Wednesday, November 10, 2010

ഒരു ബ്ലോഗർക്ക്‌ സംഭവിച്ച ദുര്യോഗം..!


ഇതൊരു സിനിമാ റിവ്യൂ അല്ല. എങ്കിലും ഈ സിനിമയെക്കുറിച്ച്‌ പരാമർശിക്കാതെ വയ്യ. കേരളത്തിൽ ഏറെ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഒരു സിനിമയാണ് ഷാജി അസീസിന്റെ ഒരിടത്തൊരു പോസ്റ്റ്മാൻ. നിള ക്രീയേഷൻസിന്റെ ബാനറിൽ ഷാജി - ബഷീർ സിൽസില നിർമ്മിച്ച ഈ സിനിമയിലെ കേന്ദ്രകഥാപാത്രമായ പോസ്റ്റ്മാനെ ഇന്നൻസന്റ്‌ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. തമാശയുടെ ബാക്ഡ്രോപ്പിൽ വളരെ സീരിയസ്സായ ഒരു വിഷയം ഷാജി നമ്മുടെ മുന്നിലേയ്ക്കിട്ടു തരുന്നുണ്ട് ഈ സിനിമയിലൂടെ. പണ്ടൊക്കെ പത്രം പോലെ, പാൽക്കാരനെപ്പോലെ പോസ്റ്റ്മാനും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അത്രയേറെ ഉത്തരവാദിത്വമുള്ള ഒരു ഡ്യൂട്ടിയാണ് പോസ്റ്റ്മാന്റേത്‌. അതിൽ വീഴ്ച വരുത്തുന്നതും, കൃത്യവിലോപം കാട്ടുന്നതും അക്ഷന്തവ്യമാണ്.

യാതൊരു ഉത്തരവാദിത്വവുമില്ലാതെ, നേരാംവണ്ണം സ്വന്തം ജോലി നിർവ്വഹിക്കാത്ത അലസനും മടിയനുമായ ഒരു പോസ്റ്റ്മാന്റെ കഥയാണ് ഈ സിനിമ.  പോസ്റ്റ്മാന്റെ മകനായി കുഞ്ചാക്കോ ബോബൻ ഗംഭീരമായ ഒരു തിരിച്ചുവരവും നടത്തിയിരിക്കുന്നു. ഇനി സിനിമയിൽ നിന്ന്‌ കാര്യത്തിലേയ്ക്ക്‌ വരാം. പ്രമുഖ ബ്ലോഗറും കാർട്ടൂണിസ്റ്റുമായ ഖാൻ പോത്തൻ കോട്‌ ഈയിടെ നാട്ടിൽ ലീവിനു പോയപ്പോൾ ആറ്റുനോറ്റുണ്ടായൊരുണ്ണിയെപ്പോലെ ഒരു മാരുതി കാർ വാങ്ങിച്ചു ആകെ പൊല്ലാപ്പിലായി. കാർ വാങ്ങിയ സജീബ് ഖാന് ആർ. സി ബുക്കും പേപ്പറുമൊക്കെ തപാൽവകുപ്പിലൂടെ രജിസ്റ്റേഡായി അയച്ചിരുന്നു. പക്ഷെ, കാത്തിരുന്ന്‌ കാത്തിരുന്ന്‌ കണ്ണുകഴച്ചിട്ടും ഒരു സാദാ പേപ്പർ പോലും ഖാനെ തേടി വന്നില്ല. ബുക്കും പേപ്പറുമില്ലാതെ വണ്ടി പുറത്തിറക്കാൻ പറ്റാത്ത ഖാൻ തന്റെ വിലപ്പെട്ട ലീവ് ദിനങ്ങൾ മുഴുവനും ആർ. ടി ഓഫീസിലും, പോസ്റ്റാപ്പീസ്‌ പരിസരത്തുമായി പാഴാക്കി. ആർ. ടി ഓഫീസിൽ നിന്നും രേഖകൾ രജിസ്റ്റേഡായി അയച്ചതിനും, തന്റെ പോസ്റ്റോഫീസിൽ കൈപറ്റിയതിനും തെളിവുകൾ കണ്ട് അന്തംവിട്ട ഖാൻ പോസ്റ്റ്മാസ്റ്ററോട്‌ ചൂടായപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം അറിയുന്നത്‌.  സ്വന്തം അഡ്രസ്സിൽ വന്ന രജിസ്റ്റേഡ് ഏതോ ഒരുത്തൻ ഒപ്പിട്ടു വാങ്ങിക്കൊണ്ടുപോയത്രെ. താൽക്കാലികമായി നിയമിച്ച പോസ്റ്റുമാനാണ് ഈ രജിസ്റ്റേഡ്‌ ‘ഉടമസ്ഥന്’ കൈമാറിയതെന്നുപറഞ്ഞ്‌ ആ പോസ്റ്റ്മാസ്റ്റർ തലയൂരാൻ ശ്രമിച്ചപ്പോൾ നിയമപരമായി ഈ ഗുരുതരമായ കൃത്യവിലോപത്തെ നേരിടാനുള്ള ഒരുക്കത്തിലാണ് ഖാൻ പോത്തൻകോട്. ഉത്തരവാദപ്പെട്ട പോസ്റ്റ്മാസ്റ്ററും കൈയൊഴിയുമ്പോൾ ഇതിനുപിന്നിൽ വേറെ ചില കളികളുണ്ടെന്നത്‌ വ്യക്തമാണ്‌. യാതൊരു രേഖയുമില്ലാതെ ഏതോ ഒരുത്തന്, ഏതോ ഒരു താൽക്കാലിക ജീവനക്കാരൻ ഒരു വിലപ്പെട്ട രേഖ എങ്ങനെ, എവിടെ വച്ച്‌, എന്തുറപ്പിന്മേൽ കൈമാറി..?   ആർ. സി. ബുക്ക്‌ പണയം വച്ച്‌ പണം തട്ടുന്നവരും, ജീവനക്കാരും തമ്മിലുള്ള ഒത്തുകളികളെക്കുറിച്ച്‌ കൂടുതൽ അന്വേക്ഷിക്കേണ്ടിയിരിക്കുന്നു. ഗുരുതരമായ ഈ പ്രശ്നത്തിൽ ബ്ലോഗർമാർ പ്രതികരിക്കുകയും, പ്രതിഷേധിക്കുകയും വേണം. അല്ലെങ്കിൽ ഇനിയും നമുക്കുവരേണ്ട കത്തുകളും സർട്ടിഫിക്കറ്റുകളും, മറ്റ്‌ സുപ്രധാന രേഖകളും, മണിയോർഡറുകളുമൊക്കെ ആവിയായിപ്പോകുകതന്നെ ചെയ്യും‌. കേരള കൌമുദി ഫ്ലാഷിൽ വന്ന ആ വാർത്ത താഴെ.

4 comments:

പഞ്ചാരക്കുട്ടന്‍ said...

ക്ലോസ് ചെയാന്‍ പോയപ്പഴാ മനസിലായത് റിവ്യൂ അല്ലെന്ന് ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

ഖാന്‍പോത്തന്‍കോട്‌ said...

സുനില്‍ ..ഈ വിഷയത്തില്‍ എന്നോടൊപ്പം ചേര്‍ന്ന് നിന്ന് പ്രതികരിക്കുന്നതിനു നന്ദി.
പരാതികള്‍ പലതും പലയിടത്തും കൊടുത്തിട്ടും ഇതുവരെ ഒരു അനുകൂല മറുപടി ഒരിടത്തുനിന്നും കിട്ടിയില്ല.
ഇത് കിട്ടാന്‍ ഞാന്‍ എന്ത് ചെയ്യണമെന്നു അവരാരും ഒന്നും പറയുന്നുമില്ല. വണ്ടി ഇപ്പോഴും ഷെഡില്‍ തന്നെയാണ് .... !!

Premarajan N Sharjah United Arab Emirates said...

ഇതാണോ വലിയ കഥ ... ഇതിലും വലിയ കഥ കേള്‍കണോ? ആര്‍. ടി. ഓ. ഓഫീസില്‍ നിന്ന് പോസ്റ്മാന്റെ സ്വന്തം ഭാര്യയുടെ പേരില്‍ അയച്ച ഡ്രൈ വിംഗ് ലൈസന്‍സ് ആളില്ല എന്ന് പറഞ്ഞു തിരിച്ചയക്കുകയും പിന്നീട് സ്വന്തം ഭാര്യയുടെ താനെന്നു തിരിച്ചറിഞ്ഞു ആര്‍. ടി. ഓ. ഓഫീസില്‍ ചെന്ന് കൈപറ്റിയത് വേറെ ചരിത്രം ........ കഷ്ട്ടം .........

ഷാരോണ്‍ said...

വകുപ്പിനെ അടച്ചാക്ഷേപിക്കേണ്ട ഗതിയിലായെന്നു തോന്നുന്നില്ല.
അല്ല...കോയമ്പത്തൂരുള്ള എന്നെ ഫോണില്‍ വിളിച്ച് രെജിസ്ടര്‍ പോസ്റ്റ്‌ വീട്ടില്‍ എല്പിക്കണോ എന്ന് ചോദിക്കുന്ന ഒരു പോസ്റ്റ്‌മാന്‍ നാട്ടിലുണ്ട്.
അപ്പോള്‍ ഞാന്‍ കുറ്റം പറഞ്ഞാല്‍ ചെറ്റത്തരം അല്ലെ?

ഏതായാലും ഇത്തരം പ്രശ്നങ്ങള്‍ വകുപ്പ് ശ്രദ്ധയില്‍ എടുക്കേണ്ട കാലം അതിക്രമിച്ചു.

ഇപ്പോള്‍ ക്ഷേമാക്കത്തുകള്‍ ഒന്നും തപാലില്‍ വരാറില്ല.
എല്ലാം പ്രാധാന്യം ഏറിയ ഡോക്യുമെന്റുകള്‍ മാത്രം...

സൂക്ഷിച്ചും കണ്ടും നീങ്ങിയില്ലെങ്കില്‍ നാളെ അതും നില്‍ക്കും...