Wednesday, April 18, 2012

അൺഫിനിഷ്ഡ്..!

എന്റെ സുഹൃത്ത് സഫറിനൊരാഗ്രഹം, അവന്റെ പേര് വച്ചുകൊണ്ടൊരു പ്രണയപ്പാട്ട് വേണം. അമീർഖാന്റെ ‘ഖയാമത് സേ ഖയാമത് തക്’ എന്ന സിനിമയിലെ ‘ഏയ് മേരേ.. ഹംസഫർ’ എന്ന ഹിറ്റ് സോംഗിന്റെ കടുത്ത ആരാധകനാണ് കക്ഷി. ഈ പാട്ടിനെപ്പോലൊരു പാട്ട്. അതേ ട്യൂൺ, അതേ മ്യൂസിക്.. ബട്ട് മലയാളം വേർഷൻ. സഫറിന് വേണ്ടത് അത്രമാത്രം. ഒപ്പമുണ്ടായിരുന്ന ചില കണ്ടീഷൻസ് ഇതാണ്...

1. സഫർ എന്ന പേര് വരണം. ചേർച്ചയോ, പദപ്പൊരുത്തമോ ആശയക്ലിഷ്ടതയോ ഒന്നും പ്രശ്നമല്ല. അനാവശ്യ ഘടകമാണെങ്കിലും അത് നിർബന്ധമാണ്.

2. ട്യൂൺ ഏതാണ്ടെങ്കിലും മറ്റവനെപ്പോലെ വരണം. മ്യൂസിക് ലേശം മാറിയാലും വിരോധമില്ല.

3. പാട്ട് ആര് പാടിയാലും വിഷയമില്ല.

4. ഒറ്റ ദിവസം കൊണ്ട് തീർക്കണം.കാരണം പെരുന്നാളിന് ബാലരാമപുരത്തെ സഫറിന്റെ മൊബൈൽ ഷോപ്പിൽ ഇത് ഉച്ചത്തിൽ വയ്ക്കാനുള്ളതാണ്.

5. തന്റെ പഴയ കാമുകി (മാർ) അറിയാതെയെങ്കിലും ആ വഴി വന്നാൽ ഡെയ്ലി പ്ലേ ചെയ്യുന്ന ഈ പാട്ട് കേട്ട് ചങ്കുപൊട്ടിച്ചാകണം. ‘സ്സെ... വറണ്ടാർന്നു..’ എന്നവൾക്ക് തോന്നണം. ഷോപ്പിന്റെ മൂലയിൽ ദു:ഖഭരിതനായി നിൽക്കുന്ന സഫറിനെ കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പണം.

6. പാട്ടിന്റെ ചെലവ് കുറഞ്ഞാലും സാരമില്ല, ഗംഭീരമാകണം. ഇത്രേയുള്ളൂ കണ്ടീഷൻ. സഫറിന്റെ അറിയാത്ത കാമുകിമാരെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഞാൻ പെട്ടെന്ന് വരികളെഴുതി, സങ്കൽ‌പ്പത്തിൽ അവരുടെ മുഖമോർമ്മിച്ച് അനിൽ ഭാസ്കർ ട്യൂൺ ചെയ്തു. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും സഫറിന്റെ പ്രിയതമകൾക്ക് വേണ്ടി ഐഡിയാ സ്റ്റാർസിംഗറിലെ അനൂപ് മണിക്കൂറുകൾക്കുള്ളിൽ ബി.ജി.എം പൂർത്തിയാക്കി. ജസ്റ്റ് ട്രാക്ക് പാടിയ, മിക്സ് ചെയ്യാത്ത ഫയൽ സഫർ കയ്യോടെ കൊണ്ടുപോയി. ഈ പാട്ട് ഫൈനൽ അല്ല, എന്നെങ്കിലും ഫൈനൽ വോയിസെടുത്ത് മിക്സ് ചെയ്ത് സഫറിന് കൊടുക്കണം. ഞാൻ ബാലരാമപുരത്ത് ഇപ്പൊ പോകാറില്ല.കാരണം ഇന്നും, എപ്പോഴും ഈ പാട്ട് ബാലരാമപുരം ജംഗ്ഷനെ നടുക്കി മുടങ്ങാതെ കേൾക്കുന്നുണ്ട്. പഴയ കാമുകിമാർ കണ്ണീരൊഴുക്കിയോ എന്നറിയില്ല. സഫർ ചെമ്മീനിലെ പരീക്കുട്ടിയെപ്പോലെ ഡെയ്ലി പാട്ടിനൊപ്പം കണ്ണീരൊഴുക്കാറുണ്ടെന്നാണ് കേൾവി.

2 comments:

ശ്രീ said...

കലക്കി മാഷേ

ഇ.എ.സജിം തട്ടത്തുമല said...

നന്നായിട്ടുണ്ട്