നന്ദി..ഹല്ലു പറഞ്ഞപോലെ പണിയ്ക്കര്‍ജിയുടെ ബ്ലോഗ്‌ ഒരു അക്ഷയപാത്രം തന്നെ . ഉദയഭാനു സാറിന്റെയും പണിയ്ക്കര്‍ജിയുടെയും എന്റെയും തിരുവനന്തപുരം നഗരത്തില്‍ നിന്നും ക്യാമറാമാന്‍ സെല്‍വനോടൊപ്പം രാജേഷ്‌ ശിവ...

കണ്ണനുണ്ണി said...

പണിക്കരെ,
ഒരിക്കല്‍ ഭാനു മാഷിനെ നേരില്‍ കണ്ടിട്ടുണ്ട്..സംസാരവും ഒക്കെ കേട്ടിടുണ്ട്.
അധികം ഒന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ലെങ്കിലും ആദരവ് തോനുന്ന വ്യക്തിത്വം.

Vinodkumar Thallasseri said...

യേശുദാസ്‌ എന്ന മഹാമേരു തണ്റ്റെ ലളിത സുഭഗ ശബ്ദത്തില്‍ പാടുമ്പോള്‍ മറ്റു പാട്ടുകാരെന്തിന്‌ എന്നത്‌ ശരാശരി മലയാളിയുടെ ഉള്ളില്‍ എന്നും ഉയരുന്ന ചോദ്യമാണ്‌. അതും ഒട്ടും മിനുസമില്ലാതതും ഒട്ടൊരു അസംസ്കൃതമായ ശബ്ദത്തിനുടമകളായ ഉദയഭാനു, മെഹ്ബൂബ്‌ തുടങ്ങിയ ഗായകരെപ്പോലുള്ളവര്‍.

അമ്പതുകളിലും അറുപതുകളിലും സിനിമയിലുണ്ടായിരുന്ന സംഗീതസംവിധായകര്‍ ഗാനത്തിണ്റ്റെ മൂഡും സ്വഭാവവും നോക്കി അതിന്‌ പറ്റിയ ഗായകരെ ഉപയോഗിച്ചിരുന്നു. എഴുപതുകളോടെ ഇത്‌ ഏതാണ്ട്‌ അവസാനിച്ചു.

ഏതു പാട്ടും യേശുദാസ്‌ തന്നെ പാടണം എന്നതൊരു പ്രമാണമായി സിനിമാലോകം അംഗീകരിച്ചു. പാട്ടിണ്റ്റെ സ്രഷ്ടാക്കള്‍ ആഗ്രഹിച്ചാലും അത്‌ സിനിമാവ്യവസായം അതംഗീകരിച്ചു കൊടുത്തില്ല. ഒരിക്കല്‍ ജോണ്‍സണ്‍ മാഷുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അദ്ദേഹവും ഇത്‌ ശരിവെച്ചു.

ഇതിണ്റ്റെ ഫലമാണ്‌ ഉദയഭാനുവിനെപ്പോലെയുള്ള വ്യത്യസ്ഥതയുള്ള പാട്ടുകാരെ നമുക്ക്‌ നഷ്ടപ്പെട്ടത്‌. അവരിലൂടെ കേള്‍ക്കാന്‍ കഴിയുമായിരുന്ന വേറിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടാകുമായിരുന്ന ഗാനങ്ങളും.

ഇങ്ങനെ ഒരോര്‍മ്മ കുറിപ്പ്‌ എഴുതാന്‍ തോന്നിയതില്‍ എണ്റ്റെ എല്ല അഭിനന്ദനങ്ങളും. ഈ വേറിട്ട്‌ നടപ്പ്‌ തുടരുക.

സുനിൽ പണിക്കർ said...

ഏവൂർജി: എളിമയുള്ളവർ എത്ര ഭാഗ്യവാന്മാർ..
ഭായി: നന്ദി
ഹല്ലു: നഷ്ടബോധം നിന്റെ കൂടെയാണെന്നറിയുമ്പോൾ, കൂട്ടിനൊരാളെക്കൂടി കിട്ടിയ സന്തോഷം..
രാജേഷ്‌ ശിവ:നന്ദി, ഇനിയും കുറെ പ്രതിഭകളെക്കുറിച്ച്‌, എന്റെ അനുഭവങ്ങളെക്കുറിച്ച്‌ ഇവിടെ എഴുതണമെന്നുണ്ട്‌.
കണ്ണനുണ്ണി: അദ്ദേഹം എന്റെ മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു, കണ്ട നിമിഷങ്ങളും..
വിനോദ്ജി: ഈ കുറിപ്പിന്‌ ആദ്യം വലിയൊരു സന്തോഷവും, നന്ദിയും അറിയിക്കുന്നു. താങ്കൾ പറഞ്ഞത്‌ വളരെ ശരി. യേശുദാസ്‌ എന്ന മഹാമേരു ഉള്ളപ്പോൾ സുഭഗ ഗായകരല്ലാത്ത മറ്റ്‌ പാട്ടുകാരെന്തിനെന്ന്‌ അക്കാലത്ത്‌ സിനിമാലോകം ചിന്തിച്ചിരുന്നിരിക്കണം. മെഹബൂബും, ഉദയഭാനുവും, കമുകറയും, ബ്രഹ്മാനന്ദനുമൊക്കെ വളരെപ്പെട്ടെന്ന്‌ വിസ്മൃതിയിലായതും അതുകൊണ്ടുതന്നെയാവണം.