Friday, January 02, 2009

ബ്ലോഗ്‌ പുലി നമ്പര്‍ 4 (സജ്ജീവ്‌)

ചിരിയുടെ നിത്യവിസ്മയങ്ങള്‍!
മലയാള ബ്ലോഗ്‌ വിപ്ലവപ്രസ്ഥാനത്തിലെ പകരക്കാരനില്ലാത്ത ബ്ലോഗര്‍ എന്ന ഖ്യാതി നേടിയെടുക്കാന്‍ കാര്‍ട്ടൂണിസ്റ്റ്‌ സജ്ജീവിനു കഴിഞ്ഞത്‌ അദ്ദേഹത്തിന്റെ ഈസിയായ വരയും വ്യത്യസ്തമായ രചനാശൈലിയും കൊണ്ട് തന്നെയാണു. ഓരോ വരയും വരിയും അനിതരസാധാരണമായ കൊച്ചു കൊച്ചു നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണു ഇദ്ദേഹം വരച്ചിട്ടിരിക്കുന്നത്‌.കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെ ഈ ഖജാന്‍ജി കേരളത്തിലെ ഒട്ടുമിക്ക കാര്‍ട്ടൂണിസ്റ്റുകളേയും, കാരിക്കേച്ചറിസ്റ്റുകളേയും, ബ്ലോഗേഴ്സിനേയും, മറ്റു പ്രമുഖ വ്യക്ത്യികളേയും തന്റെ 'കേരള ഹ ഹ ഹ' എന്ന വെടിക്കെട്ട്‌ ബ്ലോഗിലൂടെ ആന സീരീസായും, പുലിസീരീസായും, വരയന്‍ പുലിയുമൊക്കെയായും വരച്ചുചേര്‍ത്ത്‌ ചരിത്രം തന്നെ സൃഷ്ടിച്ചിരിക്കുന്നു. മറ്റു ബ്ലോഗുകളെ അപേക്ഷിച്ച്‌ 'കേരള ഹ ഹ ഹ' വേറിട്ടു നില്‍ക്കുന്നതും ഇത്തരമൊരു പുതുമയുടെ റിസ്ക്‌ ഏറ്റെടുക്കുന്നതു കൊണ്ടുതന്നെയാണു. കാര്‍ട്ടൂണിസ്റ്റുകളുടെ ഹിസ്റ്ററി തപ്പാന്‍ ഇനി നമുക്കു മറ്റ്‌ എന്‍സൈക്ലോപീഡിയകളൊന്നും വേണ്ടായെന്നുതന്നെ പറയാം.. ബ്ലോഗിന്റെ തുടക്കത്തിലെ ഉത്സാഹം പിന്നീട്‌ സജ്ജീവില്‍ കണ്ടില്ലായെന്നത്‌ ഖേദകരം തന്നെ.. പ്രധാന സീരീസുകളൊക്കെ ഒതുങ്ങിയപ്പോള്‍, അശ്രദ്ധാപൂര്‍വ്വമായ ചില വരകളും വന്നുവീണില്ലേ എന്നൊരു സംശയം ഇല്ലാതില്ല. കാരിക്കേച്ചറിനു താഴെയുള്ള രസകരമായ കുറിപ്പായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റുകളുടെ ഹൈലൈറ്റ്‌. പിന്നീടതും ഒഴിവാക്കപ്പെട്ടത്‌ വായനക്കാരനു അതൃപ്തി ഉണ്ടാക്കിക്കാണുമെന്നത്‌ തീര്‍ച്ചയാണു. രസകരമായ സംഭാഷണ ശൈലിയാണു സജ്ജീവ്‌ ഇതില്‍ പ്രയോഗിച്ചിരിക്കുന്നത്‌. അനുകരിക്കാനാവാത്ത ഈ രചനാവൈഭവം സജ്ജീവ്‌ സ്വയം മനസിലാക്കാതെ പോയിട്ടുണ്ടോ..? ഉണ്ടെങ്കിലും ഇല്ലെങ്കിലും എഴുത്തു വീണ്ടും തന്റെ ഓരോ വരകള്‍ക്കൊപ്പം കൊണ്ടുവരണമെന്നു അഭ്യര്‍ത്ഥിക്കുന്നു. ചില കാരിക്കേച്ചറുകളില്‍ രൂപസാമ്യം കുറഞ്ഞുവരുന്നത്‌ ചിലപ്പോള്‍ വളരെപ്പെട്ടെന്നുള്ള വരയുടെ ഫലമായിരിക്കാം.., പക്ഷെ അത്‌ വ്യക്തിയെ തിരിച്ചറിയപ്പെടാതെ പോകുമെങ്കില്‍ അതായിരിക്കും ഒരു കാരിക്കേച്ചറിസ്റ്റ്‌ അനുഭവിക്കേണ്ടിവരുന്ന എറ്റവും വലിയ ദുര്യോഗവും..! ശരിയായില്ലെന്നു സ്വയം തോന്നുന്ന കാരിക്കേച്ചറുകള്‍ ഒഴിവാക്കപ്പെടുന്നതല്ലേ ബുദ്ധി..? ഇതിലെ എറ്റവും മനോഹരമായതും മികച്ചതുമായ കാരിക്കേച്ചര്‍ കാര്‍ട്ടൂണിസ്റ്റ്‌ ടോംസിന്റേതാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. വക്രിച്ച ചുണ്ടുകളും, ഇടുങ്ങിയ കണ്ണുകളും, കണ്ണടയും അതിഗംഭീരമായി പകര്‍ത്തിയിരിക്കുന്നു. കാരിക്കേച്ചറുകളേക്കാള്‍ എനിക്കു കൂടുതലിഷ്ടമായത്‌ സജ്ജീവിന്റെ കാര്‍ട്ടൂണുകളാണു. സിമ്പിള്‍ വരയിലൂടെ തെളിയുന്ന ഓരോ കഥാപാത്രങ്ങളും ചിരിവിടര്‍ത്തുമ്പോള്‍ വാചകങ്ങള്‍ അത്രകണ്ട്‌ നര്‍മ്മസ്വഭാവം പടര്‍ത്തുന്നുവൊ എന്നൊരു സംശയവുമില്ലാതില്ല. പരീക്ഷണങ്ങളുടെ ഓരോ സ്റ്റേജുകളിലൂടെ ഈ ഭീമാകാരന്‍ അല്‍ഭുതങ്ങള്‍ മാത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ ബ്ലോഗ്‌ പുലിയെ പുലിയെന്നു വിളിക്കണോ ആനയെന്നു വിളിക്കണോ..? (ആകാര സൌഷ്ടവം കൊണ്ട്‌ ബ്ലോഗാന എന്നു വിളിക്കുന്നതാവും ഉചിതമെന്നു തോന്നുന്നു.) ബ്ലോഗ്രാഫിക്‌ നോവല്‍ എന്ന ആശയം വരയിലൂടെ കൊണ്ടുവന്നു ഗിന്നസ്‌ ബുക്കില്‍ പേരുനേടാനുള്ള ശ്രമത്തിലാണു ഈ ഭീകരന്‍ എന്നൊരു പിന്നാമ്പുറ പരദൂഷണവും കേള്‍ക്കുന്നുണ്ട്‌..! ബൂലോകത്തെ അതിശക്തനായ ഈ കാര്‍ട്ടൂണിസ്റ്റ്‌ 'കേരള ഹ ഹ ഹ'യിലൂടെ ഇനിയും അല്‍ഭുതങ്ങളുടെ വസന്തം കൊണ്ടുവരട്ടേയെന്നാശംസിക്കാം, ഒപ്പം നല്ല വരകള്‍ക്കും ചിന്തകള്‍ക്കുമായി നമുക്കും കാത്തിരിക്കാം..!ഈ ആന താഴെക്കാണുന്ന ഫുഡ്കോര്‍പ്പറേഷനില്‍ അലഞ്ഞു നടപ്പാണു..പോയി ചങ്ങലയ്ക്കിട്ടോളൂ..! ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയില്‍ തോട്ടികേറ്റാതെ സൂക്ഷിക്കുക!



11 comments:

ചാണക്യന്‍ said...

ബ്ലോഗ് പുലിയാട്ടം തുടരട്ടെ....
നവവത്സരാശംസകള്‍...

Rejeesh Sanathanan said...

നവവത്സരാശംസകള്‍

ഗുപ്തന്‍ said...

സജ്ജീവേട്ടന്‍ വരച്ച പടം എടുക്കാതെ അങ്ങേരെ ഒന്നു വരച്ചിടാമായിരുന്നില്ലേ :(

ഏറനാടന്‍ said...

നവവല്‍സര ആശംസകള്‍സ്.. പുലിവേട്ട സധൈര്യം പുരോഗമിക്കട്ടെ.
മുന്‍പ് പുലികളെ കൂട്ടത്തോടെ പിടിച്ച് ബ്ലോഗുകൂട്ടിലാക്കിയ പുപ്പുലിയെ തന്നെയാണല്ലോ ഇത്തവണ പുടിച്ചത്! കൊള്ളാം ഹ ഹ ഹ..

(ഈ കമന്റ് സെറ്റിംഗ്സ് ഒന്ന് മാറ്റൂ. വേരെ വിന്‍ഡോ തുറക്കുന്നത് അരോചകമാണേയ്)

smitha adharsh said...

വീണ്ടും,വീണ്ടും..ബ്ലോഗ് പുലികള്‍ കേമംആകുന്നു.

ഇആര്‍സി - (ERC) said...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

Kiranz..!! said...

മി.പണിക്കരേ..അതിശക്തമായ ഞെട്ടലും സങ്കടവും രേഖപ്പെടുത്തുന്നു.ബ്ലോഗിന്റെ നാലു ഭിത്തിക്കുള്ളിൽ ആ മനുഷ്യേനെ ഒന്നു വരച്ചെങ്കിലും തളച്ചിടാൻ ഇവിടെയൊരു പണിക്കർക്കും പറ്റിയില്ലല്ലോ എന്നോർത്തപ്പോൾ..ഗദ്..ഗദ്..!

saju john said...

എല്ലാം ഞാന്‍ സഹിച്ചു......പക്ഷേ ഈ പുലിയുടെ മുതുകിലെ കട്ടകട്ടയായി നില്‍ക്കുന്ന ആ 5 പാക്സ് മസില്‍ എനിക്ക് പിടിച്ചില്ല.

ഞാനോക്കെ പുള്ളിക്കാരനെ പരിചയപ്പെടാന്‍ ഒത്തിരി വൈകി, ബൂലോകത്ത് വൈകിയെത്തിയന്റെ കുഴപ്പമാണ്.

രണ്ട് പുലികള്‍ക്കും, ആശംസകള്‍.....

Jayasree Lakshmy Kumar said...

കേരള ഹ ഹഹ ക്കാരനെ ആരാ അഷ്ഠാവക്രനാക്കിയെ?! പാവം!!

ത്രിശ്ശൂക്കാരന്‍ said...

അസാമാന്യം തന്നെ താങ്കളുടെ വരകള്‍!
ഇന്നാണ് സമയമെടുത്ത് കണ്ടത്.
വായും പൊളിച്ചിരുന്നുപോയി.

ഭൂതത്താന്‍ said...

സുനിലേ ..ആ ആനയെ വെറുതെ മദം ഇളക്കണോ ...നടക്കട്ടെ ...പിന്നെ സജീവേട്ടനെ പറയും പോലെ ഇപ്പോള്‍ കാണാനേ ഇല്ല ...