Monday, December 15, 2008

ബ്ലോഗ്‌ പുലി നമ്പര്‍ 3 (നന്ദകുമാര്‍)


ഓര്‍മ്മകളുടെ പുനര്‍വായന എത്ര മധുരമാണു...കൊഴിഞ്ഞു പോയ ഓരോ ഓര്‍മ്മകളും നഷ്ടപ്പെടലുകളുടെ മധുരസ്മരണകളാണു.. ബൂലോകത്തെ ശ്രദ്ധിക്കപ്പെട്ട ചുരുക്കം ചില ബ്ലോഗുകളില്‍ ഒന്നായ 'നന്ദപര്‍വ്വം' ഇത്തരം ഗൃഹാതുരതകളുടെ ഓര്‍മ്മക്കൂട്ടാണു.. 'തീപ്പെട്ടിക്കൂടുകള്‍' എന്ന പോസ്റ്റിലൂടെ നന്ദകുമാര്‍ തന്റെ ബാല്യത്തിലേയ്ക്കു തിരിച്ചുപോകുമ്പോള്‍ ഓരോ വായനക്കാരനും തന്റെ ബാല്യം ഒരോര്‍മ്മപ്പെടുത്തലാകുമെന്നതു തീര്‍ച്ചയാണു..വൃത്തിയുള്ള ലേഔട്ടും മനോഹരമായ ടൈപ്പോഗ്രഫിയും ആരേയും ആകര്‍ഷിക്കപ്പെടുന്നതു തന്നെ. തീപ്പെട്ടിക്കൂടിലെ ഓര്‍മ്മകള്‍ക്കു നൊസ്റ്റാള്‍ജിയ ടച്ച്‌ പകരാന്‍ പഴയ ചിത്രങ്ങള്‍ക്കു കൂടുതല്‍ പഴക്കം തോന്നിപ്പിക്കുവാന്‍ സൃഷ്ടിച്ചിരിക്കുന്ന നന്ദകുമാറിന്റെ ക്രിയേറ്റീവ്‌ ടാലന്റ്‌ ഏറെ പ്രശംസ അര്‍ഹിക്കുന്നു. കഥകളും വിശേഷങ്ങളും ഓര്‍മ്മകളും നിറഞ്ഞ ഈ അല്‍ഭുതപര്‍വ്വം പോസ്റ്റുകളുടെ വിഷയ വൈവിധ്യതയില്‍ മുന്‍പന്തിയിലല്ലെങ്കിലും വിസിറ്റേഴ്സിനെ ഒരിക്കലും ബോറടിപ്പിക്കുന്നില്ല.. ദീര്‍ഘമായ രചനകള്‍ വായനക്കാരനു അലോസരമുണ്ടാക്കുമെന്നതു നന്ദകുമാര്‍ ഓര്‍ത്തുവയ്ക്കേണ്ടതുണ്ടു..കാരണം തിരക്കിനിടയില്‍ വന്നുപോകുന്ന വായനക്കാര്‍ ചുരുങ്ങിയ സമയം കൊണ്ട്‌ ബ്ലോഗ്‌ അരിച്ചുപെറുക്കാനിഷ്ടപ്പെടുന്നവരാണു..രചനയുടെ ദൈര്‍ഘ്യം വായനയെ പൂര്‍ണ്ണമാക്കില്ല എന്നൊരു ദോഷവശം കൂടിയുണ്ട്‌. ഇതിനു നന്ദകുമാര്‍ ഒരു പോംവഴി കണ്ടെത്തിയിട്ടുണ്ട്‌..നീണ്ട പോസ്റ്റുകളെ രണ്ടും മൂന്നും ഭാഗങ്ങളായി തിരിക്കുക.. ചില രചനകള്‍ നീണ്ടുപോകുന്നതു മനപ്പൂര്‍വ്വമല്ലായിരിക്കാം..., ഒരു പക്ഷെ വെട്ടിചുരുക്കാന്‍ പറ്റാത്തവിധം സംഭവബഹുലമായതുമാവാം...വായനക്കാര്‍ക്കു ബോറടിക്കുമെന്നു കരുതി രചനയെ ചുരുക്കി അതു കൂടുതല്‍ ബോറാക്കാന്‍ നന്ദു ഒരുക്കവുമല്ല...(നന്ദകുമാറിന്റെ രീതിയെ ന്യായീകരിക്കപ്പെടേണ്ടതുണ്ട്‌...) നീണ്ട പോസ്റ്റുകളെ രണ്ടും മൂന്നും ഭാഗങ്ങളായി സ്പ്ലിറ്റ്‌ ചെയ്യുന്നതിലൂടെ വായനയുടെ കണ്ടിന്യൂറ്റി സുഖം നഷ്ടപ്പെടുത്തും..ഉദാഹരണമായി ഈ ബ്ലോഗിലാദ്യമായെത്തുന്ന ഒരു വായനക്കാരന്‍ ഒന്നാം ഭാഗം വായിച്ചുകൊണ്ടാവില്ല അടുത്തഭാഗം വായിച്ചു തുടങ്ങുന്നത്‌..കക്ഷിക്ക്‌ ഒന്നും മനസിലായില്ലെങ്കില്‍ അതിശയപ്പെടേണ്ടതുമില്ല.. ഒന്നാം ഭാഗം മെനക്കെട്ടു വായിച്ചതിനു ശേഷം രണ്ടാം ഭാഗം വായിക്കാന്‍ ആ വായനക്കാരന്‍ സന്മനസ്സ്‌ കാട്ടിയാല്‍ നന്നു.. അല്ലെങ്കില്‍ രണ്ടാം ഭാഗത്തിലെ പോസ്റ്റിന്റെ തുടക്കത്തില്‍ 'ദയവായി ഒന്നാം ഭാഗം തപ്പിയെടുത്ത്‌ വായിച്ചശേഷം ഇതു വായിച്ചു തുടങ്ങൂ' എന്നൊരു റിക്കൊസ്റ്റ്‌ കൊടുത്താല്‍ ഇതിനു ഒരുപരിധിവരെ പരിഹാരം കാണം..ഇതൊരു ബ്ലോഗറുടെ കുറ്റമല്ല, മറിച്ച്‌ ബ്ലോഗര്‍ അനുഭവിക്കേണ്ടി വരുന്ന ഒരു ദുര്യോഗമാണു.. തന്റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്‌ കഥകള്‍ പറയുന്ന 'ഓര്‍മ്മണട്‌ഡാ ശ്ശവ്യേ ഈ മൊഗം' എന്ന പുതിയ പോസ്റ്റില്‍ ഗ്രാഫിക്സ്‌ ഇല്ലസ്ട്രേഷനുകള്‍ കൂടി ആയപ്പോള്‍ ബഹുരസമായി..'ദൃശ്യപര്‍വ്വം' എന്ന കന്യാകുമാരി കാഴ്ചകളും 'നാട്ടിലെ കാഴ്ചകളു'മൊക്കെ നമുക്കു മുന്നിലെ കാഴ്ചയുടെ കാണാപ്പുറങ്ങളെ കാട്ടിത്തരുന്നു.. 'അടുത്ത നാടകം രാധാകൃഷ്ണന്‍ & പാര്‍ട്ടി അവതരിപ്പിക്കുന്ന' എന്ന പോസ്റ്റ്‌ നര്‍മ്മരസം തുളുമ്പുന്ന കൊളേജ് ഓര്‍മ്മയാണു. 'ദാരിദ്ര്യം എന്ന വാക്കിന്റെ അര്‍ത്ഥവും' 'കൊച്ചുത്രേസ്യയുടെ ക്രൂരകൃത്യവുമൊക്കെ വേദനകളും, ഭാവനയും നേരമ്പോക്കുകളും ഇടകലര്‍ന്ന വ്യത്യസ്തമായ അനുഭവങ്ങളാണു. നന്ദകുമാര്‍ കഥ പറയുമ്പോള്‍ വാക്കുകളില്‍ വന്നുപോകുന്ന തീക്ഷ്ണവും വൈകാരികവുമായ ഭാവതലങ്ങള്‍ സ്വാഭാവികമായ വായനാസുഖം പകര്‍ന്നുതരുന്നു.. ഇതിനു ഏറ്റവും മികച്ച ഉദാഹരണമാണു 'പറയാന്‍ മറന്നത്‌' എന്ന കഥ. നഗരസത്യങ്ങളുടെ ഉള്ളറകളില്‍, രതിയുടെ പാരമ്യതയില്‍ നിന്നെ അലോസരപ്പെടുത്തുന്ന രണ്ടു മിഴികള്‍..കണ്ണീര്‍ പുരണ്ട ഒരു സ്വരം.. ഈ കഥ വായനക്കാരനെ അസ്വസ്ഥമാക്കുന്ന തീവ്രമായ ഒരവസ്ഥയാണു.. തെറ്റും ശരിയും വേര്‍തിരിച്ചറിയാനാവാത്തവിധം അബദ്ധസഞ്ചാരങ്ങളില്‍ അടിപ്പെട്ടുപോകുന്നവര്‍ ഇതുവായിക്കരുത്‌... 'മഴ പെയ്ത ഒരു പ്രണയ സന്ധ്യയില്‍' വായിച്ചുതീരുമ്പോള്‍ പ്രണയത്തിന്റെ അതീത സാന്നിധ്യം ഒരു നോവായ്‌ നമ്മുടെ മനസ്സിലും പടര്‍ന്നിറങ്ങും..'ആദ്യത്തെ പ്രേമ ലേഖനം' എന്ന ടൈറ്റില്‍ വായിക്കുമ്പോള്‍ നമുക്കു തോന്നും ഇതു നന്ദന്റെ ആദ്യ പ്രേമലേഖനമായിരിക്കുമെന്നു, നമുക്കു തെറ്റി, ഇതു നന്ദന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വായിച്ച പ്രണയക്കുറിപ്പിനെക്കുറിച്ചാണു.. 'താനാരോ തന്നാരോ..' എന്ന പോസ്റ്റ്‌ കൊടുങ്ങല്ലൂര്‍ ഭരണിക്കഥകളും ചിത്രങ്ങളും നിറഞ്ഞ ഭക്തിരസം പുരണ്ട വേറിട്ടൊരു രചനയാണു.. 'ഒരു കൈനറ്റിക്‌ ഹോണ്ടയും , എന്റെ ഒടുക്കത്തെ പ്രാക്കും', പി.കെ.ജി, 'സിന്ധു തൊടുപുഴയുടെ മൊബെയില്‍ നമ്പര്‍', ബാംഗ്ലൂര്‍ കന്യാകുമാരി എക്സ്പ്രസ്സ്‌' തുടങ്ങിയ പോസ്റ്റുകളൊക്കെ കുറ്റം പറയാനാവാത്ത രചനകളാണു. നന്ദകുമാര്‍ തന്റെ സ്വകാര്യതകളുടെ ജാലകം ഈവിധം നമുക്കു മുന്നില്‍ തുറന്നുകാട്ടുമ്പോള്‍ അനുഭവങ്ങളുടെ മഹാപര്‍വ്വമായി തീരുന്നു ഈ ബ്ലോഗ്‌. ജീവിതത്തിനു നേരെ പിടിക്കുന്ന ഭൂതകാലത്തിന്റെ ഈ കണ്ണാടിയുടെ വിവിധപര്‍വ്വങ്ങള്‍ക്കായി വരും ദിനങ്ങളില്‍ നമുക്കു കാത്തിരിക്കാം..! പുലി ഈ 'പര്‍വ്വതത്തില്‍' ഒളിച്ചിരിപ്പുണ്ടു..പോയി പിടിച്ചോളൂ...

14 comments:

ശ്രീ said...

കണിക്കൊന്നയിലും കണ്ടിരുന്നു. നന്നായിട്ടുണ്ട്.
:)

സുല്‍ |Sul said...

പുലിപരിചയം തകര്‍ക്കുന്നുണ്ട്.

-സുല്‍

krish | കൃഷ് said...

നന്ദന്‍പുലിയെ വിലയിരുത്തല്‍ നന്നായി.
ഓരോ പര്‍വ്വങ്ങളായി പോരട്ടെ.

ചാണക്യന്‍ said...

ബ്ലോഗുപുലികള്‍ നന്നാവുന്നുണ്ട്...
ആശംസകള്‍...

ജയകൃഷ്ണന്‍ കാവാലം said...

ആദ്യമായെത്തിയതാണിവിടെ... ജീവനും, അന്തസ്സുമുള്ള കുറേ രചനകള്‍ കണ്ടു. ആസ്വാദകന്‍റെ തലത്തിലും, രചയിതാവിന്‍റെ തലത്തിലും താങ്കള്‍ ശോഭിച്ചു നില്‍ക്കുന്നു. അനുവാദമില്ലാതെ ഒരു പെന്‍സില്‍ ഡ്രോയീംഗ് അടിച്ചു മാറ്റിയിട്ടുണ്ട്‌.(ഇവന്‍റെ ഗുരുവും, അമ്മാവനുമാണദ്ദേഹം അതുകൊണ്ടാണ്) സ്വകാര്യമായി സൂക്ഷിച്ചു വയ്ക്കാനാണ്. വിരോധമില്ലെന്നു കരുതട്ടെ.

ഇനിയും വരാം

ആശംസകളോടെ

നട്ടപിരാന്തന്‍ said...

ഇവരോന്നും വെറും പുലികള്‍ മാത്രമല്ല......ബൂലോഗത്തെ പുതിയ സ്റ്റൈല്‍ മന്നന്മാര്‍ കൂടിയാണ്.....

“കണ്ണിന്‍ കടൈപാര്‍വ്വേ കാതലി കാണ്‍പിത്ത് വിട്ടാല്‍ മണ്ണില്‍ മാമലയും ഒരു കടുകായി തോണ്ട്രാ‍ലാം” ഈ ഡയലോഗും അടിച്ച്..സിനിമക്കാരുടെ പിന്നാലെ നടപ്പാണത്രേ.....പരദൂഷണം....പരദൂഷണം

പൈങ്ങോടന്‍ said...

വര കലക്കി
പര്‍വ്വക്കാരനും നല്ല ഒരടിപൊളിവരക്കാരന്‍ തന്നെയാ

പൈങ്ങോടന്‍ said...

വര കലക്കി

ഈ പര്‍വ്വക്കാരനും ഒരടിപൊളി വരക്കാരന്‍ തന്നെയാ

മുസാഫിര്‍ said...

ഈ കക്ഷിയെ കഴിഞ്ഞാഴ്ച്ച ബാംഗലൂരില്‍ വച്ചു പരിചയപ്പെട്ടിരുന്നു.ഫോണിലൂടെ.വര നന്നായിരിക്കുന്നു.

വികടശിരോമണി said...

പുലികൾ,പുപ്പുലികൾ,പുപ്പുപ്പുപ്പുലികൾ.
കലക്കി.

ഏറനാടന്‍ said...

ഇങ്ങളെപറ്റി കേട്ട്ക്ക്‌ണ്‌, പക്ഷെങ്കില്‌ ഇങ്ങള്‍ടെ വരകളും അക്ഷരങ്ങളും ഇപ്പളാ ഞമ്മള്‌ കാണണത്ട്ടോ.. സൂപ്പര്‍ ഡ്യൂപ്പര്‍ കിടുക്കന്‍സ് കലക്കന്‍സ് തന്നെ..!

ഓ:ടോ:- ഒരാഗ്രഹമുണ്ടേയ്. സാധിക്കുമെങ്കീ ഞമ്മളെ മോന്ത ഒന്ന് വരച്ച് തര്വൊ? ഞമ്മള്‍ടെ ഒരു പൂതിയാണെന്ന് കൂട്ടിക്കോളീം.. എന്തേയ്?

smitha adharsh said...

കിടു പോസ്റ്റ് പണിക്കരേട്ടാ..അസ്സലായി.."നന്ദപര്‍വ്വം" പണിക്കരെട്ടന്റെ വാക്കുകളിലൂടെ കൂടുതല്‍ തിളക്കമേറി.

നിരക്ഷരന്‍ said...

ഹോ ഈ പഹേന് ഇത്രേം ഗ്ലാമറോ...

നന്നാകുന്നുണ്ട് വരകള്‍ സുനിലേ.
തട്ടിപ്പോകുന്നതിന് മുന്‍പ് ഞമ്മന്റെ പടം കൂടെ ഒന്ന് വരച്ച് തരണേ.... :)

Pyari said...

ഞാനിത് ഏതു ലോകത്തിലാ? ഈ ബ്ലോഗ്‌ ഒന്നും ഞാന്‍ കണ്ടിട്ടേ യില്ല. പരിചയപ്പെടുതലിനു നന്ദി. അവിടെയും പോവാം.