Thursday, March 07, 2013

ചരിത്രം വഴിമാറും, കമൽ വരുമ്പോൾ...!






സ്വപ്നങ്ങളുടെ ചാക്ക്‌ തലയിലേറ്റി, അടക്കാനാകാത്ത സിനിമാമോഹങ്ങളുമായി 80-കളിൽ മദിരാശിയിലേയ്ക്ക്‌ വണ്ടി കയറിയ പലരിലൊരാൾ, ത്രാസം എന്ന കഥയെഴുതി സിനിമയുടെ മായിക ലോകത്തേയ്ക്ക്‌ നടന്നു കയറിയെങ്കിലും 'ആരോരുമറിയാതെ' അയാൾ ഉള്ളിൽപ്പേറിയത്‌ സ്വന്തം സിനിമയെന്ന സ്വപ്നമായിരുന്നു. നിർഭാഗ്യങ്ങൾക്കും, അവഗണനകൾക്കുമൊടുവിൽ ഇനി ഒരിക്കലും സിനിമയിലേയിക്കില്ലെന്ന് ശപഥമെടുത്ത്‌ മദിരാശിയിൽ നിന്ന് നാട്ടിലേയ്ക്ക്‌ മടങ്ങിയെങ്കിലും സിനിമ അയാളെത്തേടിവരികയായിരുന്നു മിഴിനീർപ്പൂവുകളുടെ രൂപത്തിൽ. അന്ന്     സെല്ലുലോയ്ഡിൽ ഒരു പേരുകൂടി കാലം എഴുതിച്ചേർത്തു; കമൽ...! 


മലയാള സിനിമയിലെ ഏറ്റവും വിനീതനായ സംവിധായകനാരെന്ന് ചോദിച്ചാൽ പറയാവുന്ന വിരലിലെണ്ണാവുന്ന പേരുകളിലൊന്നാണ്‌ കമൽ. ഉയർച്ചയുടെ പടവുകൾ കീഴടക്കുമ്പോഴും അന്തസ്സുള്ള പെരുമാറ്റം കൊണ്ടും, വ്യത്യസ്തമായ സിനിമകൾ കൊണ്ടും ഈ സിമ്പിൾ മനുഷ്യൻ നമ്മെ പലപ്പോഴും വിസ്മയപ്പെടുത്തിയിട്ടുണ്ട്‌. കാക്കോത്തിക്കാവും, ഉള്ളടക്കവും, പെരുമഴക്കാലവും, ഗദ്ദാമയുമൊക്കെ ഓഫ്ബീറ്റ്‌-കമേഷ്യൽ ഗണങ്ങളിൽപ്പെടാതെ, അപ്പർ-ലോ ക്ലാസ്സ്‌ ഭേദങ്ങളില്ലാതെ ആസ്വാദനത്തിന്റെ പൊതുതലത്തിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോയ ആവിഷ്ക്കാരങ്ങളായിരുന്നു. കഥയിലും, കാഴ്ചയിലും വിഷയങ്ങളിലും, എക്സിക്യൂഷനിലും പിഴവുകൾ പറ്റാത്ത തെരെഞ്ഞെടുപ്പാണ്‌ മിനിമം ഗ്യാരണ്ടിയുള്ള ഈ സംവിധായകന്റെ എടുത്തു പറയേണ്ട ക്വാളിറ്റി.

സെല്ലുലോയ്ഡ്‌ എന്ന സിനിമ കമലിന്റെ ഏറ്റവും വലിയ ഭാഗ്യമാണ്‌. ഒരു സിനിമാക്കാരനെന്ന നിലയിൽ ജെ.സി ഡാനിയേലിന്‌ നൽകാവുന്ന ഏറ്റവും ഉന്നതമായ ഗുരുദക്ഷിണയാണ്‌ അഥവാ ഹൃദയം കൊണ്ടെഴുതിയ ആദരവാണ്‌ സെല്ലുലോയ്ഡ്‌. ജീവിച്ചിരുന്നപ്പോൾ അംഗീകരിക്കപ്പെടാതെ പോയ, ചരിത്രത്തിൽ ഇടം പിടിക്കാതെ പോകുമായിരുന്ന മലയാളത്തിലെ ആദ്യത്തെ സിനിമാക്കാരന്‌ നേരിടേണ്ടി വന്ന തിരസ്കാരത്തിന്റെ കഥ അത്രമേൽ ഹൃദ്യമായാണ്‌, കൃത്യമായാണ്‌ സെല്ലുലോയ്ഡിലൂടെ കമൽ പകർത്തിയത്‌. സെല്ലുലോയ്ഡ്‌ കണ്ടിറങ്ങുന്ന ഏതൊരാളുടേയും കണ്ണുകൾ ഒരിക്കലെങ്കിലും നിറഞ്ഞിട്ടുണ്ടാകും. ഒരു നിമിഷമെങ്കിലും ഡാനിയേലിനോടും, വിഗതകുമാരനോടും, റോസിയോടും ഒരു തലമുറ കാണിച്ച തെറ്റിന്‌ മാപ്പ്‌ പറഞ്ഞിട്ടുണ്ടാകും. മലയാളത്തിലെ രണ്ടാമത്തെ നിശബ്ദചിത്രമായ മാർത്താണ്ഡവർമ്മയുടെ നിർമ്മാതാവും, ഡാനിയേലിന്റെ സ്നേഹിതനുമായ സുന്ദർ രാജിന്റെ കഥ ഇതിലും ഭീകരമായിരുന്നു. ഏഴ്‌ അവാർഡുകൾ വാരിക്കൂട്ടിയ മലയാളത്തിലെ മികച്ച സിനിമയായ സെല്ലുലോയ്ഡിൽ ഒരുപാട്‌ പിശകുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിലും സിനിമയുടെ മികവും, നിലവാരവും എല്ലാത്തിനേയും അതിജീവിക്കുന്നുണ്ട്‌. ആരും ഇത്രയും നാൾ കാണിക്കാതെ പോയ ചങ്കൂറ്റത്തിന്‌, ഡാനിയേലിന്റെ ആത്മാവിനോട്‌ കാട്ടിയ നീതിക്ക്‌ കമലിന്‌ ഹാറ്റ്സ്‌ ഓഫ്‌.

വിവാദങ്ങൾ കത്തിക്കയറുന്ന സമയത്ത്‌ മലയാള സിനിമയുടെ യഥാർത്ഥ ചരിത്രം പറയുന്ന ഈ അസ്സല്‌ പടത്തിന്‌ ഫിക്ഷനെന്ന പരകായപ്രവേശത്തിനുമുന്നിൽ തലകുനിക്കേണ്ടി വന്നിട്ടുണ്ട്‌. വ്യക്തമായ ചരിത്രം പറയുന്ന ഈ സിനിമ എങ്ങനെ വെറുമൊരു ഫിക്ഷനാകും...? ഡാനിയേലിന്‌ സംഭവിച്ച അതേ ദുരവസ്ഥ കമലിനും നേരിടേണ്ടി വന്നിട്ടുണ്ട്‌. അന്നും, ഇന്നും നമ്മുടെ നാട്‌ ആവിഷ്കാരസ്വാതന്ത്ര്യം മനസ്സിലാക്കാനറിയാത്ത അസഹിഷ്ണുക്കളുടേതുമാത്രമാണ്‌. കുറച്ചുകൂടി ക്ഷമയും, കൃത്യമായ റഫറൻസ്‌ എടുക്കാനുള്ള ശ്രമങ്ങളും കാത്തിരിപ്പും കമലിന്‌ ഉണ്ടായിരുന്നെങ്കിൽ സെല്ലുലോയ്ഡ്‌ ഇൻഡ്യൻ സിനിമയിലെ ക്ലാസിക്‌ അനുഭവമാകുമായിരുന്നു. സിനിമയുടെ ഇതിവൃത്തവും പശ്ചാത്തലവും ചരിത്രം കൂടിയാണ്‌. ചരിത്രം സിനിമയാകുമ്പോൾ നൂറ്‌ ശതമാനം സത്യസന്ധതയും അതിലേറെ കരുതലും വേണം. കാരണം പറ്റിയ പിഴവുകൾ ഇനിയൊരിക്കലും കമലിന്‌ തിരുത്താനാവില്ല എന്നതുതന്നെ. ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ കഥ പറയുമ്പോൾ ഭാവനയ്ക്കല്ല, യാഥാർത്ഥ്യത്തിനാണ്‌ പ്രസക്തി. വിവാദമായേക്കാവുന്ന പരാമർശങ്ങൾക്ക്‌ സൂക്ഷ്മമായ അന്വേഷണവും അതിനാൽ വേണ്ടിവരും. ഏറെക്കുറെ കമൽ ഈ സിനിമയിൽ അതിനുവേണ്ടി യത്നിച്ചിട്ടുണ്ടാവണം. പക്ഷെ വാസ്തവങ്ങൾ തേടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണം വേണ്ടത്ര കരുതലോടെയായിരുന്നില്ല എന്നുവേണം കരുതാൻ. ചേലങ്ങാട്‌ ഗോപാലകൃഷ്ണന്റെ പുസ്തകത്തിന്റേയും, ആർ. ഗോപാലകൃഷ്ണന്റെ ലോസ്റ്റ്‌ ലൈഫ്‌ എന്ന ഡോക്യുമെന്ററിയുടേയും പിൻബലത്തിൽ മാത്രമാണ്‌ ഈ സിനിമയുടെ പിറവി എന്ന് പലപ്പോഴും തോന്നിപ്പിക്കുന്നു. വിനു എബ്രഹാമിന്റെ നഷ്ട നായിക എന്ന പുസ്തകമാണ്‌ സിനിമയ്ക്കാധാരമെന്ന് പറയുന്നുണ്ടെങ്കിലും റോസിയെക്കുറിച്ചുള്ള അന്വേഷണങ്ങൾപോലും വളരെ ദുർബലം. യഥാർത്ഥത്തിൽ പൂർണ്ണമായും നഷ്ടനായികയുടെയല്ല, നഷ്ടനായകന്റെ കഥയാണ്‌ ഈ സിനിമ. മൂന്നും, നാലും നൂറ്റാണ്ടിനുമുൻപ്‌ നടന്ന കഥയല്ല സെല്ലുലോയ്ഡിലേത്‌. വെറും 85 വർഷത്തിന്റെ പഴക്കമേ അതിനുള്ളൂ. നിലവിലില്ലെങ്കിൽപ്പോലും പലതിനും വ്യക്തമായ തെളിവുകളും, കണ്ടറിവുകളും, കേട്ടറിവുകളും ധാരാളമുണ്ട്‌. 1928-കളിലെ തിരുവനന്തപുരത്തെ ക്യാപിറ്റോൾ എന്ന സിനിമാ തിയറ്റർ ഭാവനാത്മകമായി സുരേഷ്‌ കൊല്ലത്തിന്‌ സെറ്റിടേണ്ടി വന്നു. പഴയകാലത്തെ ഓലപ്പുര തിയറ്റർ എന്ന സങ്കൽപ്പത്തിനപ്പുറമായിരുന്ന കോൺക്രീറ്റിൽത്തീർത്ത അന്നത്തെ ഒറിജിനൽ ക്യാപിറ്റോൾ തിയറ്റർ. സ്റ്റാച്യുവിലെ ക്യാപിറ്റോൾ തിയറ്ററിനെക്കുറിച്ച്‌ ദീർഘമായ ഒരന്വേഷണം നടത്തിയിരുന്നെങ്കിൽ ആ അപാകത ഒഴിവാക്കാമായിരുന്നു. കാരണം ആ തിയറ്റർ കണ്ടിട്ടുള്ള, അവിടെ സിനിമകൾ കണ്ടിട്ടുള്ള പലരും ഇന്ന് ജീവനോടെയുണ്ട്‌. കേരളത്തിലെ പത്രങ്ങളിൽ ഒരു പരസ്യം നൽകിയിരുന്നെങ്കിൽ ഷൂട്ടിന്‌ മുൻപ്‌ ഒറിജിനൽ ക്യാപിറ്റോളിന്റെ ചിത്രവും ലഭിക്കുമായിരുന്നു. പാളയത്തെ ഹോസ്റ്റലിന്‌ സമീപം സെറ്റിട്ട ക്യാപിറ്റോൾ തിയറ്ററിന്റെ ഫോട്ടോ മനോരമ മെട്രോ പുറത്തു വിട്ടതിന്റെ പിറ്റേന്ന് മനോരമയിൽ ഒറിജിനൽ തിയറ്ററിന്റെ ഫോട്ടോയും, ഉടമയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും വന്നു. അപ്പോഴേക്കും സെറ്റിലെ ഷൂട്ടിംഗും കഴിഞ്ഞിരുന്നു. കഥാപാത്രങ്ങളുടെ അന്നത്തെ വസ്ത്രധാരണവും, സംസാര രീതിയും, പാട്ടുകളും, അന്നുപയോഗിച്ചിരുന്ന സാധങ്ങളുമെല്ലാം അതിഗംഭീരമായി പുനരാവിഷ്കരിച്ചത്‌ എടുത്ത്‌ പറയേണ്ട മേന്മയാണ്‌. അതുകൊണ്ടുതന്നെ സെല്ലുലോയ്ഡിന്‌ നമ്മളെ വളരെ ഈസിയായി 1928-കളിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോകാൻ കഴിയുന്നു. സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷമുള്ള കേരളത്തേയും, ഈസ്റ്റ്‌ ഇൻഡ്യാക്കമ്പനിയുടെ ശക്തമായ ആധിപത്യത്തേയും ഒരിടത്തും പരാമർശിച്ചുകണ്ടില്ല. സിനിമ കുറെക്കൂടി ക്രീയേറ്റീവാക്കാമായിരുന്ന പല തലങ്ങളും വിട്ടുപോയിട്ടുണ്ടെന്ന് തോന്നി ചില ഘട്ടങ്ങളിൽ. സെല്ലുലോയ്ഡ്‌ 1928 മുതൽ 2000 വരെയുള്ള പല കാലങ്ങളിലൂടെ കടന്നുപോകുന്ന സിനിമയാണ്‌. ഫ്ലാഷ്ബാക്കിൽ കാലത്തിനനുസൃതമായ ഒരു കളർടോൺ ഈ സിനിമയ്ക്ക്‌ വേണ്ടി വന്നില്ല. സാമ്പ്രദായികമായ പതിവു രീതികളിൽ നിന്ന് കമലും, വേണുവും ബോധപൂർവ്വം വഴിമാറി സഞ്ചരിച്ചത്‌ മറ്റൊരു മികവാണ്‌. പക്ഷെ രണ്ട്‌ കാലങ്ങളും കൂടിക്കലരാതിരിക്കാനായി പഴയകാല സീനുകൾക്ക്‌ ഒരൽപ്പം, ഒരിമ്മിണി ഡൾ കളർടോൺ നൽകിയിരുന്നെങ്കിൽ വേറിട്ട്‌ നിന്നിരുന്നേനെ എന്നും തോന്നിപ്പോയി. ഫാൽക്കെയും, ജെ.സി ഡാനിയേലുമൊക്കെ യാതൊരു സാങ്കേതികവിദ്യയുടെ സഹായവുമില്ലാതെ സിൽമ പിടിക്കണ കാഴ്ചകൾ പൊളപ്പൻ കയ്യടി നേടിയ സീനുകളാണ്‌. കാലമിത്രയായിട്ടും ഒരിക്കലും സംഭവിക്കാത്ത റിയലിസ്റ്റിക്‌ കാഴ്ചയാണ്‌ നരസിംഹം റിലീസ്‌ സമയത്ത്‌ ന്യൂ തിയറ്ററിന്റെ മുൻപിലൂടെ ഡാനിയേലിന്റെ മകൻ ഹാരിസ്‌ ലോക്കൽ ബസിൽ പോകുന്നത്‌. അത്‌ ബസ്‌ റൂട്ടല്ല. (ബസ്‌ റൂട്ടാവാൻ ഇനി എത്രകാലം പിടിക്കുമോ ആവോ... സിൽമയിലെങ്കിലും അത്‌ കണ്ടല്ലോ..., ത്രിപ്പിതിയായി പപ്പനാവാ...) ആ സീൻ ഒരു കൈയകലം മാത്രമുള്ള ഓവർ ബ്രിഡ്ജ്‌ റോഡിലെ ബസിൽ വച്ചായിരുന്നെങ്കിൽ തിരോന്തരത്തുകാരുടെ കണ്ണുകൾ തള്ളില്ലായിരുന്നു. എന്തിരായാലും നരസിംഹം എന്ന സിനിമയുടെ റിലീസും, തമ്പാനൂ രിലെ ന്യൂ തിയറ്ററും ഒറിജിനൽ സംഗതികളായിരുന്നെങ്കിലും അതുവഴിയുള്ള ബസ്‌ യാത്ര മാത്രം സൗകര്യാർത്ഥമുള്ള 'ഫിക്ഷന്റെ' പരിധിക്കുള്ളിലായി. സിനിമയുടെ ടൈപ്പോഗ്രാഫിയിലും കമലിന്റെ ശ്രദ്ധ അധികം പതിഞ്ഞു കണ്ടില്ല. ഇപ്പൊ കാണുന്ന, പഴയ ഫോണ്ടെന്ന് തോന്നിപ്പിക്കുന്ന ഡിറ്റിപി ഫോണ്ടിനേക്കാളും മനോഹരമാകുമായിരുന്നു, പഴയകാല ട്രഡിൽ പ്രസ്സിലെ പൊട്ടിപ്പൊളിഞ്ഞ അച്ചിൽ എഴുതപ്പെട്ട സെല്ലുലോയ്ഡ്‌ എന്ന അക്ഷരങ്ങൾ, ദ്രവിച്ചുപോയ ഒരു ബ്ലാക്ക്‌ & വൈറ്റ്‌ ഫിലിം ഫ്രെയിമിനുള്ളിൽ കമ്പോസ്‌ ചെയ്തിരുന്നെങ്കിൽ. പോസ്റ്ററുകളും സിനിമയുടെ നിലവാരത്തിനൊത്ത്‌ ഒട്ടും ആകർഷകമായില്ല. മേക്കപ്പിലും കാര്യമായ കുഴപ്പങ്ങൾ സംഭവിച്ചിട്ടുണ്ട്‌. ഡാനിയേലിന്റെ അവസാന കാലത്തെ മേക്കപ്പിൽ കഴുത്തിലെ തൂങ്ങിയിറങ്ങിയ ചുളിവുകൾ അതിഗംഭീരമായി. പക്ഷെ  അതേ ഡാനിയേലിന്റെ കവിളുകൾ തുടുത്ത്‌ യുവാവിന്റേതുപോലെ. ലോംഗ്‌ ഷോട്ടിൽ മുഖത്തെ തീരെച്ചെറിയ ചുളിവുകൾ ഒട്ടും വ്യക്തമല്ല, കുറെക്കൂടി ഹെവി ആയിരുന്നെങ്കിൽ നല്ല ബാലൻസിംഗ്‌ ഫീൽ ചെയ്യുമായിരുന്നു. ഇതൊരു കുറ്റം പറച്ചിലല്ല, സിനിമയുടെ ഒരു ഘട്ടത്തിൽ അതിവേഗം സിനിമ പൂർത്തിയാക്കാനുള്ള ഒരു വ്യഗ്രത കമലിൽ ഉണ്ടായി എന്ന് ഇത്തരം പിശകുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ഏറെ സങ്കടം നമ്മെ കരയിപ്പിച്ച റോസിയുടെ തിരോധാനമാണ്‌. സംവിധായകൻ അതിനെക്കുറിച്ച്‌ കൂടുതലൊന്നും പറയുന്നുമില്ല. താൻ അഭിനയിച്ച സിനിമ ഒരിക്കൽപ്പോലും കാണാനാകാതെ പ്രാണഭയം കൊണ്ട്‌ ഓടിപ്പോയ റോസി എന്ന റോസമ്മയെ കേശവപിള്ള എന്ന ഡ്രൈവർ തമിഴ്‌നാട്ടിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോയതും, രാജമ്മാൾ എന്ന പേര്‌ സ്വീകരിച്ച്‌ രണ്ട്‌ മക്കൾക്കും, ഭർത്താവിനുമൊപ്പം അവർ ജീവിച്ചതും അന്വേഷിക്കാതെ പോയതും ഖേദകരം തന്നെ.

പൃഥ്വിരാജ്‌, മംമ്‌ത മോഹൻദാസ്‌, ശ്രീനിവാസൻ, സിദ്ദിഖ്‌ തുടങ്ങിയവർ മികച്ച അഭിനയം തന്നെയാണ്‌ കഴ്ച വച്ചത്‌ എന്നതിൽ സംശയമില്ല. പക്ഷെ ഈ സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത നടീനടന്മാർ അഭിനയത്തിൽ വലിയ വലിയ മികവ്‌ പുലർത്തിയെന്ന്‌ നിസംശയം പറയേണ്ടിവരും. സുന്ദർ രാജായി വന്ന ശ്രീജിത്ത്‌ രവിയും, ടി.ജി രവിയും, ജോൺസണായി വേഷമിട്ട ജയരാജ്‌ സ്വെ ഞ്ച്വറിയും, റോസിയായി വന്ന ചാന്ദ്നിയും, പൗലോസായി വേഷമിട്ട ചെമ്പിൽ അശോകനും, ഫാൽക്കെയായി വേഷമിട്ട നന്ദു മാധവും, അനൗൺസറായി വന്ന ഇന്ദ്രൻസും, നടനായി വന്ന രമേഷ്‌ പിഷാരടിയും, വയലാറായി വന്ന റാം മോഹനും, തിയറ്റർ ഓപ്പറേറ്റർ മണികണ്ഠൻ പട്ടാമ്പിയുമൊക്കെ അസാധ്യമായ പ്രകടനം തന്നെയാണ്‌ കാഴ്ച വച്ചത്‌. രണ്ടോ മൂന്നോ സീനുകളിൽ വന്നുപോയ ഇവരിൽപ്പലരും എത്ര അനായാസമായി, എത്ര സ്വാഭാവികമായി അഭിനയിച്ചിരിക്കുന്നു എന്നോർക്കുമ്പോൾ ഇപ്പോഴും വിസ്മയം തോന്നുന്നു. മികച്ച കാസ്റ്റിംഗ്‌ ആണ്‌ ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷത. ഇതിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ട്രിവാൻഡ്രം സ്ലാംഗ്‌ സംസാരിക്കുന്നുണ്ടെങ്കിലും ശ്രീജിത്ത്‌ രവി മാത്രമാണ്‌ കൂടുതൽ സൂക്ഷ്മത പാലിച്ചിട്ടുള്ളത്‌. ഡബ്ബിംഗിലും, അഭിനയത്തിലും ഒട്ടും അരോചകമാകാത്ത അദ്ദേഹത്തിന്റെ രൂപമാറ്റവും ഗംഭീരം. റോസിയെപ്പോലെ അഭിനയത്തിൽ തുടക്കക്കാരിയായ ചാന്ദ്നിയുടെ കയ്യടക്കമുള്ള പ്രകടനം പെർഫെക്ട്‌ എന്ന വാക്കിനെ മറികടക്കുന്നു.  സെല്ലുലോയ്ഡിലെ രണ്ട്‌ സീനുകൾ നമ്മുടെ കണ്ണുകൾ ഈറനണിയിക്കുന്നുണ്ട്‌. ഡാനിയേലിന്‌ മുന്നിൽ ഇരിക്കാൻ മടിക്കുന്ന റോസി ഒടുവിൽ പരിഭ്രമത്തോടെ തറയിൽ ഇരിക്കുന്ന സീനും, എല്ലാവരും വിഭവസമൃദ്ധമായ ഉച്ചയൂണ്‌ കഴിക്കുമ്പോൾ നായിക ആരും കാണാതെ മാറിയിരുന്ന് തൂക്കുപാത്രത്തിൽ നിന്ന് പ്ലാവില കൊണ്ട്‌ കഞ്ഞി കോരിക്കുടിക്കുന്ന സീനും ഹൃദയത്തെ മുറിവേൽപ്പിക്കുന്നുണ്ട്‌. അഗസ്തീശ്വരത്തു നിന്നും ഡെന്റിസ്റ്റാകാനായി ഡാനിയേൽ മദിരാശിയിലും ബോംബെയിലും ഏറെ അലഞ്ഞശേഷം മധുര, പാളയം കോട്ടൈ, കാരക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ ദന്തഡോക്ടറായി ഉപജീവനം നടത്തിയിരുന്നു. സിനിമയിൽ ഈ ഭാഗങ്ങളിലും വൈരുധ്യം കാണുന്നുണ്ട്‌. അവിടെ വച്ച്‌ അദ്ദേഹം തന്റെ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കുന്നുണ്ടെങ്കിലും വീണ്ടും സിനിമാഭ്രമം നിമിത്തം അവസാനകാലത്ത്‌ കഷ്ടപ്പെട്ട്‌ നേടിയതും പാഴാക്കിക്കളയുന്നു. ഏറ്റവുമൊടുവിൽ എല്ലാം നഷ്ടപ്പെട്ട്‌ രോഗാതുരനായി അഗസ്തീശ്വരത്തേയ്ക്ക്‌ മടങ്ങുന്ന ഡാനിയേലിന്റെ ശിഷ്ടജീവിതവും അന്ത്യവും അഗസ്തീശ്വരത്തെ മണ്ണിൽ പൂർണ്ണമാകുന്നു.

നേരും നുണയും: സെല്ലുലോയ്ഡ്‌ വിവാദങ്ങളുടെ പെരുമഴക്കാലമാണ്‌ കമലിന്‌  സമ്മാനിച്ചത്‌. കരുണാകരൻ, മലയാറ്റൂർ, മെരിലാൻഡ്‌ സുബ്രഹ്മണ്യം വിവാദങ്ങൾ സെല്ലുലോയ്ഡിന്റെ പേരിൽ കമലിനെ വേട്ടയാടിയപ്പോൾ നമ്മൾ കമലിലൂടെ വീണ്ടും കാണുന്നത്‌ പണ്ട്‌ വിഗതകുമാരനിലൂടെ ജെ.സി ഡാനിയേൽ അനുഭവിച്ച അതേ മാനസിക സംഘർഷങ്ങളാണ്‌. കാലം മാറിയിട്ടും മലയാളിയുടെ ഇടുങ്ങിയ ചിന്താഗതികളും, കുന്നായ്മകളും മാത്രം മാറുന്നില്ല എന്നതാണ്‌ ഏറെ വൈചിത്ര്യം.

വാലും തുമ്പും: സിനിമയ്ക്കുവേണ്ടി സ്വന്തം ജീവിതം തന്നെ ത്യജിച്ച ഒരു മഹാന്റെ ജീവിതം ഒട്ടും വിരസമാകാതെ നമുക്ക്‌ മുന്നിൽ വരച്ചിട്ട കമൽ നിലയ്ക്കാത്ത കയ്യടി നേടുമ്പോൾ സെല്ലുലോയ്ഡ്‌ കണ്ടിറങ്ങുന്ന ഓരോ മലയാളിയും ജെ.സി ഡാനിയേലിനെ ഓർത്ത്‌ അഭിമാനിക്കുകതന്നെ ചെയ്യും. ഒപ്പം ഒരു കാലത്ത്‌ നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ജാതിവെറിയുടെ ക്രൂരതകളോർത്ത്‌ ലജ്ജിക്കുകയും ചെയ്യും. മലയാളത്തിലെ ആദ്യ ചലന ചിത്രത്തിന്റെ ആകെയുള്ള പ്രിന്റുപോലും അവശേഷിപ്പിക്കാതെ പോയ രേഖകളില്ലാത്ത ഒരു സിനിമയുടെ കഥയാണിത്‌. തെളിവുകളും സാക്ഷികളും കാലം കവർ ന്നെടുത്ത ആദ്യത്തെ സിനിമാമോഹിയുടെ ദുരന്ത കഥയും..!


2 comments:

Unknown said...

കാരികേച്ചരിനു ഒപ്പമുള്ള എഴുത്ത് നന്നായി.
എന്തൊക്കെ വിവാദം ഉനായാലും ജെ.സി ദാനിയേല്‍ എന്ന മലയാള സിനിമാ പിതാവിനുള്ള ഗുരു ദക്ഷിണ തന്നെയാണ് കലാമിന്റെ സെല്ലുലോയിഡ് സിനിമ.
പിന്നെ സുനിലേ, തിരക്കുകള്‍ക്കിടയില്‍ ഒരു അഭിമുഖം മറന്നു പോയോ..?

Nikhil said...

kollaam