Sunday, May 06, 2012

വിൻഡോസിന്റെ പൂജ

പൃഥ്വി വിഘ്നേഷ്‌ ഫിലിംസിന്റെ ബാനറിൽ നിലാ കമ്മ്യൂണിക്കേഷൻസും, പൃഥ്വി വിഘ്നേഷ്‌ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന വിൻഡോസ്‌ എന്ന തമിഴ്‌ സിനിമയുടെ പൂജ 3-5-2012 വ്യാഴാഴ്ച രാവിലെ 10 മണിക്ക്‌ തിരുവനന്തപുരം മസ്കറ്റ്‌ ഹോട്ടലിൽ വച്ച്‌ നടന്നു. സംവിധായകനും, ഗാനരചയിതാവുമായ ബാലു കിരിയത്തും, കവിയും ഗാനരചയിതാവുമായ ഗിരീഷ്‌ പുലിയൂരും, നാടകകൃത്ത്‌ വേട്ടക്കുളം ശിവാനന്ദനും ചേർന്ന്‌ ചടങ്ങിന്‌ ഭദ്രദീപം കൊളുത്തി. തമിഴിനു പുറമെ മലയാളം, തെലുങ്ക്‌, കന്നട എന്നീ ഭാഷകളിലും റിലീസ്‌ ചെയ്യുന്ന വിൻഡോസിന്റെ ഓഡിയോ റിലീസിംഗ്‌ മെയ്‌ 15-ന്‌ ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോയിൽ വച്ച്‌ നടക്കും. കാർട്ടൂണിസ്റ്റും, ആഡ്‌ ഫിലിം മേക്കറുമായ സുനിൽ പണിക്കരാണ്‌ വിൻഡോസിന്റെ സംവിധായകൻ.
തികച്ചും ഒരു ഫാമിലി സിനിമയാണെങ്കിലും യൂത്തിന്റെ ടേസ്റ്റുകൾക്കൊപ്പം നിൽക്കുന്ന വളരെ ഫാസ്റ്റായൊരു സിനിമയാണ്‌ വിൻഡോസ്‌. ചെന്നൈ നഗരത്തിലെ ഒരു അപ്പാർട്ട്‌മെന്റാണ്‌ വിൻഡോസിന്റെ കഥാപശ്ചാത്തലം. ഈ അപ്പാർട്ട്‌മെന്റിലെ ആറ്‌ കുടുംബങ്ങളിലൂടെ കടന്നുപോകുന്ന വിൻഡോസിൽ യുവ ബിസ്സിനസ്‌ മാഗ്നറ്റ്‌ ബാലചന്ദറായി വിനീതും, ടിവി ചാനൽ അവതാരകയായി മുക്തയും പ്രധാന വേഷങ്ങളിലെത്തുന്നു. വിൻഡോസ്‌ എന്ന സിനിമ മറ്റുള്ളവരുടെ സ്വകാര്യതകളിലേയ്ക്കിറങ്ങിച്ചെല്ലുന്ന കൗതുകക്കണ്ണുള്ള ജനാലയാണ്‌. ഈ അപ്പാർട്ട്‌മെന്റിൽ നടക്കുന്ന ഒരു കൊലപാതകത്തിനുപിന്നിലുള്ള രഹസ്യത്തിലേയ്ക്ക്‌ വിൻഡോസ്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
വിൻഡോസിന്റെ തിരക്കഥ ഹെഡ്‌വിഗ്‌ ബി നിർവ്വഹിക്കുന്നു. രാധാകൃഷ്ണൻ കാലടി, ഗോപൻ കമലേശ്വരം, ദീപു ആർ. ശശിധരൻ എന്നിവർ ചേർന്ന് പൃഥ്വി വിഘ്നേഷ്‌  ഫിലിംസിന്റെ ബാനറിൽ നിലാ കമ്മ്യൂണിക്കേഷൻസിനൊപ്പം ഈ സിനിമ നിർമ്മിക്കുന്നു. സന്തോഷ്‌ മേലത്തുമേലെ ക്യാമറയും, അനിൽ ഭാസ്കർ സംഗീതവും, യുവഭാരതി-പളനി ഭാരതി എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്ന വിൻഡോസിൽ കെ.എസ്‌. ചിത്ര, കാർത്തിക്‌, ബെന്നി ദയാൽ, അശ്വതി കൃഷ്ണ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു. പ്രൊഡക്ഷൻ കണ്ട്രോളർ എസ്‌.എൽ. പ്രദീപും, ആർട്ട്‌ ഡയറക്ഷൻ സുന്ദർരാജും, കോസ്റ്റ്യൂംസ്‌ പഴനിയും, മേക്കപ്പ്‌ ബാലുവും, കൊറിയോഗ്രാഫി കൂൾ ജയന്തും എഡിറ്റിംഗ്‌ ശരവണനും, പി.ആർ.ഒ. വർക്ക്‌ അയ്മനം സാജനും, എഫക്ട്സ്‌ സുഭാഷ്‌ എൻ. നായരും, പബ്ലിസിറ്റി ഡിസൈൻ അജയ്‌ ഗോവർദ്ധനും, രാജേഷ്‌ വിശ്വവും നിർവ്വഹിക്കുന്നു. ചീഫ്‌ അസ്സോസിയേറ്റ്‌ ഡയറക്ടേഴ്സ്‌ പാണ്ഡ്യൻ, ലതീഷ്‌ മോഹൻ, അസിസ്റ്റന്റ്‌ ഡയറക്ടർ അജിത്ത്‌ പാട്ടത്തിൽ, നവിൻദിൽ എരോൾ എന്നിവരാണ്‌. വിൻഡോസിന്റെ ചിത്രീകരണം ജൂൺ ആദ്യവാരം ചെന്നൈയിൽ ആരംഭിക്കും.







































2 comments:

Sanal Kumar Sasidharan said...

ആശംസകള്‍ സുനില്‍ .. എല്ലാം പ്രതീക്ഷിച്ചപോലെ നടക്കട്ടെ..വിജയമാകട്ടെ

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.........