Tuesday, March 23, 2010

ഇഷ്ടമുടിക്കായലിന്റെ സ്വന്തം ശ്രീ..

തിരുവനന്തപുരം നഗരത്തിലാണ് പല പ്രമുഖ സാഹിത്യകാരന്മാരും അവരുടെ ജീവിതം കൊണ്ടാടപ്പെട്ടതും ജീവിച്ചു തീർക്കുന്നതുമെന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്.. മറ്റെവിടെയോ ജനിച്ച്‌ ഒരു നിയോഗം പോലെ അനന്തപുരിയിൽ ജീവിക്കുന്ന ഈ മഹാപ്രതിഭകൾ സർഗാത്മകതയുടെ ഉള്ളുരുക്കങ്ങളിൽ ഈ നഗരത്തേയും നെഞ്ചോട്‌ ചേർത്തുവച്ചിരിക്കുന്നുണ്ടാവണം. എനിക്ക്‌ പ്രിയപ്പെട്ട പല എഴുത്തുകാരും ഇത്തരത്തിൽ എന്റെ നഗരത്തിലേയ്ക്ക്‌ കുടിയേറിപ്പാർത്തവരാണ്. കുരീപ്പുഴ സ്വന്തം നാട്ടിലേയ്ക്ക്‌ എന്നും പോയിവരുന്നുവെങ്കിലും എല്ലായിപ്പോഴും, എല്ലാ അർത്ഥത്തിലും തിരുവനന്തപുരത്തുകാരൻതന്നെ. ഉള്ളിൽ കവിത പനിച്ചുതുള്ളിയ ഏഴെട്ട്‌ വർഷങ്ങൾക്ക്‌ മുൻപ്‌,  ഒരു വേനൽക്കാലത്താണ് കവി കുരീപ്പുഴയെ ഞാൻ ആദ്യമായി കാണുന്നത്‌. വഴുതക്കാടിലെ ഡി.പി.ഐ ഓഫീസിലെത്തുമ്പോൾ ഫയൽക്കൂമ്പാരങ്ങൾക്കിടയിൽ മുഖം പൂഴ്ത്തിയിരിക്കുന്ന കവിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു. ആദ്യമായാണ് പരിചയപ്പെടുന്നതെങ്കിലും മുറുക്കാൻ ചുവപ്പിച്ച ആ പുഞ്ചിരിയിൽ തെല്ലും അപരിചിതത്വം ഇല്ലായിരുന്നു. അക്കാലത്ത്‌ എനിക്കൊരു ലിറ്റിൽ മാഗസിൻ ഉണ്ടായിരുന്നു. 1990-1999 കളാണെന്നു തോന്നുന്നു ലിറ്റിൽ മാസികകളുടെ യൌവ്വനവും, വാർദ്ധക്യവും. അന്ന്‌ ഒരു ഇൻലന്റ് മാസികയെങ്കിലുമില്ലാത്ത, കുഞ്ഞുമാസികകളിലെഴുതാത്ത ഒരു പുതുകവി പോലുമില്ലായിരുന്നു, ഇന്നത്തെ ബ്ലോഗ് പോലെ. എന്റെ ആ പഴയശേഖരത്തിൽ അഞ്ഞൂറിലധികം കുഞ്ഞുമാസികകൾ ഇടക്കാലം വരെ ഉണ്ടായിരുന്നു. പിഴച്ചുപോയ എഴുത്തിന്റെ വഴികളിൽ ഓർമ്മകൾക്കൊപ്പം എല്ലാം ചിതലരിച്ചു പോയിരിക്കുന്നു. മുഖ്യധാരയിലേയ്ക്കൊരിക്കലും എത്താതെ പോയ അക്ഷരങ്ങളുടെ ആ തീപ്പന്തങ്ങൾ ഇന്നും എവിടെയൊക്കെയോ ഒരവശേഷിപ്പുപോലെ ജീവിച്ചിരിക്കുന്നുണ്ട്, പുറംലോകമറിയാതെ ഇരുളിൽ ജ്വലിച്ചിരിക്കുന്നുണ്ട്; ‘ഒരുണ്മ‘ പോലെയോ, ‘ഒരിന്നു‘ പോലെയോ ഒക്കെ. കുരീപ്പുഴയെന്ന അലസനായ കവിയും ലിറ്റിൽ മാഗസിനുകളിൽ ഇടയ്ക്കൊക്കെ അക്കാലത്തെഴുതിയിരുന്നു.


ദൂരങ്ങൾക്കിപ്പുറം ആ വെറ്റിലക്കറപുരണ്ട ചിരിയും മുഷിഞ്ഞരൂപവും ഇന്നുമെന്നോടുകൂടിയുണ്ട്‌... ജീവിതം തന്നെയാണ് കവിത, കവിതയിൽ തന്നെയുണ്ട്‌ കവിയുടെ ജീവിതവും, കവിതയും. പരിചയപ്പെട്ട ഓരോ കവികളും ഓരോ തരത്തിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. നന്മയും എളിമയും ഉള്ളിൽ‌പ്പേറുന്നതുകൊണ്ടാവണം അവർക്കിപ്പോഴും മാറുന്ന കാലത്തിനൊപ്പം നടന്നെത്താൻ കഴിയുന്നതുതന്നെ. മത്സരബുദ്ധിയോ, വാശിയോ ആരോടും ഇല്ലാത്തതുകൊണ്ടാവാം പകരം വയ്ക്കാനാവാത്ത സാന്നിദ്ധ്യമായി, ആരവങ്ങളില്ലാതെ അവരെഴുത്ത്‌  തുടരുന്നതും. ദേശമംഗലവും, പെരുമ്പടവവും, അയ്യപ്പനും, ശ്രീകുമാരൻ തമ്പിയും, അയ്യപ്പപ്പണിക്കരും, ഏഴാച്ചേരിയും, കൃഷ്ണൻനായരുമെല്ലാം അന്തസ്സുള്ള പെരുമാറ്റം കൊണ്ട്‌ വല്ലാതെ വിസ്മയിപ്പിച്ചിട്ടുമുണ്ട്‌. ജീവിതത്തിലിന്നുവരെ ഒരു നല്ല കവിത എഴുതാൻ കഴിയാത്ത, എന്തൊക്കെയോ ആണെന്ന്‌ സ്വയം വിശ്വസിക്കുന്ന പല പുതുകവികൾക്കുമില്ലാതെ പോകുന്ന മഹത്വങ്ങളും ഇതൊക്കെത്തന്നെയാണ്.  ആരൊക്കെ വന്നാലും, പരിചയപ്പെട്ടാലും വലിപ്പച്ചെറുപ്പമില്ലാതെ ഒരേ പുഞ്ചിരിയോടെ കാണാനും സ്വീകരിക്കാനും, അഹന്തയില്ലാതെ സംസാരിക്കാനും നമ്മുടെ മുതിർന്ന എഴുത്തുകാർക്ക്‌ കഴിയുന്നത്‌ അവർ യഥാർത്ഥ കലാകാരന്മാരായതുകൊണ്ട്‌ മാത്രമല്ല, സംസ്കാരമെന്തെന്ന്‌ നന്നായി ബോധ്യമുള്ളതുകൊണ്ടുകൂടിയാണ്. ഇരുത്തം വന്നവരുടെ കൂടെ സഹവസിക്കുമ്പോൾ നമുക്കുള്ളിലെ ഞാനെന്ന ഭാവവും താനെ മാഞ്ഞുപോകും. അവരുടെ അറിവിനും നിപുണതയ്ക്കും മുന്നിൽ ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത വിധം എത്രയോ ചെറുതാണ് നമ്മളെന്ന്‌, നമ്മുടെ സർഗ്ഗഭാവനയെന്ന്‌ തിരിച്ചറിവുണ്ടാകുമ്പോൾ നമ്മുടെ പ്രതിഭയുടെ മാറ്റ് കുറയുകയല്ല, കൂടുതൽ ദൃഡപ്പെടുകയാണ് ചെയ്യുന്നത്‌. 



















തെരുവോരങ്ങളിലും, കവിയരങ്ങുകളിലുമെല്ലാം ആഘോഷിക്കപ്പെട്ടിരുന്ന/പ്പെടുന്ന കുരീപ്പുഴ ശ്രീകുമാർ എന്ന കവിയേയും ഞാനാരാധിക്കുന്നത്‌ അതൊക്കെക്കൊണ്ടുതന്നെയാണ്. ഗദ്യവും, പദ്യവും ഒരുപോലെ നാവിൽ വിളങ്ങുന്ന, വഴങ്ങുന്ന സ്വതവേ ശാന്തനും ഏകാകിയുമായ കുരീപ്പുഴ ഇപ്പോ നമ്മുടെ ബൂലോകത്തും സജീവമായുണ്ട്‌, ബൂലോകത്തിന്റെ ശ്രീയായി, കവിതയുടെ ഇഷ്ടമുടിക്കായലായി..... പ്രമുഖരായ എഴുത്തുകാർ ബൂലോകത്തേയ്ക്ക്‌ (മടിച്ചുമടിച്ചാണെങ്കിലും) കടന്നുവരുമ്പോൾ അത്‌ നമുക്കേവർക്കും കിട്ടുന്ന ഒരംഗീകാരം തന്നെയാണ്, ഒരു ശക്തിയാണ്, ശ്രദ്ധേയമായ മറ്റൊരു മാധ്യമമായി ബൂലോകം വളരുന്നൂ എന്നതിനുള്ള തെളിവാണ്. ഒരിക്കൽ ചുള്ളിക്കാടിനെ അപഹാസ്യനാക്കി വിട്ടവരാണ് ഇവിടെയുള്ളവർ. എന്നിട്ട്‌ ആരെന്തു നേടി, ആർക്കെന്തു ലാഭം..? രണ്ടാമതും സജീവമായപ്പോൾ അദ്ദേഹത്തെ വെറുതെ വേദനിപ്പിക്കാനും, ക്രൂശിക്കാനുമാണ് ഒരു യോഗ്യതയുമില്ലാത്ത പലരും തുനിഞ്ഞിറങ്ങിയത്‌. മുതിർന്ന എഴുത്തുകാരെ പുതുതലമുറയിലുള്ളവർ ആദരിച്ചില്ലെങ്കിലും പരിഹസിക്കാതിരിക്കാൻ നാം എന്ന്‌ പഠിക്കും..? ബ്ലോഗ് എന്ന മറയിൽ നിന്നുകൊണ്ട് അദൃശ്യനായി പ്രതികരികരിക്കാനേ പലർക്കും ചങ്കുറപ്പുള്ളൂ. അതുകൊണ്ടുതന്നെ ഇവിടേയ്ക്ക്‌ വരാൻ പ്രമുഖരായ പലരും  മടിക്കുന്നു. കേരളത്തിൽ ബ്ലോഗിന് ശ്രേഷ്ഠമായ സ്ഥാനമോ, പ്രാധാന്യമോ, ജനകീയതയോ സമീപ ഭാവിയിലുണ്ടാകുമെന്നോ‌, വർദ്ധിക്കുമെന്നോ‌ ഞാനൊരിക്കലും വിശ്വസിക്കുന്നില്ല. ആർക്കും വേണ്ടാത്ത കുറെ ചവറുകൾ മുളച്ചുവരും, തകര പോലെ, ചാകര പോലെ... ബാക്കിയുള്ളവർ ചിക്കിയും ചികഞ്ഞും കൊക്കരക്കോ വിളിച്ചും ശിഷ്ടകാലം ബ്ലോഗ്‌ ജീവിതം സംതൃപ്തമായി തള്ളിനീക്കും, അല്ലാതിവിടെ ഒരു ചുക്കും സംഭവിക്കില്ല. ജനം എഴുത്തുകാരനായി അംഗീകരിക്കണമെങ്കിൽ അച്ചടി മാധ്യമം തന്നെ വേണ്ടിവരുമെന്ന തിരിച്ചറിവിൽ ബ്ലോഗെഴുത്തുകാർ എത്തിച്ചേരുന്നതോടെ ഇടക്കാലത്തൊന്നും ജനകീയമാകാൻ സാധ്യതയില്ലാത്ത ബ്ലോഗിന്റെ വിശാലതയ്ക്ക്‌ മങ്ങലേൽക്കുക തന്നെ ചെയ്യും. എല്ലാവരും പുസ്തകമിറക്കണമെന്ന മോഹവുമായി സ്വയം കാശ്‌ മുടക്കി ബൂലോകം വിട്ട്‌ മുഖ്യധാരയിലേയ്ക്ക്‌ വഴി മാറുന്ന കാലം വിദൂരമല്ല. എങ്കിലും ആശ്വസിക്കാം ബ്ലോഗ് എന്നൊരു സംഭവമുണ്ടായതുകൊണ്ട്‌ ശുപാർശകളില്ലാതെ, ആരേയും ആശ്രയിക്കാതെ എഴുത്തിൽ ഹരിശ്രീ കുറിയ്ക്കാൻ കഴിഞ്ഞല്ലോ, അതു തന്നെ മഹാഭാഗ്യം..........!
കുരീപ്പുഴ ശ്രീകുമാർ 
കുരീപ്പുഴ ഹൃദയം തുറക്കുന്നു..

17 comments:

Unknown said...

കുരീപ്പുഴയെ കുറിച്ച് പറഞ്ഞത് നന്നായി.
എനിക്കുമുണ്ട് ഒരനുഭവം പുതുമ മാസികയുമായി നടന്നപ്പോള്‍ അദ്ദേഹം പറഞ്ഞത് പണിക്കര് സൂചിപ്പിച്ച്തു തന്നെ.
എന്നിട്ടും ഞാന്‍ ശ്രീയെട്ടെനെ മനസ്സില്‍ സൂ ക്ഷിക്കുന്നു ഒരെട്ടെന്റെ സ്ഥാനത് ..

ഒരു യാത്രികന്‍ said...

പലപ്പോഴായി എല്ലാ പോസ്ടുകളിലൂറെയും കടന്നു പോയി. ചര്‍ച്ചകളും വിവാദങ്ങളും ഒക്കെ കണ്ടു... ഒക്കെ കണ്ടപ്പോള്‍ എനിക്കൊരു പാല്‍പായസം കുടിച്ച പ്രതീതി...ഒത്തിരി ഇഷ്ടമായി.....സസ്നേഹം

Umesh Pilicode said...

:-)

ഭായി said...

##ഇരുത്തം വന്നവരുടെ കൂടെ സഹവസിക്കുമ്പോൾ നമുക്കുള്ളിലെ ഞാനെന്ന ഭാവവും താനെ മാഞ്ഞുപോകും. അവരുടെ അറിവിനും നിപുണതയ്ക്കും മുന്നിൽ ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത വിധം എത്രയോ ചെറുതാണ് നമ്മളെന്ന്‌, നമ്മുടെ സർഗ്ഗഭാവനയെന്ന്‌ തിരിച്ചറിവുണ്ടാകുമ്പോൾ നമ്മുടെ പ്രതിഭയുടെ മാറ്റ് കുറയുകയല്ല, കൂടുതൽ ദൃഡപ്പെടുകയാണ് ചെയ്യുന്നത്‌.##

ശരിയായ കണ്ടെത്തല്‍!

എളിമയുടെ മകുടോദാഹരണമായ അദ്ദേഹത്തെകുറിച്ചുള്ള ഈ പോസ്റ്റ് നന്നായി പണിക്കരേ!

മനോജ് കുറൂര്‍ said...

കുരീപ്പുഴയ്ക്ക് സൌഹൃദങ്ങള്‍ സൂക്ഷിക്കേണ്ടതില്ല. കവിതപോലെ അതു സ്വാഭാവികമായി വന്നു നിറയുകയും നിലനില്‍ക്കുകയുമാണ്. എന്റെയും സുഹൃത്തായ കൈലാസനെ ഈയാഴ്ചത്തെ മാതൃഭൂമിയില്‍ കുരീപ്പുഴക്കവിതയായി കണ്ടപ്പോള്‍ ഓര്‍മിക്കാനായതിലുള്ള സന്തോഷമോ പിരിഞ്ഞുപോയതിലുള്ള വിഷമമോ ഒന്നും പറയാനാവാതെപോയതിലുള്ള കുറ്റബോധമോ- എന്താണു തോന്നിയതെന്നറിയില്ല. വീട്ടാത്ത കടങ്ങള്‍ കവിക്കൂട്ടങ്ങള്‍ക്കുവേണ്ടി, മലയാളികള്‍ക്കുവേണ്ടി കുരീപ്പുഴ വീട്ടിയല്ലൊ. നന്ദി.

ഉല്ലാസ് said...

കുരീപ്പുഴയുടെ ബ്ലോഗ് ഇന്നു കാലത്തു നോക്കിയേ ഉള്ളു.മനോഹരങ്ങളായ കവിതകള്.കാവ്യലോകത്തെക്കുറിച്ച് കാര്യമായൊന്നുംതന്നെ അറിയാത്ത എന്നെപ്പോലുള്ളവര്ക്ക് താങ്കളുടെ അനുഭവങ്ങള് വായനാസുഖം പകരുന്നു.നന്ദി.

നീര്‍വിളാകന്‍ said...

അതെ പണിക്കര്‍ പറഞ്ഞത് ശരിയാണ്... വായനാ ശീലം തീരെ കുറവായ, മഹാരധന്മാരെ ഒന്നും വായിക്കാന്‍ കഴിയാത്ത വെറും ഒരു സധാരണക്കാരനായ ഞാന്‍ അല്ലെങ്കില്‍ എന്നെ പോലെയുള്ള പുതിയ തലമുറക്കാര്‍ ഒരു ബ്ലോഗ് തുടങ്ങി അതില്‍ പടച്ചു വിടുന്ന വിവരമില്ലായ്മയില്‍ ഊറ്റം കൊള്ളുകയും, വിമര്‍ശിക്കുന്നവരെ തെറിയഭിഷേകം ചെയ്യുകയും അതുവഴി ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്ശ്രമിക്കുകയും ചെയ്യുന്ന ഇന്നത്തെ ലോകത്ത്...അധികം ഒന്നും മാധ്യമ ശ്രദ്ധ നേടാതെ സ്വന്തം ആത്മവിശ്വാസവും, കഴിവുംകൊണ്ട് വളര്‍ന്നു വന്ന് ശ്രീകുമാര്‍ സാറിനെ പോലെയുള്ളവരെ കണ്ട് പഠിക്കട്ടെ.... ഈ കുറിപ്പിനു നദി പണിക്കരെ...

Anonymous said...

അവസരോചിതമായി ഈ കുറിപ്പ്‌..
പറഞ്ഞതിലൊട്ടും പതിരില്ല.
കുരീപ്പുഴയുടെ സ്കെച്ചും മനോഹരമായി.

ശിവ || Shiva said...
This comment has been removed by the author.
ശിവ || Shiva said...

നല്ല പോസ്റ്റ്‌...ഒരു കവി എപ്പോഴും എളിമയുടെ ഭാവമാണ് പകരേണ്ടത്...ശ്രീയേട്ടന്‍ അതിന്റെ ഉത്തമ ഉദാഹരണം...അദ്ദേഹവുമായി അടുത്ത പരിചയം ഇല്ല എങ്കിലും ഒരു ദിവസം ഫോണില്‍ സംസാരിയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ധാഷ്ട്യം കൈമുതലായ ഇന്നത്തെ കവികള്‍ ..അല്ലെങ്കില്‍ മറ്റുള്ളവരുടെ കവിതകളെ പരിഹസിയ്ക്കുന്ന ബ്രഹ്മാണ്ട കവികള്‍ ശ്രീയേട്ടനെ കണ്ടു പഠിയ്ക്കണം...പണിയ്ക്കരേട്ടാ നല്ല പോസ്റ്റ്‌..കുറച്ചു ദിവസം മുന്‍പേ വായിച്ചിരുന്നു ..കമന്റാന്‍ പറ്റിയത് ഇന്നാണ് ..ശ്രീയെട്ടന്റെ സ്കെച്ചിനു പ്രത്യേകം കയ്യടി..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പണിക്കരേ, കുറിപ്പും വരയും ഇഷ്ടമായി.

SUNIL V S സുനിൽ വി എസ്‌ said...

ടോംസ്‌: കുരീപ്പുഴ ഒരൽഭുതം തന്നെയാണ്‌... പരിചയപ്പെടുന്നവർക്ക്‌, പെരുമാറ്റം കൊണ്ട്‌.

യാത്രികൻ: നന്ദി, സ്നേഹം.

ഉമേഷ്‌: :)

ഭായി: നന്ദി ഈ നിറഞ്ഞ സാന്നിദ്ധ്യത്തിന്‌.

കുറൂർ: ഇവിടെവച്ച്‌ കണ്ടുമുട്ടിയതിൽ സന്തോഷം. സുനിൽ പയറ്റുവിള എന്ന പേരിൽ പണ്ട്‌ കുറൂരിന്റെ കവിതകളിലൂടെ ഞാൻ ഒരുപാട്‌ കടന്നുപോയിട്ടുണ്ട്‌. കവിക്കൂട്ടങ്ങൾക്കുവേണ്ടി, മലയാളികൾക്കുവേണ്ടി എപ്പോഴും കുരീപ്പുഴ കടങ്ങൾ വീട്ടിക്കൊണ്ടേയിരിക്കുന്നു, എല്ലാ അർത്ഥത്തിലും. കൂട്ടം സൗഹൃദക്കൂട്ടായ്മയുടെ സൂത്രധാരൻ ജ്യോതിയേട്ടൻ ഇതേപറ്റി രസകരമായിപ്പറഞ്ഞത്‌, ആരെന്താവശ്യപ്പെട്ടുവന്നാലും കുരീപ്പുഴ സാധിച്ചുകൊടുക്കും, സ്വന്തം കുട്ടിയുടെ, വീടിന്റെ ആവശ്യങ്ങൾ മറന്നിട്ടായാലുമെന്നാണ്‌.

ഉല്ലാസ്‌: നന്ദി. സന്തോഷം. കാവ്യലോകത്തെക്കുറിച്ച്‌ എനിക്കും കാര്യമായിട്ടൊന്നുമറിയില്ല.

നീർവിളാകൻ: ഒരാളെ മാതൃകയാക്കി മറ്റൊരാൾക്ക്‌ ജീവിക്കാൻ കഴിയണമെന്നില്ല. നല്ല ശീലങ്ങളെ മാതൃകയാക്കാനൊരാൾക്ക്‌ കഴിഞ്ഞാൽ അതൊരു ചെറിയ കാര്യവുമല്ല.

ബിജീഷ്‌: സന്തോഷം.

ശിവ: നന്ദി വായിച്ചതിന്‌. ധാർഷ്ട്യം ഒരു കുറ്റമൊന്നുമല്ല, അതുള്ളവർക്കും ഇവിടെ എഴുതാൻ
സ്വാതന്ത്ര്യമുണ്ടല്ലോ. മുതിർന്ന എഴുത്തുകാരുടെ മഹിമ മനസ്സിലാകുന്നത്‌, ഇന്നലെ മുളച്ച, കഴിവ്‌ ലവലേശമില്ലാത്ത ചിലരുടെ ഈ ധാർഷ്ട്യം കാണുമ്പോൾ തന്നെയാണ്‌.

രാമാ: സന്തോഷം, വായനയ്ക്കും, മറുകുറിയ്ക്കും.

സോണ: ഇരുത്തം വന്നവരോട്‌ മാത്രമല്ല, എഴുത്തിലും, പെരുമാറ്റത്തിലും കുലീനത പുലർത്തുന്ന അസാമാന്യ പ്രതിഭയുള്ള പുതുകവികളോടും എനിക്ക്‌ ബഹുമാനമാണ്‌.

ബാവ താനൂര്‍ said...

കുരീപ്പുഴയുടെ ചിത്രം ...നന്നായിരിക്കുന്നു..
അതിലേറെ മലയാള ബ്ളോഗിങ്ങിനെ കുറിച്ചെഴുതിയ സത്യങ്ങള്‍ ..

ജീവി കരിവെള്ളൂർ said...

കുരീപ്പുഴ മാഷിനെകുറിച്ചും ബ്ലോഗിനെകുറിച്ചും എഴുതിയത് നന്നായി .സ്വയം പ്രസാധനമായ ബ്ലോഗ് എന്ന സങ്കേതമില്ലായിരുന്നെങ്കിൽ എഴുത്ത് എന്നത് എനിക്ക് അതിവിദൂരമായേനെ . (പലരും എഴുതികാണുമ്പോൾ ഒന്ന് എനിക്കും എഴുതണമെന്ന് തോന്നിയത് എന്റെ അത്യാഗ്രഹമായിട്ടേ തോന്നിയിട്ടുള്ളൂ)
ഓരോ ദിനങ്ങളും ഓരോ ബ്ലോഗുകളിലൂടെ എന്റെ വായന ഒതുങ്ങുന്നു .
നന്ദി പണിക്കർ‌ജി ഈ എഴുത്തിനും വരയ്ക്കും

വിനീത് നായര്‍ said...

പലപ്പോഴും പലയിടങ്ങളിലും കണ്ടിട്ടുണ്ട്...പക്ഷേ പരിചയപ്പെടാനായിട്ടില്ല...മുറുക്കിച്ചുവന്ന ചുണ്ടും, ഖദര്‍ ഷര്‍ട്ടും, തോളിലെ തുണി സഞ്ചിയും അടയാളങ്ങളാക്കിയാണ് ഞാനാദ്യം പകരം വെക്കാനില്ലാത്ത കൈരളിയുടെ ശ്രീയെ കണ്ടെത്തുന്നത്. അന്നെനിക്ക് കാഴ്ചയില്‍ ഒരു 'മുരടന്‍' എന്ന് തോന്നിയെങ്കിലും ഇപ്പോള്‍ സുനിലേട്ടനിലൂടെ കുരീപ്പുഴ മാഷെ പരിചയപ്പെടാനാവുന്നുണ്ട്. നന്നായിരിക്കുന്നു.....വരയും എഴുത്തും...ആശംസകള്‍

SUNIL V S സുനിൽ വി എസ്‌ said...

ഭാവാ, ജീവി, വിനു നന്ദി... സന്തോഷം..!

Kaippally said...

excellent art work. Captures his eyes and melancholy beautifully.

Congratulation Sunil.