Sunday, February 07, 2010
അവസ്ഥാന്തരം
വലയ്ക്കിരുവശവും, അകവും പുറവുമെല്ലാം
ജലസമൃദ്ധം........!
അപ്പോൾപ്പിന്നെ അതൊരു തടവറയാകുന്നതെങ്ങനെ...?
ആദ്യമവനൊന്നു ശങ്കിച്ചുവെങ്കിലും
ചെകിളകുടഞ്ഞ് ആശങ്കകൾ ചീറ്റിയെറിഞ്ഞു..
പുലർച്ചെ സ്വപ്നത്തിൽ കരയിലൊരു
കറിയടുപ്പ് പുകഞ്ഞുവെന്നത്
വെറുമൊരു തോന്നലെന്നവൻ.................
വലയ്ക്കുള്ളിലെ കടലൊഴുക്കിൽ
തുടിച്ചുനീന്തിയും,
വലക്കണ്ണികളിൽ മുഖമുരസിയും
പുളഞ്ഞിളകുമ്പോൾ വല ദു:ഖത്തോടെ
കുരിശു വരച്ചു പിറുപിറുത്തു;
“ ഓ ദൈവമേ,
ഇവൻ മരണത്തോടടുക്കുകയാണ്,
ജീവിതത്തിൽ നിന്നകലുകയും..”
അബദ്ധസഞ്ചാരത്തിന്റെ അടിപ്പരപ്പിൽ
പല്ലിളിച്ച ജലസസ്യങ്ങൾക്ക് കൊടുത്തു രണ്ട് ഉമ്മ....
ശംഖിലൊളിച്ചുകളിച്ചും, സുല്ലിട്ടും
ആപത്തിന്റെ അന്ത്യവിധികളിലേയ്ക്കടുക്കുമ്പോൾ
ദയാരഹിതമായ ഒരു വാതിൽ.......
മരണത്തിന്റെ ദശാസന്ധിയിൽ
ഊണുമേശയിലൊടുവിലവന്
ആവി ഉയരുന്ന ഫിഷ്ഫ്രൈയായ് മറുജന്മം......
(പഴയൊരു കവിത റീ പോസ്റ്റ്)
Subscribe to:
Post Comments (Atom)
12 comments:
“ ഓ ദൈവമേ,
ഇവൻ മരണത്തോടടുക്കുകയാണ്,
ജീവിതത്തിൽ നിന്നകലുകയും..”
സുനിലേ, ഈ വരികള്‍ എനിക്ക് ഒരു പാട് ഇഷ്ടായീ.
അവസ്ഥാന്തരം പണ്ട് ജാലകത്തില്‍ പ്രസിദ്ധീകരിച്ചിരുന്നോ..?
ഇഷ്ടമായി
കവിത വളരെ നന്നായിരിക്കുന്നു!
ബട്ട്...,
“ഓ മൈ ഫിഷ് ഫ്രൈ!!!!“
തിരകളില്‍ നിന്ന് തിളചട്ടിയിലേക്ക്...
ചിലപ്പോഴെങ്കിലും അനിവാര്യമായൊരു യാത്ര..
തിരിച്ചറിയുന്നു ഈ അവസ്ഥാന്തരം.
മരണത്തിൽ ദശാസന്ധിയുണ്ടോ..ദശാസന്ധിയിലല്ലേ മരണം ..ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു....കവി എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല..
താങ്കളുടെ ഈ കാഴ്ചപ്പാട് വളരെ ശരിയാണ്...ഒരു മീനിലൂടെ താങ്കള്‍ക്കു അതു കാട്ടി തരുവാന്‍ സാധിച്ചു... നന്നായിരിക്കുന്നു...
ആശംസകള്‍ .....
ഫിഷ് ഫ്രൈ ആയി മറു ജന്മം . സത്യമാണ് .
വറുചട്ടിയിലേക്കു....കോള്ളാം ഈ അവസ്ഥാന്തരം..
ഒതുക്കി പറഞ്ഞ വലിയൊരു ജീവിത ചിത്രം...
ഇഷ്ടായി....നല്ല വരികള്‍
കവിത ഇഷ്ടമായി
ദശാവതാരങ്ങളിലാദ്യമീമത്സ്യം
ദശാസന്ധിയിലന്ത്യം അതും
വെറും അവസ്ഥാന്തരമായി...അല്ലേ..സുനിൽ
റ്റോംസ്, ഖാൻ, ഭായി, ഷൈൻ, എറക്കാടൻ, സോണ, നിശാഗന്ധി, കാപ്പിലാൻ, അച്ചൂസ്, കൊച്ചുതെമ്മാടി, അഭി, ബിലാത്തി... നന്ദി വായിച്ചതിന്, മറുകുറിപ്പിന്..
“ദശാവതാരങ്ങളിലാദ്യമീമത്സ്യം
ദശാസന്ധിയിലന്ത്യം“ ഇതും അവസ്ഥാന്തരം തന്നെ ബിലാത്തിയേട്ടാ..
Post a Comment