Sunday, August 15, 2010

മൂന്ന് ഗദ്ഗദ കവിതകൾ..!

ഹാ‍.. ച് ച്ഛീ‍..!!!

അകലെയിരുന്നാരോ
എന്നെക്കുറിച്ച്‌ പറയുന്നുണ്ടെന്ന്‌
പറയുവാൻ
എനിക്കൊരു തുമ്മൽ വേണം......
ഒന്നുറക്കെയലറി
എന്റെ വാടകവീടിനെ
നടുക്കി എനിക്കു പറയണം;
‘എന്നെക്കുറിച്ചാരോ
ഓർക്കുന്നുണ്ടിപ്പോഴും...’
മൂക്കും മുഖവുമെരിയുമ്പോൾ
തന്നെ എന്തൊരു
പ്രതീക്ഷയാണ്.......
കണ്ണുകളിറുക്കി, നെറ്റിചുളിച്ച്‌....
ഹൊ......
ആ നിമിഷമാകും
നശിച്ച ഒരു കോട്ടുവായോ,
ചുമയോ കേറി വന്ന്‌
അലോസരപ്പെടുത്തുക...
ഒടുവിൽ,
രണ്ടും കൂടെ സമ്മിശ്രപ്പെട്ട്‌
രണ്ടുമല്ലാത്ത മറ്റെന്തോ പോലെ......
അപൂർണ്ണമായ
ഓരോ തുമ്മലിന്റേയും
അസ്വസ്ഥതകൾക്കൊടുവിൽ
ഞാൻ കൊതിക്കാറുണ്ട്,
വെറുതെ ഒന്നലറുവാൻ........!

--------------------------------------------------------

E.M.I

ഒരു വീടെന്നത്‌
ഇന്നലെവരെ
ഒരു സ്വപ്നമായിരുന്നു...
ഇന്നെനിക്ക്‌ ആ സ്വപ്നമേയില്ല.....!
ഒരിക്കലും തീരാത്ത
മാസഗഡുക്കൾക്ക്‌ മീതെ
ഞാനെന്റെ സ്വപ്നത്തെ
പണയപ്പെടുത്തുകയായിരുന്നു....
വീടായാൽ ഒരു പേരുവേണം..,
പേരായാൽ പുതുമ വേണം....
അതുകൊണ്ട്‌ എന്റെ വീടിന്
ഞാനൊരു പേരിട്ടു;
E.M.I ഭവൻ......
എല്ലാ വീടുകളേയും ഓരോ
ദൈവങ്ങൾ കാത്തുകൊള്ളുമെന്നത്‌‌
വിശ്വാസികളുടെ വിശ്വാസം...
അതുകൊണ്ട്,
അതുകൊണ്ടുമാത്രം
കട്ടിളത്തലയ്ക്കൽ
ഞാനുമൊന്നു തൂക്കി;
S.B.T ഈ വീടിന്റെ ഐശ്വര്യം..........!

--------------------------------------------------------


സങ്കടം



തുറന്നുപോയാൽ അണപൊട്ടിയൊഴുകിയേക്കാം...
പ്രളയത്തോളം വലുതായ മഹാസമുദ്രം 
ഉള്ളിലുള്ളതുകൊണ്ടാണ്‌ ഞാൻ കണ്ണുകളടച്ചിരിക്കുന്നത്‌...

6 comments:

ഗന്ധർവൻ said...

ഇഷ്ടായി നല്ല വരികൾ :0)

Jishad Cronic said...

നല്ല വരികൾ.

നാടകക്കാരന്‍ said...

ഹാ സുന്ദരമായ കവിത ആകുലത നിസ്സംഗത

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കൊള്ളാം പണിക്കരേ.. :)

ശ്രദ്ധേയന്‍ | shradheyan said...

തുമ്മുമ്പോള്‍ മൂക്ക് തെറിക്കാതെ നോക്കണേ :) നന്നായി.

off: മീശ എവിടെ പണിക്കരെ?

Vinodkumar Thallasseri said...

മുമ്പെപ്പോഴൊ വായിച്ച്‌ നിര്‍ത്തിയതാണ്‌. ഇഷ്ടപ്പെട്ടതും. കമണ്റ്റാന്‍ മറന്നതായിരിക്കനം. നന്നായി. ഉടല്‍ ഉരിഞ്ഞതും വീട്‌ മൊഴിഞ്ഞതും