Sunday, July 14, 2013

അമാവാസിയുടെ സ്വന്തം ബാലചന്ദ്രൻ.



വിയിൽ ദൈവീകമായ എന്തോ ഒന്നുണ്ട്‌. അയാൾ മറ്റാരേയും പോലെയല്ല. ദിവ്യമായ ഒരസ്വാസ്ഥ്യത്തെ അയാൾ ഉള്ളിൽപ്പേറുന്നുണ്ട്‌. ചിത്തഭ്രമത്തിന്‌ തുല്യമായ ഒരവസ്ഥയാണത്‌... അനുഭവങ്ങളുടെ മഹാവിപിനങ്ങൾക്കുള്ളിൽ ഏകാകിയായ അയാൾ നിശബ്ദമായി കരയുകയും, അലറുകയും, അനുതപിക്കുകയും, പ്രാർത്ഥിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്‌. കവിത അങ്ങനെ ഏകാന്തമായ മനസ്സിന്റെ വെളിപാടായിത്തീരുന്നു.

വശ്യമായ കാവ്യഭാഷകൊണ്ട്‌ അനുഭവങ്ങളുടെ വിട്ടൊഴിയാത്ത ലഹരി ഒരു തലമുറയ്ക്ക്‌ തന്ന കവി. അസാധാരണമായ ജീവിതാനുഭവങ്ങൾ ഏതൊരെഴുത്തുകാരനേയും വ്യത്യസ്തനാക്കും, അസ്വാഭാവികമായി സ്വയം സ്വീകരിച്ചതെങ്കിൽക്കൂടി. സ്വന്തം ജീവിതത്തിൽ സ്വയമൊരു അമാവാസിയായി, പിഴച്ചുപോയ വഴികളിൽ കവിതയിലെ വീഞ്ഞുതേടി സ്വച്ഛന്ദം ഒഴുകിപ്പോയ ഒരാൾ. അബോധതകളിൽ ദിശമാറിയൊഴുകിയ ആ അവധൂതൻ തന്റെ ഏറ്റവും ദു:ഖഭരിതമായ വരികൾ കൊണ്ട്‌ കവർന്നെടുത്തത്‌ ഓരോ വായനക്കാരന്റേയും ഹൃദയത്തെ.
കേവലം 120-ൽപ്പരം കവിതകൾ കൊണ്ട്‌ ബാലചന്ദ്രൻ തീർത്ത വാക്കുകളുടെ ഇന്ദ്രജാലം ക്ഷണനേരം കൊണ്ടൊടുങ്ങുന്നതല്ല. പ്രണയത്തിന്റെ, ക്ഷുഭിതയൗവ്വനത്തിന്റെ, ഒറ്റപ്പെടലിന്റെ, വേദനയുടെ, നിരാശയുടെയൊക്കെ അടയാളങ്ങളായി ആ അക്ഷരമുറിവുകൾ നമ്മിൽ നിന്ന് അടർത്തിമാറ്റാനാവാതെ അവശേഷിക്കുന്നുണ്ട്‌ ഇപ്പൊഴും. ഓരോ പുനർവായനയിലും അവ നമ്മെ വീണ്ടും വീണ്ടും വേട്ടയാടുന്നുണ്ട്‌, ഏറ്റവും വിഷാദാർദ്രമായി. 80-കളിലും, 90-കളിലും കവിതകൊണ്ട്‌ യുവതയെ മോഹിപ്പിച്ച കവിയിലും കാലം മാറ്റങ്ങൾ വരുത്തി. സത്രങ്ങളിലും, തെരുവുകളിലും, സദസ്സുകളിലും, ആൾക്കൂട്ടങ്ങൾക്കിടയിലും കവിതയുടെ ഇടിമുഴക്കം തീർത്ത ആ ശബ്ദം പിൽക്കാലത്ത്‌ വെള്ളിത്തിരയിൽ മിന്നിമായുന്ന കഥാപാത്രങ്ങൾ കടമെടുത്തു. കവിതയിൽ നിന്ന് അഭിനയത്തിലേയ്ക്കുള്ള കവിയുടെ കൂടുമാറ്റം ആസ്വാദകർ തെല്ല്‌ അമ്പരപ്പോടെയാണ്‌ നോക്കിക്കണ്ടത്‌. .ബാലചന്ദ്രനെപ്പോലൊരു സമുന്നതനായ കലാകാരൻ എപ്പോഴും വ്യത്യസ്തനായിരിക്കുന്നതും ഇതൊക്കെ കൊണ്ടുതന്നെയാണ്‌. ജീവിതത്തിൽ സംശുദ്ധനായ ഒരു മനുഷ്യനായിരിക്കാനുള്ള ആഗ്രഹം / തീരുമാനം ഏറ്റവും വലിയ ശരിയായിത്തീർന്നത്‌ ലഹരിയിൽ നിന്ന് വിട്ടൊഴിഞ്ഞിട്ട്‌ പതിനഞ്ച്‌ വർഷങ്ങൾ പിന്നിട്ടു എന്നോർക്കുമ്പോഴാണ്‌. 1999-ൽ ബുദ്ധമതം സ്വീകരിച്ചതും, അവാർഡുകൾ തിരസ്കരിച്ചതുൾപ്പെടെയുള്ള വാർത്തകൾ/വിവാദങ്ങൾ വിശുദ്ധനാകുന്നതിന്റെ ഭാഗമായുള്ള പ്ലാന്റഡ്‌ മറുപടികളായി പലരും വ്യാഖ്യാനിച്ചു. അംഗീകാരത്തിന്‌ അവാർഡുകൾ തന്നെ വേണമെന്നില്ല എന്ന പുതിയ പാഠം ചിലർക്കെങ്കിലും രുചിക്കാതെ പോയിട്ടുണ്ട്‌... വാസ്തവത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട്‌ തന്റെ ജീവിതത്തിന്റെ രണ്ടാം പകുതിയിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ഇടക്കാലത്ത്‌ ബ്ലോഗിലൂടെ എഴുത്തിൽ സജീവമായ അദ്ദേഹത്തിന്‌ വിമർശകരുടെ  (?) മുൻവിധിയോടുകൂടിയ ടാസ്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്‌. ജീവിതത്തിന്റെ ആദ്യ പകുതിയിൽ ഒരിക്കലും പതറാതിരുന്ന ആ മനുഷ്യൻ വായനക്കാരുടെ തെറ്റിദ്ധാരണകളിൽ പകച്ചുപോകുന്നതും, ശക്തമായ മറുപടി കൊടുക്കാനാവാതെ ദുർബലനാകുന്നതും കാണേണ്ടിവന്നിട്ടുണ്ട്‌. യഥാർത്ഥത്തിൽ ക്ഷമ കൊണ്ടും, സ്നേഹം കൊണ്ടും, എളിമകൊണ്ടും അദ്ദേഹം ശത്രുക്കളെ ജയിക്കുകയായിരുന്നു സൈബർ ഇടങ്ങളിൽ. എഴുത്തിൽ കത്തിനിന്നിരുന്ന കാലത്ത്‌ എന്തിനായിരുന്നു ബാലചന്ദ്രൻ പൊടുന്നനെ നിശബ്ദനായത്‌...? സ്വരം നന്നായിരിക്കുമ്പോൾ പാട്ട്‌ നിർത്തിയതാകുമെന്ന് അനിഷ്ടക്കാർ. എഴുത്തിന്റെ ആസക്തികൾ വിട്ടൊഴിഞ്ഞ മടുപ്പിൽ  കുറെക്കൂടി സെലിബ്രിറ്റിയാകാൻ താരമായി അവതരിച്ചതാകാമെന്ന് അസൂയാലുക്കൾ. എന്തായാലും കവിതയിൽ നേടിയെടുത്ത സിംഹാസനം അഭിനയത്തിൽ അദ്ദേഹത്തിന്‌ വീണ്ടെടുക്കാനായില്ല എന്നതാണ്‌ സത്യം. ഒരുപക്ഷെ യൗവ്വനത്തിൽ അരവിന്ദന്റെ പോക്കുവെയിലിൽ നായകനാകുമ്പോഴേ അഭ്രപാളിയിലെ വെള്ളിത്തിളക്കം അദ്ദേഹത്തെ മോഹിപ്പിച്ചിരിക്കണം. ഭേദപ്പെട്ട വേഷങ്ങളാണെങ്കിൽക്കൂടിയും ഒന്നോ രണ്ടോ സീനുകളിൽ ഒതുങ്ങിപ്പോകുന്ന ശുഷ്ക സാന്നിദ്ധ്യങ്ങളിൽ നിന്ന് നടനെന്ന നിലയിൽ മികവ്‌ തെളിയിക്കാനുള്ള ശക്തമായ ക്യാരക്ടറുകൾ അദ്ദേഹത്തെ തേടി വരാതിരുന്നതും നിർഭാഗ്യമായി കരുതണം.

നേരും നുണയും: ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ പിന്നിട്ട്‌ പൂർണ്ണമായും സിനിമയിൽ സജീവമായ ചുള്ളിക്കാടിനെ ഞെട്ടിച്ചുകൊണ്ട്‌ മൂന്നുമാസം മുൻപ്‌ ഹോളിവുഡിൽ നിന്ന് ഒരു സിംഹത്തിന്റെ കോൾ വന്നത്രെ. സിംഹം മറ്റാരുമല്ല, സാക്ഷാൽ ജെയിംസ്‌ കാമറൂൺ. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും, സ്വന്തം കൈയിൽ നുള്ളി നോക്കി തൃപ്തിപ്പെട്ട ബാലേട്ടൻ കാമറൂണിന്റെ ഓഫർ കേട്ട്‌ വീണ്ടും ഞെട്ടി. ആർതർ കോനൻ ഡോയലിന്റെ വിഖ്യാതമായ ഷെർലക്‌ ഹോംസ്‌ കഥയിലെ ഒരു കേസ്‌ ഡയറിയാണ്‌ തന്റെ പുതിയ സിനിമയ്ക്കാധാരമെന്നും, ഷെർലക്‌ ഹോംസ്‌ എന്ന നായക വേഷത്തോടൊപ്പം ഏജന്റ്‌ കോബ്ര എന്ന ഡ്യുവൽ പേഴ്സണാലിറ്റിയുള്ള വില്ലൻ വേഷവുമടങ്ങിയ ഡബിൾറോൾ പാക്കേജ്‌ കാമറൂൺ അറിയിച്ചപ്പോൾ അദ്ദേഹം അന്തം വിട്ട്‌ കുന്തം വിഴുങ്ങിയമാതിരിയായി എന്നാണ്‌ പിന്നാമ്പുറ പരദൂഷണം. വിശ്വാസം വരാതെ കാമറൂണിന്റെ ശബ്ദം യൂട്യൂബിൽ സെർച്ച്‌ ചെയ്ത്‌ ഉറപ്പുവരുത്തിയപ്പോഴാണ്‌ അദ്ദേഹത്തിന്‌ സമാധാനമായതത്രെ. അധികം വൈകാതെ കൃത്യം അളവിൽ നീളൻ കോട്ടും, പാന്റുമൊക്കെ തയ്പ്പിച്ച്‌ വീട്ടിലും, ലൊക്കേഷനിലെ ഷോട്ട്‌ ബ്രേക്കിലുമൊക്കെ ഇട്ട്‌ ബാലേട്ടൻ സെൽഫ്‌ റിഹേഴ്സിലിലായിരുന്നു എന്ന്‌ കിംവദന്തിയും പരന്നു. ഷൂട്ടു കഴിഞ്ഞ്‌ വീട്ടിലെത്തുന്ന ദിവസങ്ങളിൽ വീടിനുള്ളിൽ നിന്ന് ഇടവിടാതെ വെടിയും, പുകയും, അട്ടഹാസവുമൊക്കെ പതിവില്ലാതെ കേട്ടതോടെ അയൽക്കാർക്ക്‌ സ്വൈര്യം നഷ്ടപ്പെട്ടൂവെന്നും പരദൂഷണക്കാർ പറഞ്ഞു പരത്തി. സംഗതി ഏതെങ്കിലും മിമിക്രി നടന്റെ പണിയാവാനാണ്‌ സാധ്യതയെന്ന് ഏജന്റ്‌ കോബ്രയാകാൻ ക്ഷണം ലഭിക്കാതെ പോയ മലയാളത്തിലെ ചില്ല വില്ലൻ നടന്മാരും തട്ടിവിട്ടു. എന്തരോ എന്തോ.....

വാലും തുമ്പും: 1987 ഒക്ടോബർ 28-ന്‌ മുപ്പതാം വയസ്സിൽ കാക്കനാടുള്ള എറണാകുളം ജില്ലാ ട്രഷറി ഓഫീസിൽ ജൂനിയർ അക്കൗണ്ടന്റായി തുടങ്ങിയ ജീവിതം. നീണ്ട 26 വർഷങ്ങൾക്കൊടുവിൽ ജൂനിയർ സൂപ്രണ്ടായി 2013 ജൂലൈ 31-ന്‌ അൻപത്തിയാറാം വയസ്സിൽ ബാലചന്ദ്രൻ ഔദ്യോഗികരംഗത്തുനിന്നും വിരമിക്കുമ്പോഴും കവിതയിൽ നിത്യയൗവ്വനം ബാക്കിയാകുന്നു. എഴുത്തിൽ കിട്ടുന്ന സ്വാതന്ത്ര്യവും, മൗലികപ്രകടനങ്ങളും അഭിനയത്തിൽ പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹത്തിന്‌ നന്നായറിയാം. അതുകൊണ്ടുതന്നെ അഭിനയം ഒരു തൊഴിലായി സ്വന്തം പ്രൊഫൈലിൽ രേഖപ്പെടുത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്‌ പരിഭവങ്ങൾ കുറവാകാനാണ്‌ സാധ്യത. വേറിട്ട കാവ്യഭാഷയിൽ കവിതയെ കാൽപ്പനികതയിൽ നിന്ന് ജീവിതത്തോടടുപ്പിച്ചിട്ട ചുള്ളിക്കാട്‌ ഭാഷയുടെ കാലപ്പഴക്കമല്ല ശ്രേഷ്ഠ്തയ്ക്കാധാരമെന്ന് വിളിച്ച്‌ പറഞ്ഞതിലെ ലോജിക്ക്‌ പലരും മനസ്സിലാക്കിയിട്ടുണ്ടാവില്ല.

4 comments:

Sabu Kottotty said...

കാവ്യലോകത്തെ വ്യത്യസ്ഥനെ മലയാളികൾ സത്യത്തിൽ മനസ്സിലാക്കുകയോ മനസ്സിലാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നതാണു വാസ്തവം.

ajith said...

ചുള്ളിക്കാട്
പ്രിയകവി

Kalavallabhan said...

"ബാലചന്ദ്രനെപ്പോലൊരു സമുന്നതനായ കലാകാരൻ എപ്പോഴും വ്യത്യസ്തനായിരിക്കണം."

Unknown said...

ഇഷ്ടകവിയുടെ മനോഹരമായ ചിത്രം....