Thursday, December 20, 2012

സ്റ്റാറാകാൻ രഞ്ജിനിയുടെ എൻട്രി.











































രഞ്ജിനി ഹരിദാസ്..... സ്ത്രൈണഭാവങ്ങൾക്ക് പുതിയ ഭാഷ്യവും, വേഷപ്പകർച്ചയും നൽകിയ പുതിയ കാലത്തിലെ പെണ്ണ്. തന്റേടത്തിന്റെ, കരളുറപ്പിന്റെ ഈ പെൺസമവാക്യം സദാ കലഹിക്കുന്നത് നമ്മുടെ സമൂഹത്തിലെ അലിഖിത സമ്പ്രദായങ്ങളോടാണ്, അഥവാ ചില യാഥാസ്ഥിതിക മനോഭാവങ്ങളോടാണ്. സ്വന്തം ജീവിതത്തിലൂടെ അവരത് പ്രകടിപ്പിച്ചുകൊണ്ട് മലയാളികൾക്ക് മുന്നിൽ അൽഭുതമാവുകയാണ് ഓരോ വിവാദങ്ങളിലൂടെയും. കേരളത്തേയും, ഇവിടത്തെ കപട സദാചാരബോധത്തേയും വെറുത്ത്, വിദേശത്തേക്ക് പലായനം ചെയ്ത് ഈ പഴയ മിസ്.കേരള വിധിവൈപരീത്യത്താൽ കേരളത്തിലേയ്ക്ക് തന്നെ വൈകാതെ മടങ്ങിയെത്തി. ആണിനും പെണ്ണിനും ഒരേ സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന അവൾ ഈ ലോകത്തോട് ഫൈറ്റ് ചെയ്തത് പക്ഷപാതങ്ങളില്ലാത്ത മൗലികാവകാശങ്ങൾക്ക് വേണ്ടിയായിരുന്നു. സ്ത്രീവർഗ്ഗത്തിനുവേണ്ടി പുതിയ സ്വാതന്ത്ര്യാവകാശസമരങ്ങളോ..? കേട്ട സകലമാന പെണ്ണുങ്ങളും ഞെട്ടി. ഞെട്ടി ഞെട്ടി ഒരു പരുവമായപ്പോൾ രഞ്ജിനി ഒരു സംഭവമാണെന്നും, ഈ അവതാരക ഒരവതാരമാണെന്നും മനസ്സിലാക്കി ഞെട്ടലിന് അവർ ഫുൾസ്റ്റോപ്പിട്ടു. നീണ്ട നാലുമണിക്കൂർ റെസ്റ്റില്ലാതെ തൊണ്ട വറ്റിച്ച് അവതാരകയായി തുടക്കം കുറിച്ച പരിപാടിയ്ക്ക് പ്രതിഫലമായി കിട്ടിയ 500 ഉലുവ തന്നെ നോക്കി ചിരിച്ചപ്പോൾ ഈ ഫീൽഡിൽ 'മാന്യമായൊരു' പേരും പ്രതിഫലവും താൻ സ്വന്തമാക്കുമെന്ന് ധാർമ്മികരോഷത്തോടെ അന്നവൾ പ്രതിജ്ഞയെടുത്തു. ഫലം, സാഹസികന്റെ ലോകത്തിലെ ശ്രദ്ധേയയായ അഡ്വഞ്ചർ അവതാരകയെന്ന ഇമേജ്. വൈകാതെ ഐഡിയ സ്റ്റാർ സിംഗറിലേയ്ക്ക്. അതൊരു തുടക്കമായിരുന്നു. ഒരു ഷോയുടെ സകലചലനങ്ങളും തന്റെ കൈവെള്ളയിൽ ആവാഹിച്ച് സ്വയം താരമായ മാജിക്. ഒടുവിൽ അവൾ നേടിയതോ ഒരു ദിവസം അരലക്ഷത്തിലേറെ വിലയുള്ള താരപരിവേഷവും. ഏതൊരു കോമ്പെയറും കൊതിച്ചുപോകുന്ന അസൂയാവഹമായ നേട്ടം. വേഷത്തിലും, ഭാവത്തിലും, ശബ്ദത്തിലും തന്റേതുമാത്രമായ സെക്സി എഫക്ട് കാത്തുസൂക്ഷിക്കുന്ന രഞ്ജിനിയെ പലരും അറിഞ്ഞും അറിയാതെയുമൊക്കെ അനുകരിച്ചുതുടങ്ങുകയായിരുന്നു പിന്നീട്. രഞ്ജിനിയിലൂടെ സ്റ്റാർ സിംഗർ ഒരു ജനകീയ പരിപാടിയായി മാറി എന്നുവേണം പറയാൻ. അസഹ്യതയോടെ ചാനലുമാറ്റി ഇതൊരു അൺസഹിക്കബിൾ പ്രോഗ്രാമാണെന്ന് ഉറക്കെ പറഞ്ഞവർ പോലും രഹസ്യമായി ആ അസഹ്യതയെ ആസ്വദിക്കുകകായിരുന്നു ഓരോ രാത്രികളിലും... ഏതൊരു പ്രോഗ്രാമിനെക്കാളും നല്ല റേറ്റിംഗ്... ചുരുക്കത്തിൽ ഐഡിയ സ്റ്റാർ സിംഗർ വമ്പൻ ഹിറ്റ്... അതോടെ രഞ്ജിനി അവതരണകലയുടെ, മലയാള ഭാഷയുടെ, ന്യൂജെനറേഷൻ വ്യാകരണ നിയമങ്ങളുടെ എഴുത്തച്ഛിയായി.

ഉച്ചാരണത്തിലെ അശുദ്ധിയും, ബോഡി ലാംഗ്വേജിലെ അറുബോറൻ ചേഷ്ടകളും രഞ്ജിനിയിലൂടെ പരിഷ്കാരത്തിന്റെ അടയാളങ്ങളായപ്പോൾ മല്ലൂസിന്റെ മംഗ്ലീഷിന് പുതിയൊരു പേരുകൂടി ചുളുവിൽ കിട്ടി; 'മാട്ട മലയാളം'...! രഞ്ജിനിയുടെ നാവിൽ മലയാളം വരില്ല, അതൊരു കുറ്റമല്ലല്ലോ... കേരളത്തിലെത്തുന്ന ചില സായിപ്പന്മാരും, അന്യഭാഷാനടികളും ഒന്നാംതരമായി മലയാളം പറയുന്നത് രഞ്ജിനി കേട്ടിട്ടുണ്ടോ എന്തോ... ലേശം വൾഗറായി വസ്ത്രം ധരിക്കുന്നത് ഒരുപക്ഷെ ചാനലിന്റെ കച്ചവട താൽപ്പര്യങ്ങളാകാം. മികച്ച റേറ്റിംഗിലെത്താൻ ഓരോ പ്രോഗ്രാമും നേരിടുന്ന പെടാപ്പാട് ചെറുതല്ല. അതിന് പല മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടി വരും. പ്രോഗ്രാം പ്രൊഡ്യൂസറുടെ ആ ഉത്തരവാദിത്വം അണിയറയിലെ ഓരോ അംഗങ്ങൾക്കുമുണ്ട്. ഇത്തരം കാര്യങ്ങൾ പ്രേക്ഷകർ ദയവ് ചെയ്ത് ഇനിയെങ്കിലും മനസ്സിലാക്കണം. കുടുംബത്തോടെയിരുന്ന് പ്രോഗ്രാം കാണുന്ന പ്രേക്ഷകർ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കി ഒക്കെ സഹിച്ച് അങ്ങ് സഹകരിച്ചോളണം. അതിനുള്ള ചങ്കൂറ്റം ദൈവം ചുമ്മാ നിങ്ങൾക്ക് തന്നോളും. പറഞ്ഞ കാര്യങ്ങൾ ഇടയ്ക്ക് വിഴുങ്ങുന്ന സ്വഭാവം രഞ്ജിനിയ്ക്കുണ്ടെന്ന് തോന്നുന്നു. വിവാഹത്തിന് താൽപ്പര്യമില്ലെന്ന് പറഞ്ഞിരുന്ന രഞ്ജിനി ഇപ്പോൾ ബോഡി നീഡ്സിനെക്കുറിച്ച് പറയുന്നുണ്ട്. ഒരമ്മയാകാനുള്ള ആഗ്രഹം അവർ മൂടി വച്ചില്ല. (ബോഡി നീഡ്സിനെ തൃപ്തിപ്പെടുത്താൻ ദത്തിന് ആവുമോ എന്തോ...?) സത്യത്തിൽ രഞ്ജിനി ഹരിദാസ് ആളൊരു ശുദ്ധമനസ്കയാണ്, പഞ്ചപാവമാണ്.... ഉള്ളിലുള്ളത് ഉറക്കെ പറയും... (ഇനി അതാണോ കുഴപ്പം...?) എന്തായാലും രഞ്ജിനിയെ ചുറ്റിപ്പറ്റി വിവാദങ്ങൾക്ക് വിട്ടൊഴിയാൻ നേരമില്ല. ഇന്റർ നെറ്റിൽ വിഹരിച്ച എം.എം.എസ് ക്ലിപ്പും, ചൂടൻ ഫോട്ടോസും, നൈറ്റ് ക്ലബുകളിൽ ആണുങ്ങളോടൊത്തുള്ള വെള്ളമടി മേളങ്ങളും..... ഹൊ.... പെണ്ണായാൽ ഇങ്ങനെ വേണം. രഞ്ജിനിക്ക് ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആഘോഷങ്ങളാണ്. ക്ഷണികമായ ജീവിതത്തിൽ ഒരുപക്ഷെ രഞ്ജിനിയുടെ തീരുമാനങ്ങളാകും ശരി. എന്തൊക്കെപ്പറഞ്ഞാലും ഏതുവേദിയിലും ഊർജ്ജ്വസ്വലതയും, ഡെഡിക്കേഷനും കാത്തുസൂക്ഷിക്കുന്ന രഞ്ജിനിയുടെ സ്മാർട്ട്നെസ്സ് നമ്മൾ അംഗീകരിച്ചേ മതിയാകൂ. വാങ്ങുന്ന പണത്തിന് കാട്ടുന്ന പ്രൊഫഷണലിസമാണ് അവരുടെ ഏറ്റവും വലിയ ക്വാളിറ്റി. സിനിമയിലേയ്ക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന രഞ്ജിനിയുടെ ആദ്യ മലയാള ചിത്രമാണ് 'എൻട്രി'. സുരാജിനൊപ്പം കുരുത്തം കെട്ടവനെന്ന ആൽബം സോംഗിൽ തകർത്തഭിനയിച്ചശേഷമാണ് ബിഗ്സ്ക്രീനിലേയ്ക്കുള്ള രഞ്ജിനിയുടെ ഈ എൻട്രി. ആദ്യ സിനിമയിലെ തന്റേടിയായ വനിതാപോലീസ് ഓഫീസറുടെ വേഷം രഞ്ജിനി കലക്കുമെന്ന് സമാന മനസ്കരായ പെൺ മൂരാച്ചികൾ..... ഇവൾ ഇതോടെ തീരുമെന്ന് ചില ബ്ലഡി ഇഡിയറ്റ്സ് പുരുഷ വിവരദോഷികൾ... ഈ വാഗ്വാദങ്ങൾക്കിടയിൽ അതാ വരുന്നു രഞ്ജിനിയുടെ അടുത്ത പടത്തിന്റെ വാർത്ത. ലാപ്ടോപ്പിന്റെ സംവിധായകൻ രൂപേഷ് പോളിന്റെ വാട്ട് ദ എഫിലും നായിക രഞ്ജിനിയാണത്രെ. എന്തായാലും 'ച്വാച്ചി' സംഗതി കലക്കുമെന്നാണ് സിനിമാ പിന്നണിയിലെ അടക്കം പറച്ചിലുകൾ.

നേരും നുണയും:
കണ്ണൂരിലെത്തിയ മറഡോണയുമൊത്തുള്ള വിവാദ നൃത്തച്ചുവടുകളായിരുന്നു പുതിയ വിശേഷം. തന്റെ പ്രശസ്തി അങ്ങ് ലാറ്റിനമേരിക്കവരെ പരക്കുമെന്ന് മറഡോണയെ കെട്ടിപ്പിടിക്കുമ്പോൾ രഞ്ജിനിപോലും കരുതിയിരുന്നില്ല. മറഡോണ വിത്ത് ന്യൂ ലവ് എന്നാണ് പെറുവിലെ പത്രങ്ങളിൽ ഫോട്ടോ സഹിതം വന്ന വാർത്ത. എന്നാൽ, തന്നെ ചേർത്ത് ഗോസിപ്പ് വന്നത് മറഡോണയുടെ ഗതികേടാണെന്നായിരുന്നു രഞ്ജിനിയുടെ പ്രതികരണം. അത് സത്യമായിത്തീരാനുള്ള സാധ്യത ചെറുതല്ല. കാരണം മറഡോണയുടെ അഞ്ചുമാസം ഗർഭിണിയായ കാമുകി വെറോണിക്ക ഒഡേയുമായുള്ള ബന്ധം ഫുട്ബോൾ ദൈവം വേണ്ടെന്ന് വച്ചത് ഈ സംഭവത്തോടെയാണെന്നാണ് ചില മാധ്യമങ്ങൾ എഴുതി പിടിപ്പിച്ചിട്ടുണ്ട്. 

വാലും തുമ്പും:
സിനിമാ അഭിനയം കോംപയറിംഗ് പോലെ നിസ്സാരമല്ലെന്ന് തുറന്ന് പറഞ്ഞ താരം ഇപ്പോഴാവും അഭിനയകലയിലെ രാജാവായ ജഗതിയുടെ വില മനസ്സിലാക്കുന്നത്. സ്റ്റാർസിംഗറിന്റെ കഴിഞ്ഞ ഫലപ്രഖ്യാപന വേദിയിൽ ജഗതി തന്നെ നാറ്റിച്ചതിന്റെ ചൊരുക്ക് തീർത്തത് ജഗതിയെ മിസ്റ്റർ മൂൺ എന്ന് വിളിച്ച് കളിയാക്കിക്കൊണ്ടായിരുന്നു. സിനിമയിൽ ഓരോ ഷോട്ടിലും വെള്ളം കുടിക്കുന്ന രഞ്ജിനി മിസ്റ്റർ മൂൺ ആരായിരുന്നുവേന്ന് ഇപ്പോൾ മനസ്സിലാക്കുന്നുണ്ടാവും. വർഷങ്ങളായി തുടരുന്ന സ്റ്റാർസിംഗർ പരിപാടി രഞ്ജിനിയ്ക്കും മടുത്തു.., പ്രേക്ഷകർക്കും മടുത്തു..., പാട്ടുകാർക്കും മടുത്തു..., ജഡ്ജസിനും മടുത്തു...... ഹെന്തിന് ടോട്ടൽ ടീമിനുപോലും മടുത്തു...... പക്ഷെ..... ഏഷ്യാനെറ്റിനുമാത്രം മടുത്തില്ല. സ്റ്റാർ സിംഗർ ഇപ്പൊ പഴയ സ്റ്റാർ സിംഗറല്ലെങ്കിലും, രഞ്ജിനി പഴയ രഞ്ജിനി തന്നെയെന്നാണ് പഴമക്കാർ പറയണത്.... (പഴമക്കാർ = വർഷങ്ങളായി ഈ ഫ്രോഗ്രാം കാണുന്നവർ
ഒടുവിൽ സകലരുടേയും അഭ്യർത്ഥന മാനിച്ച്‌ 2012 ഡിസംബർ മാസം അവസാനത്തോടെ അൽസാജിൽ വച്ച്‌ ഐഡിയ സ്റ്റാർ സിംഗറിന്റെ ചരമം ആഘോഷിക്കപ്പെട്ടു. ചിലപ്പോൾ ഒരു പുതിയ പേരിൽ, പുതിയ രൂപത്തിൽ സംഗതി പുനർജനിച്ചേക്കാം. 
ആൻ ഐഡിയ കാൻ ചേഞ്ച് യുവർ ലൈഫ് എന്നല്ലേ ചൊല്ല്... അപ്പൊ അപ്പികള് ഇനീം സഹിച്ചേ പറ്റൂ.... എന്തര്....?

4 comments:

ഇ.എ.സജിം തട്ടത്തുമല said...

വായന അടയാളപ്പെടുത്തുന്നു

ഇലക്ട്രോണിക്സ് കേരളം said...

എന്‍ട്രി യുടെ റിവ്യൂ ആണെന്നുകരുതി വായിച്ചു കുളമായി...........

Anonymous said...

ആ സിംഗർ പരിപാടി നിർത്തി അല്ലേ? നല്ല കാര്യം!

വരകൾ കെങ്കേമം

Unknown said...

പണിയ്ക്കരേ.. ഈ പണി ഗംഭീരം..... വളരെ നന്നായിരിയ്ക്കുന്നു...