Friday, November 20, 2009

കവിതയുടെ അപൂർവ്വ വിസ്മയം

രോ കാലങ്ങളിലും ഓരോ അത്ഭുതങ്ങൾ ഉണ്ടാകാറുണ്ട്‌. ജീവിച്ചിരുന്നപ്പോഴും, മരണശേഷവും അത്തരമൊരത്ഭുതമായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള. വിസ്മിതവും സവിശേഷകരവുമായ കവിതയുടെ അപൂർവ്വാനുഭവം പകർന്നുതന്ന ചങ്ങമ്പുഴ ഒരു പുരാവസ്തുപോലെ വിസ്മൃതമാണ്‌ ഇന്ന്‌ ചിലർക്കെങ്കിലും.., പഴമയെന്ന പരിഹാസവും..! സാംസ്കാരികമായും, സാക്ഷരതാപരമായും യാതൊരു ഉന്നതിയിലുമെത്താതിരുന്ന ഒരു കാലത്തായിരുന്നു വശ്യമായ കവിതകൾ കൊണ്ട്‌ കാലത്തേയും, ഓരോ മനുഷ്യഹൃദയങ്ങളേയും അദ്ദേഹം കീഴടക്കിയിരുന്നത്‌. സങ്കീർണ്ണതകളില്ലാത്ത കവിതാവഴികളിൽ ഒരു പുതിയ ഭാവുകത്വമായി ഏറ്റവും ലളിതമായ രചനാശൈലി കൈക്കൊണ്ട ചങ്ങമ്പുഴ അത്രയേറെ വായനക്കാരനോടടുക്കുകയായിരുന്നു. അക്കാലത്തുതന്നെ ദുർഗ്രാഹ്യവും, കഠിനവുമായ സംസ്കൃത പദനിബിഡ കവിതകളും നിർലോഭം ഉണ്ടായിരുന്നു. ഏതെങ്കിലും തരത്തിൽ ആസ്വദിക്കാനാകാത്ത സാഹിത്യം അന്നും ഇന്നും കാലഹരണപെട്ടുപോയിട്ടേ ഉള്ളു. കാലാതീതമാകണം കവിത എന്ന പരമസത്യം തിരിച്ചറിയുമ്പോൾ കവികൾ കാലഹരണപ്പെട്ടുപോയിരിക്കും. ചങ്ങമ്പുഴയുടെ കവിതകൾ ഏതുകാലത്തും പ്രിയകരമാകുന്നത്‌ ഭാഷയുടെ സുതാര്യത കൊണ്ടാവണം. കുട്ടിക്കാലത്ത്‌ ഇടപ്പള്ളിയെക്കാളേറെ ലജ്ജാലുവും, അന്തർമുഖനുമായിരുന്നു ചങ്ങമ്പുഴ. കവികൾ പൊതുവെ വിമർശന വിമുഖരും, ദുർബലരും, അന്തർമുഖരുമാകുന്നതെന്തുകൊണ്ടാണ്‌..? അന്നും ഇന്നും വ്യക്തമായ ഉത്തരങ്ങളില്ല. തെക്കേടത്ത്‌ വീട്ടിൽ നാരായണമേനോന്റേയും, ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയുടേയും മകനായി 1911 ഒക്ടോബർ 11-ന്‌ ഈ കാവ്യ ഗന്ധർവ്വൻ ജനിച്ചു. ദുരിതപൂർണ്ണമായ ജീവിത ചുറ്റുപാടുകളിലെ ക്ലേശമാർന്ന ഒരു ബാല്യം ചങ്ങമ്പുഴയെ അന്തർമുഖനാക്കിയിരിക്കണം. ജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠയും, നൈരാശ്യവും, മാനസിക വിഭ്രാന്തിയും, പ്രണയവുമെല്ലാം കവിതയുടെ വിളിപ്പുറങ്ങളിൽ നിന്നും ചങ്ങമ്പുഴയെ കവിതയുടെ അപാരതകളിലേയ്ക്ക്‌ കൂടുതൽ വലിച്ചടുപ്പിക്കുകയാണുണ്ടായത്‌. ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കാലത്താണ്‌ ചങ്ങമ്പുഴയുടെ ആത്മസ്നേഹിതനും ഇടപ്പള്ളി പ്രസ്ഥാനത്തിന്റെ ഉപ്ജ്ഞാതാവുമായ രാഘവൻപിള്ളയുടെ ദുരൂഹമായ ആത്മഹത്യ. ഇടപ്പള്ളിയുടെ മരണം ചങ്ങമ്പുഴയുടെ ജീവിതത്തെ അത്യധികം വേദനാനിർഭരമാക്കി. വിഖ്യാതമായ രമണന്റെ പിറവി ഈ വിയോഗത്തിന്റെ സ്മരണാർത്ഥമെന്ന്‌ കാവ്യ ചരിത്രവും കുറിച്ചുവച്ചു. 1938-39 കാലഘട്ടങ്ങളിൽ ഇടപ്പള്ളിയിയെന്ന ചെറുപ്രദേശത്ത്‌ ഇവരുടെ സ്വാധീനമുൾക്കൊണ്ട 217 യുവകവികളുണ്ടായിരുന്നുവെന്ന്‌ തമാശരൂപേണ ചങ്ങമ്പുഴ തന്നെ പറഞ്ഞിട്ടുണ്ട്‌. എറണാകുളം മഹാരാജാസ്‌ കോളേജ്‌, തിരുവനന്തപുരം ആർട്സ്‌ കോളേജ്‌, എന്നിവിടങ്ങളിലെ പഠനശേഷം ഓണേഴ്സ്‌ ബിരുദം കരസ്ഥമാക്കി.



തുടർന്നാണ്‌ 1940-ൽ ശ്രീദേവി അമ്മയെ വിവാഹം കഴിക്കുന്നത്‌. വെറും 8 വർഷത്തെ ദാമ്പത്യമായിരുന്നു അവർക്ക്‌ വിധിച്ചിരുന്നത്‌. കഠിനമായ സാമ്പത്തിക വിഷമതകൾ സഹിക്കവയ്യാതെ അദ്ദേഹം പട്ടാളത്തിൽ ചേർന്നു. രണ്ടുവർഷത്തിനകം തനിക്കു പറ്റിയ ഇടമല്ല ഇതെന്ന്‌ തിരിച്ചറിഞ്ഞ ചങ്ങമ്പുഴ ജോലി വലിച്ചെറിഞ്ഞ്‌ മദിരാശിയിലെ ലോകോളേജിൽ പഠനം തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല. ഇതേത്തുടർന്നാണ്‌ മംഗളോദയം മാസികയുടെ പത്രാധിപസമിതി അംഗമാകുന്നത്‌. ഇടപ്പള്ളിയിലേയ്ക്ക്‌ തിരിച്ചെത്തിയ നാളുകളാണ്‌ മലയാള കവിതയുടെ ഖ്യാതി ഉയർത്തിയ സുരഭിലമായ കാലം. ഒരു തലമുറയാകെ ആ ഗാനനിർത്ധരിയിൽ മുഴുകുകയായിരുന്നു പിന്നീട്‌... കവിതയിൽ കമ്പമില്ലാത്തവർപോലും ചങ്ങമ്പുഴക്കവിതകൾ പാടി നടന്നിരുന്നു. രാഘവൻ പിള്ള തുടങ്ങി വച്ച ഇടപ്പള്ളി പ്രസ്ഥാനം ഒടുവിൽ ചങ്ങമ്പുഴ ഏറ്റെടുത്തു. കവിതയുടെ പരിശുദ്ധമായ സൗന്ദര്യവും ദാർശനികതയും ജനഹൃദയങ്ങൾക്ക്‌ പകർന്നുകൊടുത്തതാണ്‌ ഇടപ്പള്ളി പ്രസ്ഥാനം. ആ കാലം തന്നെയാകണം മലയാള കവിതയുടെ നിത്യസുന്ദരമായ യൗവ്വനവും. ആദ്യ കൃതിയായ ബാഷ്‌പാഞ്ജലിയിൽ തുടങ്ങി, കവിതാസമാഹാരങ്ങളും, ഖണ്ഡകാവ്യങ്ങളും, പരിഭാഷകളും, നോവലുകളുമടക്കം 57 കൃതികൾ അദ്ദേഹം കൈരളിക്ക്‌ സമർപ്പിച്ചു. അശുഭാപ്തിവിശ്വാസവും, അരക്ഷിതാവസ്ഥയും നിറഞ്ഞ ജീവിതത്തിലേയ്ക്കിറങ്ങി വന്ന്‌ സമസ്താനുഭാവങ്ങളിലും സമരസപ്പെടുകയായിരുന്നു അദ്ദേഹം. പ്രണയം മാത്രമല്ല, ഭക്തിയും, വിഭക്തിയും, യുക്തിയും, വിപ്ലവവുമൊക്കെ കവിതകളായി പൂത്തുലഞ്ഞ ഒരു വസന്തം അങ്ങിനെ നമുക്കു പിന്നിൽ ഒരു സാന്നിദ്ധ്യം പോലെ ഉണ്ടായിരുന്നു.

"വേദന, വേദന, ലഹരി പിടിയ്ക്കും
വേദന, ഞാനിതിൽ മുഴുകട്ടെ
മുഴുകട്ടെ മമ ജീവനിൽ നിന്നൊരു
മുരളീമൃദുരവമൊഴുകട്ടെ"

എന്ന്‌ നെഞ്ചുകീറി നേരിനെ കാട്ടിയപ്പോൾ ആത്മാവിൽ നിന്ന്‌ കവിത ആസ്വാദകന്റെ ഹൃദയം കൂടി കീറിമുറിക്കുക തന്നെ ചെയ്തു. പ്രണയത്തിന്റെ അനുഭൂതികൾക്കൊപ്പം ജീവിതത്തിന്റെ അനർത്ഥവിചാരങ്ങളുടേയും, ആശങ്കകളുടേയും അപൂർവ്വമായ ഒരു ദിവ്യാനുഭവം കവിതയിലൂടെ പകർന്നു തന്നിരുന്നു. കവിയിൽ ദൈവീകമായ എന്തോ ഒന്നുണ്ട്‌. ചിത്തഭ്രമത്തിനുതുല്യമായ ഒരസ്വാസ്ഥ്യം അയാൾ ഉള്ളിൽ വഹിക്കുന്നുണ്ട്‌. അത്തരമൊരസ്വാസ്ഥ്യം ഉള്ളിൽ പേറിയതുകൊണ്ടുതന്നെയാവണം സ്വന്തം ജീവിതത്തെ ഇദ്ദേഹം ഉത്കണ്ഠയോടെ നോക്കി കണ്ടതും.



ബാഷ്പാഞ്ജലി, രമണൻ, അപരാധികൾ, അമൃതവീചി, അസ്ഥിയുടെ പൂക്കൾ, ആകാശഗംഗ, ആരാധകൻ, ഉദ്യാനലക്ഷ്മി, ഓണപ്പൂക്കൾ, കലാകേളി, കല്ലോലമാല, ചൂഡാമണി, തളിർത്തൊത്തകൾ, ദിവ്യഗീതം, ദേവഗീത, ദേവയാനി, ദേവത, നർത്തകി, നിർവൃതി, നിഴലുകൾ, നിർവ്വാണമണ്ഡലം, നീറുന്ന തീച്ചൂള, പാടുന്ന പിശാച്‌, മഗ്ദലമോഹിനി, മഞ്ഞക്കിളികൾ, മണിവീണ, മദിരോൽസവം, മാനസ്വേശ്വരി, മൗനഗാനം, മോഹിനി, യവനിക, മയൂഖമാല, രക്തപുഷ്പങ്ങൾ, രാഗപരാഗം, വസന്തോൽസവം, വൽസല, ശ്മശാനത്തിലെ തുളസി, ശ്രീതിലകം, സങ്കൽപ്പകാന്തി, സുധാംഗദ, സ്വരരാഗസുധ, സ്പന്ദിക്കുന്ന അസ്ഥിമാടം, ഹേമന്തചന്ദ്രിക, എന്നീ പദ്യകൃതികളും, അനശ്വരഗാനം, കഥാരത്നമാലിക, കളിത്തോഴി, കരടി, തുടിക്കുന്ന താളുകൾ, പെല്ലീസും മെലിസാന്ദയും, പൂനിലാവിൽ, പ്രതികാരദുർഗ്ഗ, മാനസാന്തരം, വിവാഹാലോചന, ശിഥിലഹൃദയം, സാഹിത്യചിന്തകൾ, ഹനേലെ തുടങ്ങിയ ഗദ്യകൃതികളുമാണ്‌ മാഹാകവി മലയാള കവിതയ്ക്കായി ബാക്കിവച്ചത്‌. വാതരോഗവും, ക്ഷയരോഗവുംകൊണ്ട്‌ ഉത്കണ്ഠാകുലമായെങ്കിലും ജീവിതത്തെ തിരികെ കിട്ടാൻ അദ്ദേഹം ഒരുപാടാഗ്രഹിച്ചിരുന്നു. പലവിധ അസ്വസ്ഥതകൾക്കൊടുവിൽ രോഗം മൂർച്ഛിച്ച്‌ 1948 ജൂൺ 17-ന്‌ തൃശ്ശിവപേരൂർ മംഗളോദയ നേഴ്സിംഗ്‌ ഹോമിൽ വച്ച്‌ ഈ കാവ്യഗന്ധർവ്വൻ ജീവിതത്തോട്‌ യാത്ര പറഞ്ഞു. എങ്കിലും അതിർവരമ്പുകളില്ലാത്ത കവിതയുടെ അപാരതകളിൽ ആ ജീവൻ ഇപ്പോഴും സ്പന്ദിച്ചുകൊണ്ടിരിക്കുന്നു. ഓരോ അനുഗാനങ്ങളിലൂടെ നമ്മുടെയൊക്കെ ഹൃദയങ്ങളിലും...!
വിക്കീപീഡിയ, മനോരമ എന്നിവയോട്‌ കടപ്പാട്‌.

10 comments:

ഉപാസന || Upasana said...

വായിച്ചു.
:-)

Anonymous said...

വന്നു..കണ്ടു...വായിച്ചു.....

ആശംസകള്‍..... :)

Anil cheleri kumaran said...

ഇത്തരം അനുസ്മരണങ്ങള്‍ അനുചിതം തന്നെ. നല്ല പോസ്റ്റ്.

ജയകൃഷ്ണന്‍ കാവാലം said...

കരയും ഞാന്‍ കരയും ഞാന്‍
കരയും ഞാന്‍, കവികളെ
കഴുവിലേറ്റീടുമോ ലോകമേ നീ...

ഗന്ധർവൻ said...

കാവ്യഗന്ധർവന് മുന്നിൽ ശിരസ്സ് നമിക്കുന്നു

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ചങ്ങമ്പുഴ മരിച്ചപ്പോൾ പി.ഭാസ്കരൻ എഴുതിയ വരികൾ ഓർക്കാം:

‘കുടിലിൽനിന്നൊരു പുല്ലാങ്കുഴലാൽ
നെടിയ സാമ്രാജ്യമൊന്നു നീ തീർത്തു;
നിജമനോജ്ഞമാ സ്വപ്നസാമ്രാജ്യ
പ്രജകളായ് ഞങ്ങൾ കപ്പം കൊടുത്തു.’

ബാലചന്ദ്രൻ ചുള്ളിക്കാട് said...

‘നിജമനോജ്ഞമാ സ്നേഹസാമ്രാജ്യ
പ്രജകളായ് ഞങ്ങൾ കപ്പം കൊടുത്തു’

എന്ന് മറ്റൊരു പാഠവും കണ്ടിട്ടുണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

‘നിജ മനോജ്ഞമാ സ്നേഹ സാമ്രാജ്യ
പ്രജകളായ് ഞങ്ങൾ കപ്പം കൊടുത്തു’

എന്നൊരു പാഠവും കണ്ടിട്ടുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ലൊരുകുറിപ്പ് ആ ഭാ‍വഗീതത്തിന്റെ ഉടയോനെ കുറിച്ച് ...

ജയിംസ് സണ്ണി പാറ്റൂർ said...

ചങ്ങംപുഴവെയിത്സിലോ
വെനീസിലോപിറന്നെങ്കിലോ
ലോകമിതുമാനിച്ചിടുന്ന
മഹാകവിയെന്നതുനിശ്ചയം