Wednesday, April 15, 2009

ഫിഗര്‍ സ്കാന്‍

 
വിനീതിന്റെ വിനീത ഭാവങ്ങള്‍
അച്ഛന്‍ സിംഹമാണെങ്കില്‍ മകന്‍ ചുരുങ്ങിയ പക്ഷം പുലിയെങ്കിലുമായിരിക്കും.., ആയിരിക്കുമല്ല ആണു. ബക്കറിന്റെ മണിമുഴക്കത്തിലൂടെ മലയാള സിനിമയിലേയ്ക്ക്‌ അച്ഛന്‍ സിംഹം അരങ്ങേറ്റം കുറിക്കുമ്പോള്‍ മകന്‍ പുലിയുടെ ഇതേ പ്രായം. ഇപ്പൊ അച്ഛനേക്കാള്‍ വലിയ മകനായി മാറിയിരിക്കുന്നു വിനീത്‌ ശ്രീനിവാസന്‍. 'മകന്റെ അച്ഛന്‍' എന്ന പുതിയ സിനിമയില്‍ രണ്ടുപേരും അച്ഛനും മകനുമായിത്തന്നെ അഭിനയിക്കുന്നു. മാത്രമോ ഇത്തവണത്തെ മികച്ച പുതുമുഖ നായകനുള്ള ഉജാല ഏഷ്യാനെറ്റ്‌ അവാര്‍ഡ്‌ വിനീതിനു നല്‍കിയതാരാ..? സാക്ഷാല്‍ ശ്രീനിവാസന്‍ എന്ന മകന്റെ അച്ഛന്‍ തന്നെ. (ചത്തത്‌ കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്നത്‌ വേറെ കാര്യം.) ഇതിനും വേണം ഒരു ജന്മപുണ്യം..! കാര്യമെന്തൊക്കെ ആയാലും രൂപംകൊണ്ടു മാത്രമല്ല, പ്രതിഭയുടെ കാര്യത്തിലും അച്ഛനെപ്പോലെതന്നെ ബഹുമിടുക്കനാണു വിനീതും. പാടിയതെല്ലാം വമ്പന്‍ ഹിറ്റുകള്‍..., പോരാത്തതിനു നല്ലൊരു യുവനടന്‍ എന്നൊരു ലേബലും ഇപ്പൊ കിട്ടി. ഇനിയെന്തരുവേണം..? (പണ്ടു ശ്രീനി 'കുണുക്കിട്ട കോഴി കുളക്കോഴി' എന്നു പാടിയ പോലല്ല വിനീതിന്റെ പാട്ട്‌. സംഗതികളെല്ലാമുള്ള നല്ല ഒന്നാന്തരം പാട്ടുകളാണെന്നു ശത്രുക്കള്‍ പോലും സമ്മതിക്കും...!) പരിമിതികളുള്ള നടനാണു അച്ഛനെന്നു ശ്രീനിയുടെ മുഖത്തുനോക്കി പറയാനുള്ള ധൈര്യവും ഈ പുലിക്കുട്ടനു സ്വന്തം! എന്തായാലും ഓരോ മലയാളികള്‍ക്കുമൊപ്പം ശ്രീനിവാസനും വിനീതിനെക്കുറിച്ചോര്‍ത്ത്‌ അഭിമാനിക്കുന്നു. വെറും സാധാ അഭിമാനമല്ല, 100% 916 ഹാള്‍മാര്‍ക്ക്‌ അഭിമാനം തന്നെ..! സൈക്കിള്‍ എന്ന ആദ്യചിത്രത്തില്‍ പതര്‍ച്ചയില്ലാത്ത അഭിനയം കാഴ്ചവച്ചതിനു കാരണം വിനീത്‌ നല്ലൊരു സ്റ്റേജ്‌ പെര്‍ഫോമറായതുകൊണ്ടാണെന്നു ചില അസൂയാലുക്കള്‍ പറയുന്നുണ്ടെങ്കിലും അതൊക്കെ ചുമ്മാതാണെന്നേ... അച്ഛനെപ്പോലെതന്നെ മകനും അഭിനയിക്കാന്‍ ഒട്ടും മോശമല്ലെന്നു സിനിമ കാണുന്നവര്‍ക്കു മനസ്സിലാകും. ഇനി കഥ, തിരക്കഥ, സംവിധാനം കൂടിയായാല്‍ പരിപൂര്‍ണ്ണം! കോഫി @എം.ജി. റോഡ്‌ എന്ന ഹിറ്റ്‌ ആല്‍ബത്തിന്റെ വിജയലഹരി വിട്ടൊഴിയും മുമ്പെയാണു പുതിയ ചിത്രത്തില്‍ അച്ഛനും മകനും നേര്‍ക്കുനേര്‍ വരുന്നത്‌. നേരും നുണയും: മലയാള സിനിമയിലെ അവിഭാജ്യഘടകമായ ശ്രീനിവാസന്റെ ശുപാര്‍ശ പലപ്പോഴും, പലഘട്ടങ്ങളിലും പലര്‍ക്കും തള്ളിക്കളയാനാവാത്തതുകൊണ്ടാണു വിനീത്‌ ഇത്രവരെ എത്തിപ്പെട്ടതെന്നൊരു കിംവദന്തി നാട്ടിലെങ്ങും പാട്ടാകുമ്പോള്‍ മകനുവേണ്ടി ഒരച്ഛനുചെയ്യേണ്ടിവരുന്ന കടമകളോര്‍ത്ത്‌ നമുക്കിതങ്ങു സഹിക്കാം. വിനീതിന്റെ കഴിവിന്റെ കാര്യത്തില്‍ നമുക്കു സംശയമൊന്നുമില്യാലോ...പിന്നെന്താ.. വിട്ടുകള അണ്ണാ..! വാലും തുമ്പും: 'മകന്റെ അച്ഛനില്‍' ഇരുവരും ഇഞ്ചോടിഞ്ച്‌ വിടാതെ മല്‍സരിച്ചഭിനയിക്കുന്നതു കാണുമ്പോള്‍ ഒരു സന്ദേഹം.., പെരുന്തച്ചന്റെ കഥ പുനരാവിഷ്ക്കരിക്കേണ്ടി വരുമോ..? എന്തരോ വരട്ട്‌..!

5 comments:

പാച്ചു said...

പുള്ളേരു പൊങ്ങി വരട്ടേന്ന് .. ശ്രീനിവാസനെപ്പോലൊരു ടാലന്റ് ആയിട്ട് ഉയര്‍ന്നു വന്നാല്‍, ലാഭം നമ്മള്‍ പ്രേക്ഷകര്‍ക്കല്ലേ? പക്ഷെ പാട്ട് .. അതു എനിക്കത്ര സുഖിക്കുന്നില്ല .. അഭിനയം. അതു ഞാന്‍ കണ്ടിട്ടും ഇല്ല!

ശ്രീ said...

നല്ലൊരു യുവഗായകന്‍ തന്നെയാണ് വിനീത്. ഒപ്പം ആദ്യ ചിത്രമായ സൈക്കിളിലേതിനേക്കാള്‍ മികച്ച അഭിനയമാണ് മകന്റെ അച്ഛനില്‍ വിനീത് കാഴ്ച വച്ചിരിയ്ക്കുന്നത് എന്നത് സമ്മതിയ്ക്കാതെ വയ്യ.

കൂടുതല്‍ ഉയരങ്ങള്‍ ഈ യുവപ്രതിഭയെ കാത്തിരിയ്ക്കുന്നു...

പാവപ്പെട്ടവന്‍ said...

ചത്തത്‌ കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ ശരിയാണ് ട്ടോ

lekshmi said...

kollaam...

Pyari said...

ഒരല്‍പം exaggeration ഇല്ലേ എന്നൊരു സംശയം! വിനീതിന്റെ അഭിനയം പോരാന്നാ സൈക്കിള്‍ ഉം, മകന്റെ അച്ഛനും കണ്ടപ്പോള്‍ എനിക്ക് തോന്നിയത് കേട്ടോ. കോമഡി സീനുകള്‍ പലതും കലക്കിയെങ്കിലും sendiments ഒക്കെ കുളമാക്കിയില്ലേ എന്ന് തോന്നി. പക്ഷെ, വിനീതിനോടുള്ള ഇഷ്ടത്തിന് അത് കൊണ്ടൊരു കുറവുമില്ലാ കേട്ടോ. തുടക്കക്കാരന് തീര്‍ച്ചയായും ഒരു പരിഗണന കൊടുക്കാം. അതിനുമപ്പുറം, ശ്രീനിവാസന്റെ മകന് ഇനിയും ഒരു പാട് ചെയ്യാനുണ്ട് എന്നൊരു വിശ്വാസവമുണ്ട്.