Sunday, April 17, 2011

വിഷക്കണി അഥവാ വിഷുക്കെണി

ജ്യോതിഷത്തിൽ എനിക്ക് അത്യപൂർവ്വമായ സിദ്ധികളുണ്ടെന്ന് എന്റെ ആരാധകർക്കറിയാം.
ഞാനവരെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടുമില്ല. അൽഭുതമെന്നു പറയട്ടെ, അവിശ്വാസികളേയും, അഹിന്ദുക്കളേയും, അസൂയക്കാരേയും ഒരുപോലെ എന്നിൽ വിശ്വാസമർപ്പിക്കാൻ പ്രേരിപ്പിച്ച ഇതൊരെണ്ണം മതി, എക്കാലവും എന്റെ കഴിവിൽ സംശയദൃഷ്ടിയുള്ള വിടുവായന്മാരുടെ വായടയ്ക്കാൻ. പക്ഷെ എന്റെ കണക്കുകൂട്ടലുകൾ ഈ വിഷുദിനത്തിൽ പിഴച്ചു. മനോരമയും, മാതൃഭൂമിയും, കേരളകൌമുദിയും, മംഗളവുമൊക്കെ ഒത്തുചേർന്ന് ഈ വിഷുവിനെന്നെ ചതിച്ചു. ജോഷി മമ്മൂട്ടിയെ ചതിച്ചപോലെ... എങ്ങനെ നമ്മളിനി പത്രങ്ങളെ വിശ്വസിച്ച് ജീവിക്കും..? ഈ പത്രക്കാരേയും, സാലറി ബേസ്ഡ് ജ്യോത്സ്യന്മാരേയും നമ്പി ഞാനെങ്ങിനെ നിങ്ങൾക്കുവേണ്ടി സത്യസന്ധമായി ഗ്രഹനില നോക്കും..? എങ്ങനെ വിശ്വാസയോഗ്യമായ വർഷഫലമെഴുതും..? എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട വിഷു ആയതുകൊണ്ട് മാത്രം പ്രഗൽഭരായ (എന്നെക്കാൾ) ജ്യോത്സ്യരത്നങ്ങളെഴുതിയ ഈ വർഷത്തെ വിഷുഫലം ചൂടോടെ വായിച്ചു ഞെട്ടി. പ്രമുഖ പത്രങ്ങളിലെ ജ്യോതിഷന്മാരെഴുതിയതിന്റെ ലിങ്കങ്ങൾ താഴെ കിടപ്പുണ്ട്.  ഇതിൽ ഏത് പത്രത്തിലെ ജ്യോത്സ്യനെഴുതിയതാണ് യഥാർത്ഥ വിഷുഫലമെന്നറിയാൻ ഞാനിനിയേതു ഗോപാലകൃഷ്ണനെ ചെന്ന് കാണണം..? അപ്രതീക്ഷിതമായ ഈ ആഘാതത്തിൽ മീറ്റിനുപോലും പങ്കെടുക്കാനുള്ള താൽ‌പ്പര്യം നഷ്ടപ്പെട്ട എനിക്ക് എങ്ങനെ ഇത്തവണത്തെ ബ്ലോഗ് വിഷുഫലം ഇനി എഴുതാനാകും..? ജ്യോതിഷം ശാസ്ത്രമാണെന്നും, സത്യമാണെന്നും, കൃത്യതയുള്ളവയാണെന്നും കേട്ടിട്ടുണ്ട്. ശുദ്ധമായ കുടിവെള്ളവും, പാലും ഏതുഗാണ്ടയിലും ഒരേ നിറത്തിൽ കാണപ്പെടുന്നതുപോലെ, സൂര്യൻ കിഴക്കുമാത്രം ഉദിക്കുന്നതു പോലെ, ലോകത്തെവിടെയും നാലും മൂന്നും ഏഴ് എന്ന സ്ഥിരതാപ്രഭാവംപോലെ ഒരൽ‌പ്പം സുവ്യക്തത, ഒരിമ്മിണി സുതാര്യത എന്തുകൊണ്ടാണ് ജ്യോതിഷത്തിൽ കാണപ്പെടാത്തത്..?  ആര് പ്രവചിച്ചാലും, ആര് ഗണിച്ചാലും ഒരിക്കലും ഒരേപോലെ വരാത്ത ജ്യോതിഷഫലങ്ങൾ എന്തുകൊണ്ടാണ് പരസ്പരവിരുദ്ധമാകുന്നത്‌..? ജ്യോതിഷം അടിസ്ഥാനരഹിതമായ കണക്കുകളുടെ, അബദ്ധങ്ങളുടെ, ഭാവനയുടെ (നടിയല്ല) വിളനിലമാകുമ്പോൾ എന്റെ സംശയങ്ങൾക്ക് ആര് സമാധാനം പറയും..? അടിസ്ഥാനഘടകങ്ങളും, പ്രയോഗരീതികളും ഒന്നുതന്നെയായിരുന്നിട്ടും ഉപയോഗപ്പെടുത്തുന്നവരുടെ പാണ്ഡിത്യത്തിലും, സിദ്ധിയിലും, പരിചയസമ്പന്നതയിലുമുള്ള ഏറ്റക്കുറച്ചിലുകൾ കൊണ്ടാകുമോ ഒരേപോലെ ഭവിക്കേണ്ട ഫലങ്ങൾ ഭിന്നവും, വിപരീതവുമായിപ്പോകുന്നത്..? എന്തര് പുണ്ണാക്കായാലും വർഷഫലോം, വാരഫലോം നിങ്ങൾക്കുവേണ്ടി നോക്കുന്ന വിഫലശീലത്തോട് ഞാൻ വിട പറയുന്നു.. പായലേ വിട, പൂപ്പലേ വിട.. എന്നന്നേയ്ക്കും വിട ട...!


വിഷുഫല ലിങ്കംസ്:

അവലംബം: ജനയുഗം

2 comments:

ഹൈന said...

വിട...

ഭായി said...

വൻ ചതിയായിപ്പോയി പണിക്കരേ....,
എല്ലാത്തിലും ക്ലിക്കി എന്റെ ഉള്ള മനസ്സമാധാനം പോയിക്കിട്ടി...