Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, August 31, 2011

ഓണപ്പാട്ട്




















പതിയെ വിടർന്നാൽ മതി പകലേ..,
സ്വപ്നച്ചിറകടരാതെ മയങ്ങുമ്പോൾ...
അരിയ കിനാവിൻ സ്മൃതികളിലോണ-
ക്കുളിരിൽ മെല്ലെയുറങ്ങുമ്പോൾ...,
തിരികെ വരാനെന്നും എന്തു കൊതി
എനിക്കിന്നും ചിങ്ങപ്പൂവിറുക്കാൻ.....
എന്നും....  ചിങ്ങ.... പൂവിറുക്കാൻ.....
                                          (പതിയെ)

പൊന്നാര്യൻ പാടം വീണ്ടും
പുന്നെല്ലിൻ പുതുമണമേകി
പ്രിയമോടെ വിളിക്കുന്നെന്നെ
പൗർണ്ണമി രാവിൽ.......
തിരുവോണച്ചമയത്തിൽ
ഹൃദയത്തിൻ മണിമുറ്റം
പൂത്തുലയും പൂവിളിയിൽ പൂവനമായ്.....
                                        (പതിയെ)

തളിരോലച്ചില്ലകൾ മെല്ലെ
മഴിവില്ലുതൊടുന്നതുപോലെ
ഊഞ്ഞാലിൽ ഞാനാകാശം
ഉമ്മ വയ്ക്കും........
പൊന്നോണപ്പുലരികളിൽ
ഒരു തുമ്പപ്പൂവായ് ഞാൻ
വിരിയുന്നു പഴയൊരുനാടന്നിടവഴിയിൽ.....
                                        (പതിയെ)

Thursday, August 18, 2011

ചിങ്ങപ്പാട്ട്






















ചിങ്ങപ്പൂ കോടിയുടുത്തൂ... തൃക്കാക്കരയപ്പനൊരുങ്ങി
മലയോളം മലയാളപ്പെരുമ നിറഞ്ഞൂ...
പൂവേ പൊലി പൂവേ... പൊലി പൂവേ പൊലി പൂവേ.. പൂവേ...
പൂവായ പൂവെല്ലാം പൂത്താലക്കുടമേന്തി
പൂക്കാമരക്കൊമ്പും പൂപ്പന്തലൊരുക്കി.....(2)
വന്നല്ലോ പൊന്നോണം, മലനാടിൻ തിരുവോണം
മലയാളപ്പഴമകൾ പുലരണച്ചിങ്ങത്തിരുവോണം.....(ചിങ്ങപ്പൂ)

പുഞ്ചപ്പാടത്തെച്ചെറുവണ്ണാത്തിക്കിളിയേ...
ഒരുവല്ലം പൂതരുമോ.... ഒരുവട്ടി കടം തരുമോ....(2)
അങ്ങാടീലോണത്തല്ലിന്‌ നീയും കൂടൂലേ.....
അമ്മാനപ്പന്തടി കാണാൻ നീയും പോരൂലേ....
ചെമ്മാനക്കുന്നിൻമേലേ ചിറ്റാടയുടുത്തുനമുക്കൊരു
പൂരം കാണേണ്ടേ, ഓണപ്പൂരം കാണേണ്ടേ....(ചിങ്ങപ്പൂ)

ഇല്ലിപ്പൂപ്പാടം കൊയ്യണ മിന്നാമിന്നികളേ....
ഒരുകോടിക്കസവുതരൂ, നിറനാഴിപ്പൊന്നുതരൂ....(2)
ഉത്രാളിക്കാവിലെയുത്സവമേളം കേൾക്കേണ്ടേ....
ഇല്ലക്കുളങ്ങരമുല്ല വിരിഞ്ഞതുകാണേണ്ടേ...
ആഘോഷക്കുരവയുമായിക്കരുവാറ്റച്ചുണ്ടനുപായാൻ
ആർപ്പുവിളിക്കേണ്ടേ, ച്ചെണ്ടത്താളമൊരുക്കേണ്ടേ... (ചിങ്ങപ്പൂ)

Tuesday, March 01, 2011

രാത്രിക്കുറിപ്പ്‌

“ ഉണരാതിരിക്കണമെനിക്കൊരുറക്കമുണ്ടെങ്കിൽ,
ഒരുറക്കത്തിലുമെനിക്കുണരാതിരിക്കണം..”

Monday, February 21, 2011

ഒരു ഔഷധ കവിത

പ്രഭാതത്തിൽ
മുറ്റത്തിന്റെ മുഖത്തേയ്ക്ക്
വലിച്ചെറിയപ്പെടുന്ന ഓരോ
പത്രവും ഓരോ മറുമരുന്നുകളാണ്..
സുഖശോധനയ്ക്ക്
ഏറ്റവും മികച്ച ഔഷധം
പത്രമല്ലാതെ മറ്റൊന്നുമല്ല...

യൂറോപ്യൻ ക്ലോസറ്റിൽ
കൂനിക്കൂടിയിരുന്ന്‌
മുൻപേജിലൂടെയുള്ള
ആദ്യയാത്രയിൽ തന്നെ
ശോധന ശോഭനമാകും..
അഴിമതിയും, തടവറയും,
കൺഫെഷനുകളും,
ആരോപണങ്ങളും അതിരാവിലെ
നമ്മെച്ചിരിപ്പിക്കുമ്പോൾ
ഒച്ചപ്പാടിനൊപ്പം
ക്ലോസറ്റും കുലുങ്ങിച്ചിരിക്കും..

സുഖശോധനയ്ക്ക് 100 %
ഫലപ്രാപ്തി തരുന്ന
ഒരൊറ്റ മരുന്ന്‌ കക്കൂസിനെക്കാൾ
ദുർഗന്ധപൂരിതമായ
രാഷ്ട്രീയ വാർത്തകളല്ലാതെ
മറ്റെന്താണ്...?

N.B: കണ്ണീരിൽക്കുതിർന്ന വാർത്തകൾ
വായിക്കരുത്‌. ഒക്കെ കണ്ണടച്ചേക്കുക;
സുഖകരമായ ഒരു ശോധനയ്ക്കുവേണ്ടി..!

Wednesday, December 22, 2010

വാക്കുരച്ചപ്പോൾ കിട്ടിയത്‌..

കവി വിത്സണ്...








































എനിക്കും ഒരു മരമാകണമെന്നവൻ;
പാഴ്ത്തടിയെന്ന്‌ ചിലർ...
കാതലെന്ന്‌ അടുത്തറിയുന്നവർ.......

എനിക്കറിയാം;
കവിതയിലും ജീവിതത്തിലും സദാ
പൂക്കുന്ന അകക്കാമ്പുള്ള ഒരൊറ്റ മരം..

ഏതൊഴുക്കിലും
വേരറ്റുപോകാത്ത, വേരഴുകാത്ത
ഒറ്റ മരം....

കവിതയുടെ സ്വസ്ഥതയിൽ,
സ്വച്ഛതയിൽ,
നിത്യതയിൽ
ഒരസ്വാസ്ഥ്യം പോലെ
മരുഭൂമിയിൽ ഹരിതമാകുന്നവൻ...

സങ്കടങ്ങളുടെ ഉഷ്ണക്കാറ്റിൽ
ഛന്ദസ്സുടഞ്ഞ നിന്റെ
ശബ്ദമെനിക്ക് കേൾക്കാം,
പരുക്കനെങ്കിലും, പതുക്കെയായ്....

ഓ കുഴൂർ.......................
കവിതയിലെ ഒറ്റ മരമേ......,
...............................................
മരമേ.....................................

Saturday, December 18, 2010

സമാന്തരങ്ങൾ..

പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്..

സിര തുരക്കുന്ന ലഹരിയിൽ‌പ്പരിഭവം
പതിവിനപ്പുറമകന്നിരുന്നെങ്കിലും
കരൾ പറിക്കും വിഷാദമേയരികെ നീ
വരിക നോവിന്റെ ഗസലുമൂളുവാൻ...

പുഴപതഞ്ഞെത്തും നമുക്കുള്ളിലേയ്-
ക്കെങ്കിലും ഒരുടലൊഴുക്കിലും
കുതിരില്ല സങ്കടം.....

ഇരുളുമൊത്തുന്ന രാത്രിയിൽ
സഗദ്ഗദം മദിരമോന്തുന്ന
പുഴകളാവണം സവിസ്മയം
കനലുകൊത്തുന്ന പക്ഷിപോൽ-
ക്കവിതയിൽ ചിറകടിച്ചുയരുവാൻ രണ്ടു
ചിറകുതേടണം ലഹരിയിൽ...

വഴിമറന്നുപോയെങ്കിലുമോർമ്മയിൽ-
ക്കൂട്ടിനുണ്ടൊരേ മുറിപ്പാടുപോൽ വാക്കുകൾ,
തീക്ഷ്ണമായ്‌.....

മഴയുണങ്ങുന്നു മൌനത്തിനൊപ്പമായ്‌
സിര നനഞ്ഞു, നനഞ്ഞു പോയെങ്കിലും
ഇരുളുകീറുവാൻ കഴിയണം കവിതയിൽ
വരി വിഴുങ്ങും വിഷാദമുണ്ടെങ്കിലും.....

വരിക ഗായകാ.. വാക്കിന്റെയഗ്നിയായ്
മുറിവൊരുക്കുന്ന ഗസലുമൂളുവാൻ,
വരിക ഗായകാ.. വരികളിൽ‌പ്പൂക്കും
മുറിവുണക്കുന്ന ഗസലുമൂളുവാൻ.....!

Saturday, September 25, 2010

കവിത + തീപ്പെട്ടി = അഗ്നി

കവിതകളുടെ സമൃദ്ധശേഖരത്തിനു നടുവില്‍
സ്വന്തം കവിതകളിലെ
അഗ്നി തിരയുകയായിരുന്നു അപ്പോഴയാള്‍...
ഒരു കവിതയിലും നിരൂപകന്മാര്‍ പറയാറുള്ള
ജ്വലിക്കുന്ന / ഭ്രമിപ്പിക്കുന്ന സംഗതികളൊ,
തീപ്പൊരി ചിതറുന്ന
ആശയമോ അയാള്‍ കണ്ടില്ല...
ഒടുവില്‍ എഴുതിക്കൂട്ടിയതെല്ലാം
ഒരു ചവറുകൂനപോലെ
കണ്മുന്‍പില്‍ നിന്നു കത്തിയപ്പോള്‍
അയാള്‍ ആദ്യമായി തന്റെ കവിതയിലെ അഗ്നി കണ്ടു....

വാൽ: ഒരു തീപ്പെട്ടിക്കൊള്ളിയുണ്ടെങ്കില്‍
‍ആരുടെ കവിതയും അഗ്നിപടർത്തും..!

Monday, August 30, 2010

ചിയേഴ്സ്..!!

ഓണം പോയി മറഞ്ഞൂ ലഹരിയില്‍
ഓര്‍മ്മകളായൊരു പൊന്‍ചിങ്ങം...
മലയാളക്കര കോടകലക്കി-
ക്കുടിച്ചുതീര്‍ത്തൊരു പൊന്നോണം,
കേരളമണ്ണിന്‍ പേരുജ്വലിക്കാന്‍
കോടികളാടിയ തിരുവോണം......
അടുത്തൊരാണ്ടിന്‍ച്ചിങ്ങപ്പിറ-
വിയിലുണര്‍ത്തുപാട്ടായ് നിറയേണം,
ഒരൊറ്റ മനസ്സായ് മദിരയില്‍ മുഴുകി
മദിച്ചൊരോണം വരവേല്‍ക്കാം....

Sunday, August 15, 2010

മൂന്ന് ഗദ്ഗദ കവിതകൾ..!

ഹാ‍.. ച് ച്ഛീ‍..!!!

അകലെയിരുന്നാരോ
എന്നെക്കുറിച്ച്‌ പറയുന്നുണ്ടെന്ന്‌
പറയുവാൻ
എനിക്കൊരു തുമ്മൽ വേണം......
ഒന്നുറക്കെയലറി
എന്റെ വാടകവീടിനെ
നടുക്കി എനിക്കു പറയണം;
‘എന്നെക്കുറിച്ചാരോ
ഓർക്കുന്നുണ്ടിപ്പോഴും...’
മൂക്കും മുഖവുമെരിയുമ്പോൾ
തന്നെ എന്തൊരു
പ്രതീക്ഷയാണ്.......
കണ്ണുകളിറുക്കി, നെറ്റിചുളിച്ച്‌....
ഹൊ......
ആ നിമിഷമാകും
നശിച്ച ഒരു കോട്ടുവായോ,
ചുമയോ കേറി വന്ന്‌
അലോസരപ്പെടുത്തുക...
ഒടുവിൽ,
രണ്ടും കൂടെ സമ്മിശ്രപ്പെട്ട്‌
രണ്ടുമല്ലാത്ത മറ്റെന്തോ പോലെ......
അപൂർണ്ണമായ
ഓരോ തുമ്മലിന്റേയും
അസ്വസ്ഥതകൾക്കൊടുവിൽ
ഞാൻ കൊതിക്കാറുണ്ട്,
വെറുതെ ഒന്നലറുവാൻ........!

--------------------------------------------------------

E.M.I

ഒരു വീടെന്നത്‌
ഇന്നലെവരെ
ഒരു സ്വപ്നമായിരുന്നു...
ഇന്നെനിക്ക്‌ ആ സ്വപ്നമേയില്ല.....!
ഒരിക്കലും തീരാത്ത
മാസഗഡുക്കൾക്ക്‌ മീതെ
ഞാനെന്റെ സ്വപ്നത്തെ
പണയപ്പെടുത്തുകയായിരുന്നു....
വീടായാൽ ഒരു പേരുവേണം..,
പേരായാൽ പുതുമ വേണം....
അതുകൊണ്ട്‌ എന്റെ വീടിന്
ഞാനൊരു പേരിട്ടു;
E.M.I ഭവൻ......
എല്ലാ വീടുകളേയും ഓരോ
ദൈവങ്ങൾ കാത്തുകൊള്ളുമെന്നത്‌‌
വിശ്വാസികളുടെ വിശ്വാസം...
അതുകൊണ്ട്,
അതുകൊണ്ടുമാത്രം
കട്ടിളത്തലയ്ക്കൽ
ഞാനുമൊന്നു തൂക്കി;
S.B.T ഈ വീടിന്റെ ഐശ്വര്യം..........!

--------------------------------------------------------


സങ്കടം



തുറന്നുപോയാൽ അണപൊട്ടിയൊഴുകിയേക്കാം...
പ്രളയത്തോളം വലുതായ മഹാസമുദ്രം 
ഉള്ളിലുള്ളതുകൊണ്ടാണ്‌ ഞാൻ കണ്ണുകളടച്ചിരിക്കുന്നത്‌...

Sunday, April 04, 2010

വിശുദ്ധ വരകൾ

ഒരിക്കലും കൂടിച്ചേരാത്ത നദികളുണ്ട്‌...
കടലെത്ര അടുത്തു വന്നാലും,
ഒരിക്കലും കൂട്ടിമുട്ടാതെ,
ഒഴുക്ക്‌ നിലച്ചങ്ങനെ..........................

ആൾക്കൂട്ടത്തിൽ നിന്നകന്ന
എന്റെ അടുക്കലേയ്ക്ക്‌
ആകാശത്തുനിന്നൊരു ദൈവം
കുന്നിറങ്ങി വരും....
കൃപാവരം കൊണ്ടവനൊരു
ജീവിതം എനിക്കുമുന്നിൽ
വരച്ചു കാട്ടും...
പിന്നെ,
പുഞ്ചിരിച്ചുകൊണ്ട്‌,
ഒരു കൈ വിടർത്തി
ശ്യൂന്യതയിൽ നിന്നത്‌
അഴിച്ചു മാറ്റും......

വീണ്ടും കൂടുതൽ നിറമുള്ള
മറ്റൊന്ന്‌...............
ഇന്ദ്രജാലക്കാരൻ............

ദൈവമേ, എനിക്കു ചിരി വരുന്നു..,
ഒഴുക്കു നിലച്ച നദിയാണെങ്കിലും‌
ഉള്ളിൽ ഞാനുമൊരു കടലൊളിപ്പിച്ചോട്ടെ.............

Tuesday, March 16, 2010

കാലൻ

കുട

യൗവ്വനത്തിൽ എന്നെപ്പോലെ തന്നെ
എന്തൊരു കറുകറുപ്പായിരുന്നു...,
എന്തൊരു തിളക്കമായിരുന്നു,
എന്തൊരു മിനുമിനുപ്പായിരുന്നു....

നരച്ചു തൊലിവെളുത്തിട്ടും
കാലൊന്നുകൂടി വളഞ്ഞിട്ടും
മൂലയ്ക്കിരുന്നെന്നെ ഇപ്പോഴും
നോക്കുന്നുണ്ട്‌ ദിഗംബരൻ...

പുതുക്കാതെ, മാറ്റാതെ
പരസ്പരം പിരിയാതെ
ഞങ്ങൾ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു...
എത്രവട്ടം ചേർത്തുപിടിച്ചിട്ടുണ്ട്‌
നെഞ്ചോട്‌.................
ഒലിച്ചുപോയത്‌ മഴ മാത്രമായിരുന്നു...
പ്രായമേറുന്തോറും ഞങ്ങൾ നരച്ചുകൊണ്ടേയിരിക്കും...,
ഒരിക്കൽ ദ്രവിച്ചുതീരുമെന്നറിയാതെ...................................

Saturday, March 06, 2010

സംശയം

രോ വിശുദ്ധ കുര്‍ബാനയും
ദൈവത്തിലേയ്ക്കുള്ള
ദൂരം കുറയ്ക്കുന്ന അളവുകോലാണ്..

ഓരോ ദീപാരാധനകളും
നിന്നിലേയ്ക്കു ഞാനെത്തിപ്പെടുന്നതിന്റെ
ശുഭസൂചനകളാണ്..

ഓരോ നിസ്കാരത്തഴമ്പും
നിന്നിലേയ്ക്കെളുപ്പമെത്താനുള്ള
മാര്‍ഗ്ഗങ്ങളാണ്..

ഈ മൂന്നു വഴികളും
ഞാൻ പരമാവധി പ്രയോജനപ്പെടുത്തി..
ഒടുവില്‍ എത്തിപ്പെട്ടതോ,
അപാരമായ അന്ധകാരത്തിലും!
മാര്‍ഗ്ഗത്തിലല്ല, സംശുദ്ധമായ മനസ്സിലാണ്
ദൈവം നിറയുന്നതെന്നു നീ
വെളിപ്പെടുത്തുമ്പോള്‍
‍എന്റെ സംശയം ഭേദിക്കപ്പെടുന്നു...

Sunday, February 07, 2010

അവസ്ഥാന്തരം















വലയ്ക്കിരുവശവും, അകവും പുറവുമെല്ലാം
ജലസമൃദ്ധം........!
അപ്പോൾപ്പിന്നെ അതൊരു തടവറയാകുന്നതെങ്ങനെ...?
ആദ്യമവനൊന്നു ശങ്കിച്ചുവെങ്കിലും
ചെകിളകുടഞ്ഞ്‌ ആശങ്കകൾ ചീറ്റിയെറിഞ്ഞു..
പുലർച്ചെ സ്വപ്നത്തിൽ കരയിലൊരു
കറിയടുപ്പ്‌ പുകഞ്ഞുവെന്നത്‌
വെറുമൊരു തോന്നലെന്നവൻ.................
വലയ്ക്കുള്ളിലെ കടലൊഴുക്കിൽ
തുടിച്ചുനീന്തിയും,
വലക്കണ്ണികളിൽ മുഖമുരസിയും
പുളഞ്ഞിളകുമ്പോൾ വല ദു:ഖത്തോടെ
കുരിശു വരച്ചു പിറുപിറുത്തു;
“ ഓ ദൈവമേ,
ഇവൻ മരണത്തോടടുക്കുകയാണ്,
ജീവിതത്തിൽ നിന്നകലുകയും..”
അബദ്ധസഞ്ചാരത്തിന്റെ അടിപ്പരപ്പിൽ
പല്ലിളിച്ച ജലസസ്യങ്ങൾക്ക്‌ കൊടുത്തു രണ്ട്‌ ഉമ്മ....
ശംഖിലൊളിച്ചുകളിച്ചും, സുല്ലിട്ടും
ആപത്തിന്റെ അന്ത്യവിധികളിലേയ്ക്കടുക്കുമ്പോൾ
ദയാരഹിതമായ ഒരു വാതിൽ.......
മരണത്തിന്റെ ദശാസന്ധിയിൽ
ഊണുമേശയിലൊടുവിലവന്
ആവി ഉയരുന്ന ഫിഷ്ഫ്രൈയായ്‌ മറുജന്മം......

(പഴയൊരു കവിത റീ പോസ്റ്റ്)

Saturday, December 26, 2009

കലണ്ടർ

ഉരുകിത്തീർന്നൊരു മെഴുകായ് വർഷം
ഒഴുകിയൊലിച്ചു മരിയ്ക്കുമ്പോൾ
ചുവരിൽ‌പ്പുതിയൊരു വർഷം മെല്ലെ
പ്രഭയാൽ നിന്നു ചിരിക്കുന്നു...

അവധികൾ കുറവാണെങ്കിലുമുണ്ടൊരു
പുതിയ കിനാവിൻ പൂക്കാലം,
തിരികെ വരാനായുള്ളിൽ‌പ്പേറും
മൂഡവിചാരപ്പൂക്കാലം...



Wednesday, December 09, 2009

വിഷമവൃത്തം

സ്വസ്ഥമായിരുന്നെല്ലാം.........
വരിയുടച്ച കവിതപോലെ,
വരിവരിയായുള്ള അനുഗമനങ്ങൾ.....
അധികം ബഹളങ്ങളില്ല,
എങ്കിലും,
ഇടയ്ക്ക്‌ ആളനക്കമുണ്ടെന്ന്‌
തോന്നിപ്പിക്കുമാറ്‌ ചില
നനഞ്ഞ തേങ്ങലുകൾ..
മുഷിഞ്ഞ നെടുവീർപ്പുകൾ..


സ്വസ്ഥമായിരുന്നെല്ലാം...,
ഒരു കാറ്റെന്റെ വിളക്കൂതിയണയ്ക്കുംവരെ..
വന്നവരെക്കാൾ
വരാത്തവരെക്കുറിച്ചായിരുന്നു
എന്റെ സങ്കടം...
വന്നവർക്കും
വരാത്തവരെക്കുറിച്ചാകും
സങ്കടം...
പുറത്തേയ്ക്കെടുക്കും മുൻപ്‌
ഒന്നാശ്വസിച്ചു,
ഐവർമഠത്തിലേയ്ക്കല്ല...


കരച്ചിലിന്റെ നേർത്ത
ചീവീടുകൾ ഇപ്പൊ
ചെറുതായി,
അവ്യക്തമായി കേൾക്കാം..
താളപ്പിഴകളുണ്ട്‌...
ശ്രുതിചേരാത്ത കരച്ചിലുകൾ
പണ്ടേയെനിക്കിഷ്ടമല്ല...
ഒച്ചയില്ലാത്ത
അവളുടെ കരച്ചിൽ..........,
എനിക്കത്‌ കാണുമ്പോഴേ
ചിരി വരും.....
കനപ്പിച്ചൊരു നോട്ടം
നോക്കണമെന്നുണ്ടെനിക്ക്‌....
പക്ഷെ....!

എന്റെ കണ്ണുകൾ
ഒരിക്കൽ കൂടി
എനിക്ക്‌ തുറക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ.....!

Friday, October 30, 2009

തടവറയിലെ പൂക്കൾക്ക്‌..

ഏകാന്തമായ കാരിരുമ്പഴിക്കുള്ളിൽനിന്ന്‌
സ്വാതന്ത്ര്യത്തിന്റെ പുനർജന്മം
എനിക്ക്‌ ലഭിക്കുമെങ്കിൽ, അതു തടവറയിലെ
എന്റെ പൂക്കളോടൊപ്പമായിരിക്കട്ടെ....
ഒരുനാൾ നിന്റെ നെഞ്ചിലെ പ്രണയം മണത്ത്‌
ഏതെങ്കിലുമൊരു ശലഭം വരും..
പ്രണയത്തിന്റെ സിംഫണിയിൽ
വേദനയുടെ തീക്കടൽ ‍മുഴങ്ങാതിരിക്കട്ടെ...
മണമില്ലെങ്കിലും, സ്നേഹത്തിന്റെ വിളിപ്പുറങ്ങളിൽ
നെഞ്ചോട്‌ ചേർത്തുവയ്ക്കാൻ
എനിക്കൊരു പൂ മതി....
പാറാവുകാരുടെ കനത്ത ബൂട്ടുകൾക്കിടയിൽ
ചവിട്ടിയരക്കപ്പെട്ട സ്വാതന്ത്ര്യം മറികടന്ന്‌
എനിക്കെന്നാണ്‌ നിന്നെയൊന്നു ചുംബിക്കാനാവുക...?
ഇരുളടഞ്ഞ ഇരുമ്പഴിക്കുള്ളിൽ ഞാനും,
മതിൽക്കെട്ടിനുള്ളിൽ നീയും
ശ്വാസം മുട്ടി മരിക്കയാണെങ്കിൽ
പുന:സമാഗമത്തിലെ അന്ത്യവാക്കുകൾക്ക്‌
അർത്ഥമുണ്ടാകുന്നതെങ്ങിനെ....?

Tuesday, October 20, 2009

പുതപ്പുകൾ പറയുന്നത്‌...


വിയർപ്പുമണമുള്ള ഓരോ പുതപ്പും
ഓരോ കിതപ്പുകളുടേയും
അവസാനത്തെ തുടിപ്പുകളെ
കുറിച്ചാകുമോർക്കുക...

ഓരോ രാത്രിയിലും അവ
സ്വപ്നം കാണുന്നത്‌
നമ്മെപ്പോലെതന്നെ
അനുഭൂതികളുടെ
പുതിയ മഴക്കാടുകളാകും...

കടുത്ത ചൂടുള്ള
പഴുത്ത പകലുകളിലും,
കുളിരില്ലാത്ത പ്രഭാതങ്ങളിലും
അവ വിരസതയിൽ വഴുതിപ്പോകാറുണ്ട്‌...

സീൽക്കാരങ്ങളുടെ ഉച്ചസ്ഥായിയിൽ
വികാരങ്ങളുടെ തീയൊളിപ്പിച്ച്‌
നിശബ്ദമായി കരയാറുണ്ട്‌...
ഓരോ പൊട്ടിച്ചിരികളിലും,
അടക്കം പറച്ചിലുകളിലും
ഗൂഡമായി അവ പുളകം കൊള്ളാറുണ്ട്‌...
ചവിട്ടിക്കീറിയ തുന്നലുകളൊളിപ്പിച്ച്‌
എപ്പോഴും പുതുതായിരിക്കാൻ
വൃഥാ പണിപ്പെടാറുണ്ട്‌................

പാവം;
മുഷിഞ്ഞുനാറുമ്പോൾ
വലിച്ചെറിയപ്പെടുമെന്നും,
തിളക്കമുള്ള മറ്റൊരാൾ
രതി മണത്തെത്തുമെന്നും
അതെന്നേ മനസ്സിലാക്കിയിട്ടുണ്ടാവും...!
വാൽ: പുതപ്പുകൾ ഒരു നിർജ്ജീവ വസ്തു മാത്രമല്ല,
കിടപ്പറയിലെ രഹസ്യങ്ങളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാർ
കൂടിയാണ്.

Thursday, October 08, 2009

ഉത്തരാധുനിക ഗവിത!

Sunday, October 04, 2009

(നിർ)ഭാഗ്യജാതകൻ

ലയ്ക്കുമീതെ
വെടിയുണ്ടപോലെ ഒരെണ്ണം...
നേർത്ത ഒരിരമ്പൽ...
ഹസാർ വില്ലയ്ക്കു മുകളിൽ,
അങ്ങു ദൂരെ
ഒരു മിന്നായം പോലെ....
മേഘങ്ങൾ വഴിമാറുന്നൂവെന്നത്‌
തോന്നലാണ്‌...
കണ്ണിമയ്ക്കാതെ
നോക്കുമ്പോഴുള്ള
വെറുമൊരു തോന്നൽ...
നാട്ടിലേയ്ക്ക്‌ മടങ്ങുന്ന
ഭാഗ്യവാന്മാരിപ്പോ
സ്വപ്നം കാണുകയാവും...
വീട്‌...തൊടി...ഹോ..!
ഓരോ വിമാനവും
തലയ്ക്കുമീതെ
കടന്നുപോകുമ്പോൾ
എന്നെ വേട്ടയാടപ്പെടുന്നത്‌
എവിടെയോ വായിച്ച
ഒരറിവാണ്‌..;
പൂരം നക്ഷത്രത്തിൽ
ദൂരയാത്ര പുറപ്പെട്ടവർ
ഒരിക്കലും തിരിച്ചു
വരില്ലെന്ന അറിവ്‌...
ഒരറബിയാകാനുള്ള
യോഗം ജാതകത്തിലുണ്ടോ..?
ഹന്തഭാഗ്യം ജനാനാം..!

Monday, September 22, 2008

സംശയം

ഓരോ വിശുദ്ധ കുര്‍ബാനയും
ദൈവത്തിലേയ്ക്കുള്ള ദൂരം
കുറയ്ക്കുന്ന അളവുകോലാണു..!

ഓരോ ദീപാരാധനയും നിന്നിലേയ്ക്കു
ഞാനെത്തിപ്പെടുന്നതിന്റെ
ശുഭസൂചനകളാണു..!

ഓരോ നിസ്കാരത്തഴമ്പും
നിന്നിലേയ്ക്കെളുപ്പമെത്താനുള്ള
മാര്‍ഗ്ഗങ്ങളാണു...!

ഈ മൂന്നു വഴികളും
ഞാന്‍പരമാവധി പ്രയോജനപ്പെടുത്തി..
ഒടുവില്‍ ഞാനെത്തിപ്പെട്ടതോ,
അപാരമായ അന്ധകാരത്തിലും!
മാര്‍ഗ്ഗത്തിലല്ല, സംശുദ്ധമായ മനസ്സിലാണു
ദൈവം നിറയുന്നതെന്നു നീ
നീ വെളിപ്പെടുത്തുമ്പോള്‍
എന്റെ സംശയം ഭേദിക്കപ്പെടുന്നു.