പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്..
സിര തുരക്കുന്ന ലഹരിയിൽപ്പരിഭവം
പതിവിനപ്പുറമകന്നിരുന്നെങ്കിലും
കരൾ പറിക്കും വിഷാദമേയരികെ നീ
വരിക നോവിന്റെ ഗസലുമൂളുവാൻ...
പുഴപതഞ്ഞെത്തും നമുക്കുള്ളിലേയ്-
ക്കെങ്കിലും ഒരുടലൊഴുക്കിലും
കുതിരില്ല സങ്കടം.....
ഇരുളുമൊത്തുന്ന രാത്രിയിൽ
സഗദ്ഗദം മദിരമോന്തുന്ന
പുഴകളാവണം സവിസ്മയം
കനലുകൊത്തുന്ന പക്ഷിപോൽ-
ക്കവിതയിൽ ചിറകടിച്ചുയരുവാൻ രണ്ടു
ചിറകുതേടണം ലഹരിയിൽ...
വഴിമറന്നുപോയെങ്കിലുമോർമ്മയിൽ-
ക്കൂട്ടിനുണ്ടൊരേ മുറിപ്പാടുപോൽ വാക്കുകൾ,
തീക്ഷ്ണമായ്.....
മഴയുണങ്ങുന്നു മൌനത്തിനൊപ്പമായ്
സിര നനഞ്ഞു, നനഞ്ഞു പോയെങ്കിലും
ഇരുളുകീറുവാൻ കഴിയണം കവിതയിൽ
വരി വിഴുങ്ങും വിഷാദമുണ്ടെങ്കിലും.....
വരിക ഗായകാ.. വാക്കിന്റെയഗ്നിയായ്
മുറിവൊരുക്കുന്ന ഗസലുമൂളുവാൻ,
വരിക ഗായകാ.. വരികളിൽപ്പൂക്കും
മുറിവുണക്കുന്ന ഗസലുമൂളുവാൻ.....!
3 comments:
"ഇരുളുകീറുവാൻ കഴിയണം കവിതയിൽ"
കാഴ്ച്ചതൻ ലഹരിയിൽ പൊന്തുന്നതെല്ലാം
കവിതയായൊഴുക്കണം ഇനിയെന്നുമെന്നും
പ്രതീക്ഷയോടെ......സസ്നേഹം
വഴിമറന്നുപോയെങ്കിലുമോർമ്മയിൽ-
ക്കൂട്ടിനുണ്ടൊരേ മുറിപ്പാടുപോൽ വാക്കുകൾ!!
Post a Comment