Sunday, October 30, 2011

ഫിഗർ സ്കാൻ-എം.ജിയും ചില സംഗതികളും!



യേശുദാസ്‌ എന്ന മഹാമേരു മലയാളസിനിമാസംഗീത ലോകത്ത്‌ നിറഞ്ഞുനിൽക്കുന്ന കാലത്താണ്‌ ബാങ്കുദ്യോഗസ്ഥനായ എംജിയുടെ രംഗപ്രവേശം. സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചിട്ടും, സംഗീതം രക്തത്തിൽ അലിഞ്ഞുചേർന്നിരുന്നിട്ടും ആദ്യകാലങ്ങളിൽ സംഗീതജ്ഞരായ സഹോദരങ്ങളുടെ പേരിലറിയപ്പെടാനാണ്‌ ഈ ഗായകന്‌ യോഗമുണ്ടായത്‌.

പ്രിയദർശൻ, സുരേഷ്കുമാർ, മോഹൻലാൽ, ജഗദീഷ്‌, മണിയൻപിള്ള തുടങ്ങിയ ബാല്യകാലസുഹൃത്തുക്കളുടെ ശ്രമങ്ങൾക്കൊടുവിൽ അവർക്കൊപ്പം  സിനിമയിൽ
എം.ജിയും പതിയെ വളരുകയായിരന്നു. ബാങ്കുദ്യോഗമുപേക്ഷിച്ച്‌ സിനിമയിൽ സജീവമായതിനു പിന്നിൽ ഉള്ളിലെ കറകളഞ്ഞ സംഗീതാഭിരുചിയല്ലാതെ മറ്റൊന്നുമല്ല. 1983-ൽ കൂലി എന്ന ചിത്രത്തിൽ ‘വെള്ളിക്കൊലുസ്സോടെ കളിയാടും’ എന്ന ഗാനത്തോടെയാണ് മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം എം.ജി കുറിക്കുന്നത്. ദാസിന്റെ ഘനഗംഭീര മധുരശബ്ദത്തിനുമുന്നിൽ സ്വതവേ പൗരുഷം കുറഞ്ഞ ശബ്ദത്തിനുടമയായ എം.ജിയ്‌ക്ക്‌ തിളങ്ങാനായില്ലെങ്കിലും മോഹൻലാലെന്ന അതുല്യനടന്റെ ശബ്ദവുമായുള്ള ചേർച്ചയും സാമ്യവും തുണയ്ക്കെത്തുകയായിരുന്നു പിന്നീട്‌. നിത്യഹരിതനായകൻ പ്രേംനസീറിന്‌ ദാസിന്റെ ആലാപനസൗകുമാര്യം ഇഴുകിചേർന്നതുപോലൊരു കെമിസ്ട്രി ലാലിന്റെ അഭിനയത്തിൽ എം.ജിയുടെ ശബ്ദത്തിനുമുണ്ടായി. ലാൽ സ്വയം പാടി അഭിനയിക്കുന്ന  സ്വാഭാവികതയും, ഫീലും കൈവരുത്താൻ എം.ജിയും ബോധപൂർവ്വം ശ്രമിക്കുകയുണ്ടായി എന്നുവേണം പറയാൻ. മറ്റ്‌ നടന്മാർക്കുവേണ്ടി പാടിയ ആദ്യകാലഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും മോഹൻലാൽ എന്ന താരത്തിന്റെ ആധിപത്യം ശ്രീകുമാറെന്ന ഗായകനേയും നിലനിർത്തി. അനുനാസികാസ്വഭാവവും, ഒരൽപ്പം സ്ത്രൈണതയുമുള്ള ഈ ശബ്ദം ലാലെന്ന നടനോടൊപ്പം അലിഞ്ഞുചേരുകയാണുണ്ടായത്‌. ആദ്യകാലങ്ങളിൽ  ലാലിനും അത്തരമൊരു സ്ത്രൈണതയും, ഡയലോഗ്‌ പ്രസന്റേഷനുമുണ്ടായതുകൊണ്ടാവണം പ്രേക്ഷകർക്കും ഈ ശബ്ദസാമ്യം സ്വീകാര്യമായതും, എംജിയുടെ ഗാനങ്ങൾ ലാലിന്‌ മാച്ചായി അംഗീകരിക്കപ്പെട്ടതും. വൈകാതെ
ലാലിന്റെ സിനിമകൾക്കൊപ്പം എം.ജിയുടെ ഗാനങ്ങളും ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചു. മോഹൻലാൽ എന്ന നടനെപ്പോലെ തന്നെ ഫ്ലക്സിബിളായിരുന്നു എം.ജി ശ്രീകുമാർ എന്ന ഗായകനും. ഏത്‌ ടൈപ്പ്‌ പാട്ടും ഏത്‌ റേഞ്ചിലും ഈസിയായി പാടാനുള്ള അപാരമായ കഴിവ്‌ ഈ ഗായകനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കി. ഫാസ്റ്റ്‌ സോംഗ്സും, മെലഡിയും, ശാസ്ത്രീയസംഗീതവും, ദു:ഖഗാനങ്ങളും എം.ജി അനായസമായി കൈകാര്യം ചെയ്തു. ചിത്രം, കിലുക്കം, മിഥുനം, മിന്നാരം, അദ്വൈതം, കിരീടം, അധിപൻ, ഇന്ദ്രജാലം, വന്ദനം, കാക്കക്കുയിൽ, ചന്ദ്രലേഖ, തേന്മാവിൻ കൊമ്പത്ത്‌ തുടങ്ങിയ ലാൽചിത്രങ്ങളിലൂടെ എം.ജി എന്ന ഗായകനും മലയാള സിനിമയുടെ അവിഭാജ്യഘടകമായി. ഉച്ചസ്ഥായിയിലും, കീഴ്സ്ഥായിയിലും അസാമാന്യവേഗത്തിലും അസാധ്യമായി പാടാനള്ള കഴിവും ശബ്ദനിയന്ത്രണവുമൊക്കെ എം.ജിക്കുണ്ടായിരുന്നെങ്കിലും, ഒരുവിഭാഗം ശ്രോതാക്കൾ ദാസേട്ടന്റെ ഏഴയലത്ത്‌ എത്താനുള്ള യോഗ്യത പോലും ഇദ്ദേഹത്തിന്‌ കൽപ്പിച്ചുകൊടുത്തിരുന്നില്ല. മണുക്കൂസ്‌ ശബ്ദമുള്ള ഗായകനായി എം.ജിയെ ചില അനിഷ്ടക്കാർ ഇകഴ്ത്തുന്നതിനുപിന്നിൽ അദ്ദേഹത്തിന്റെ അഹങ്കാരസ്പർശമുള്ള പെരുമാറ്റമാണെന്നാണ്‌ പിന്നാമ്പുറ പരദൂഷണം. ചാനലുകളിലെ റിയാലിറ്റിഷോകളാണ്‌ എം.ജിയെ ജനപ്രിയനാക്കിയതും, വെറുക്കപ്പെട്ടവനാക്കിയതുമെന്നത്‌ പരമമായ സത്യമാണ്‌. സരിഗമയിലൂടെ 'പാവങ്ങൾക്ക്‌' 'പയിനായിരവും, ലച്ചങ്ങളും' ക്ലൂ നൽകി മേടിച്ചുകൊടുക്കുന്ന പതിവ്‌ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും, ഹിറ്റ്‌ ഷോ ഐഡിയാസ്റ്റാർ സിംഗർ തന്നെയാണ്‌. ശ്രീക്കുട്ടനെന്ന ചിരിക്കുട്ടനെ മിമിക്രിവേദികളിൽ പയിനായിരം തവണയെങ്കിലും മിമിക്രി ആർട്ടിസ്റ്റുകൾ അവതരിപ്പിച്ചുകാണും ഇതിനകം. അതിനും മാത്രം കോമാളിത്തരമൊക്കെ ചാനലുകളിലൂടെ എം.ജിയിൽ നിന്ന് കൊട്ടക്കണക്കിന്‌ അവർക്ക്‌ കിട്ടുന്നുണ്ട്‌. പറഞ്ഞുവരുന്നത്‌ എം.ജി സാമാന്യം നല്ലൊരു ഗായകൻ മാത്രമാണ്‌, നല്ലൊരു റിയാലിറ്റി ഷോ ജഡ്ജിയല്ല എന്നതാണ്‌. ഒരു നല്ല വിധികർത്താവിനുവേണ്ട ചില ഗുണങ്ങൾ അദ്ദേഹത്തിനില്ല. കൈരളി ചാനലിലെ ഗന്ധർവ്വസന്ധ്യയിലെ ജഡ്ജിംഗും, മഞ്ച്‌ സ്റ്റാർ സിംഗറിലെ വേണുഗോപാലിന്റേയും, സുജാതയുടേയുമൊക്കെ ജഡ്ജിംഗ്‌ ഇടപെടലുകളും സുതാര്യവും, പക്വതാപൂർണ്ണവും, നീതിയുക്തവുമായിരുന്നു. ഐഡിയാസ്റ്റാർ സിംഗറിൽ എം.ജിയും ശരത്തും ചേർന്ന് കഴിഞ്ഞ ആറ്‌ വർഷങ്ങളായി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ ഏവരും സമ്മതിക്കുന്ന സത്യമാണ്‌. എന്താണ്‌ ഒരു നല്ല വിധികർത്താവിനുവേണ്ട ഗുണങ്ങൾ....? സത്യത്തിൽ എന്തിനാണ്‌ നമുക്കീ റിയാലിറ്റി മഹാമഹങ്ങൾ...? പ്രതിഭയുള്ളവർ എന്നായാലും, എവിടെയായാലും രംഗത്തുവരും. അവസരങ്ങൾ ചാനലുകളിലൂടെ വീതിച്ചുകൊടുക്കുകയല്ല ചെയ്യേണ്ടത്‌. കഴിവുള്ളവർ അവസരങ്ങൾ കഷ്ടപ്പെട്ട്‌ കൈപ്പിടിയിലൊതുക്കുകയാണ്‌ വേണ്ടത്‌. അങ്ങനെയുള്ള പ്രതിഭകളേ നിലനിൽക്കൂ.

ഒരു വിധികർത്താവിന്‌ ആദ്യം വേണ്ടത്‌ നല്ല ക്ഷമയാണ്‌. നിങ്ങളെ നിങ്ങളാക്കിയ സംഗീത സംവിധായകർ നിങ്ങളോട്‌ കാട്ടിയിരുന്ന അതേ ക്ഷമ. അതില്ലാത്തവർ ഈ പണിക്ക്‌ പോകരുതെന്നാണ്‌ എന്റെ പക്ഷം. ഷോയിൽ പങ്കെടുക്കാൻ വരുന്നവരിൽ കഴിവുള്ളവരും, കഴിവില്ലാത്തവരും കാണും. ഇതാദ്യം തിരിച്ചറിയുകയാണ്‌ രണ്ടാമത്‌ വേണ്ട ഗുണം. ജഡ്ജിയുടെ വീരഗാഥകൾ സ്വയം പറഞ്ഞും പാടിപ്പുകഴ്ത്തിയും തൊലിക്കട്ടിയളക്കേണ്ട വേദിയല്ല എന്ന തിരിച്ചറിവാണ്‌ പിന്നീട്‌ വേണ്ടത്‌. കുറ്റങ്ങളും, കുറവുകളും ഒരു ഗുരുവിന്റെ സ്ഥാനത്തുനിന്ന് മൽസരാർത്ഥികളെ വേദനിപ്പിക്കാതെ പറഞ്ഞുമനസ്സിലാക്കി കൊടുക്കലാണ്‌ പ്രധാന ധർമ്മം. അർഹിക്കന്ന മാർക്ക്‌ കൊടുക്കുന്നത്‌ സംഗീതത്തോടുതന്നെ കാട്ടുന്ന നീതിയും. വേഷത്തിലും, ആലാപനത്തിലും വരുന്ന കുഴപ്പങ്ങൾ ചികഞ്ഞുകണ്ടുപിടിച്ച്‌ മൽസരാർത്ഥിയെ പബ്ലിക്കിനു മുന്നിൽ പരിഹസിച്ച്‌ വലിയവൻ ചമയുന്ന സ്ഥിരം പരിപാടി ആവർത്തിക്കാതിരിക്കലാണ്‌ പുതുതലമുറയോട്‌ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. ചാനലുകാർ കൊടുക്കുന്ന പണത്തിന്റെ നന്ദി കാട്ടാനും, ഷോയുടെ കൊഴുപ്പും, റേറ്റിംഗും കൂട്ടാനും കാണിക്കുന്ന വളിച്ച തമാശകളും, പുളിച്ച കോമഡികളും ഒഴിവാക്കിയാൽ അർഹിക്കുന്ന ബഹുമാനമെങ്കിലും ജനം നിങ്ങൾക്ക്‌ നൽകും. സംയമനത്തോടെ, പ്രസന്നതയോടെ, സൗമ്യതയോടെ, സമച്ചിത്തതയോടെ നീതിപുരസ്സരം ഓരോ പാട്ടിനും വിധി പറയാൻ പഠിക്കുന്നതോടൊപ്പം ഉള്ളിലെ ഈഗോ വിളമ്പേണ്ട സ്ഥലമല്ല റിയാലിറ്റി ഷോയെന്ന തിരിച്ചറിവുകൂടിയുണ്ടായാൽ ഉള്ള വില കളയാതെ കാത്തുസൂക്ഷിക്കാം. മൽസരത്തിന്റെ ചില ഘട്ടങ്ങളിൽ പാട്ടിന്റെ അഴകളവുകൾ നിർണ്ണയിക്കുമ്പോൾ അസ്ഥാനത്ത്‌ പ്രയോഗിക്കുന്ന തന്റെ തമാശ (?) യിൽ ഈ മനുഷ്യൻ പരിസരം മറന്ന് പൊട്ടിച്ചിരിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. ചിലനേരം കുട്ടികളെപ്പോലെ നിർമ്മലനായും, ചിലനേരം കർക്കശ്ശക്കാരനായ പരുഷഭാഷിയായും രൂപം മാറുന്നതും പ്രേക്ഷകരെപ്പോലും വിസ്മയിപ്പിച്ചിട്ടുണ്ടാവണം. തനിക്കുള്ള അറിവിന്റേയും, അനുഭവങ്ങളുടേയും ആഴം,  സ്വയമറിയാതെ പ്രകടമാകുന്ന ഗർവ്വോടെ മറ്റുള്ളവരെ പറഞ്ഞറിയിക്കേണ്ടിവരുന്നത്‌ എത്ര വലിയ ഗതികേടാണ്‌. എം.ജിയെക്കാളും കഷ്ടമാണ്‌ ശരത്തിന്റെ കാര്യം. പ്രേക്ഷകരേയും, മൽസരാർത്ഥികളേയും വധിക്കുന്ന കാര്യത്തിൽ ഈ രണ്ടുപേർക്കും കൊടുക്കണം രണ്ടുകോടിയുടെ രണ്ടുഫ്ലാറ്റുകൾ. ഏറ്റവും പുതിയ സീസൺ ഷോയിൽ എം.ജിയുടെ ബലം പിടിച്ചുള്ള സീരിയസ്സ്‌ ഇരിപ്പ് കാണുമ്പോൾ തന്നെ ചിരി വരും. ഓരോ പാട്ടിനേയും, പാട്ടുകാരേയും പുച്ഛത്തോടേയും, അനിഷ്ടത്തോടേയും വീക്ഷിക്കുന്ന എം.ജിയുടെ ഗൗരവമുഖചലനങ്ങൾ അനുകരിക്കാൻ ശ്രമിക്കുകയാവും മിമിക്രിക്കാർ ഇപ്പൊ അണിയറയിൽ. സംഗീതത്തിൽ അവഗാഹമുള്ള ഇദ്ദേഹം ഇപ്പോൾ സംഗീത സംവിധാനത്തിലും കൈവച്ചിട്ടുണ്ട്‌. അതേതായാലും നന്നായി. ഗായകനെന്ന നിലയിൽ അവസരം കുറഞ്ഞാലും, റിയാലിറ്റി ഷോകൾ നിർത്തലാക്കിയാലും ഇനി പേടിക്കേണ്ട.
നേരും നുണയും: മോഹൻലാലിന്‌ യേശുദാസിന്റേയും, വേണുഗോപാലിന്റേയും ശബ്ദം മാച്ചാകുന്നു എന്ന അസൂയാലുക്കളുടെ കണ്ടെത്തൽ കല്ലുവച്ച നുണയാണെന്നും അവർ പാടിയ പാട്ടുകളിൽ സംഗതിയും ടെമ്പോയും കൃത്യസമയത്തിന്‌ വന്നിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞെന്ന് ചില കബുദ്ധികൾ പറയുന്നത്‌ വിശ്വസിക്കേണ്ട. മാങ്ങയുള്ള മാവിലേ ആർക്കും കല്ലെറിയാൻ താൽപ്പര്യമുണ്ടാകൂ.
വാലും തുമ്പും: എം.ജിയെ എനിക്കിഷ്ടമാണ്‌, അദ്ദേഹത്തിന്റെ ഗാനങ്ങളും. ഒരു നൊസ്റ്റാൾജിയ പോലെ മലയാളികൾ നെഞ്ചിലേറ്റിയ കുറച്ച്‌ പാട്ടുകളിലൂടെ എം.ജി ശ്രീകുമാറെന്ന ഗായകനും നമ്മുടെയൊക്കെ ഉള്ളിൽ ഇടം പിടിക്കുന്നുണ്ട്‌. കണ്ണീർപ്പൂവിന്റെ കവിളിൽത്തലോടി ഈറൻ മേഘം പോലെ മാനത്തെ ചന്ദിരനായി വിളങ്ങേണ്ട ഈ ഗായകൻ റിയാലിറ്റി ഷോകളിലെ ബഹളങ്ങൾക്കിടയിൽ സ്വന്തം പ്രതിഭ മറക്കാതിരുന്നെങ്കിൽ....!



4 comments:

പട്ടേപ്പാടം റാംജി said...

ചിത്രമാണ് ഞാന്‍ അധികവും നോക്കിയത്.
സരസമായ എഴുത്തും നന്നായി.

അനില്‍@ബ്ലോഗ് // anil said...

ഇദ്ദേഹവും ഒരു മലയാളിയാണല്ലോ, അതിന്റെ ഗുണം കാണിക്കാതിരിക്കില്ലല്ലോ.

ഷാരോണ്‍ said...

എംജി ശ്രീകുമാര്‍ സംഗീതത്തില്‍ തന്റേതായ ഒരു വ്യക്തിത്വം സൃഷ്ടിച്ചെടുത്ത ആള്‍ തന്നെ. മറ്റു പലരെയും പോലെ ദാസേട്ടന്റെ നിഴലില്‍ ഒതുങ്ങിപ്പോകാഞ്ഞതും അതുകൊണ്ട് തന്നെ.
പക്ഷെ,
ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ ശുദ്ധ പരാജയം ആണ് ഇദ്ദേഹം.
വേണുഗോപാലുമായുള്ള പ്രശ്നം, ജ്യേഷ്ഠനുമായി നില നിന്ന സ്വരച്ചേര്‍ച്ച ഇല്ലായ്മ തുടങ്ങിയവ എല്ലാം മാധ്യമത്തില്‍ വിളിച്ച് പറഞ്ഞു പലപ്പോഴും പരിഹാസ്യനായി മാറുന്നത് കാണുമ്പോള്‍ കഷ്ടം തോന്നും.

ഒരു യാത്രികന്‍ said...

വരയും വരികളും ഏറെ സുന്ദരം........സസ്നേഹം