Monday, August 22, 2011

ഇഴകൾ-നൂലിഴയിൽ ജീവിതം നെയ്തെടുത്തവർ.


സുവർണ്ണനൂലിഴയിൽ മെനഞ്ഞെടുത്ത കൈത്തറിയെന്ന കരവിരുതിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ഒരുകാലത്ത്‌ സവർണ്ണമേൽക്കോയ്മയുടെ  അടയാളങ്ങളായിരുന്ന കസവുൽപ്പന്നങ്ങൾ പിൽക്കാലത്ത്‌ കേരളീയരുടെ പൊതുസ്വത്തായി ഇടം പിടിക്കുകയുണ്ടായി. കേരള സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഈ തനതുകലാസൃഷ്ടി കടൽ കടന്നിട്ടും മലയാണ്മയുടെ പെരുമ നിലനിർത്തിയിട്ടേയുള്ളൂ. അന്തസ്സിന്റേയും, ആഭിജാത്യത്തിന്റേയും പ്രതീകമായും, സാധാരണക്കാരന്റെ ലക്ഷണമൊത്ത ലാളിത്യമായും കസവും, കൈത്തറി ഉൽപ്പന്നങ്ങളും മലയാളിയുടെ നിത്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയത്‌ എന്നുമുതൽക്കാണെന്നതിന്‌ കൃത്യമായ കണക്കുകളില്ല. യഥാർത്ഥത്തിൽ ശീലങ്ങൾക്കപ്പുറം അവ നമ്മുടെ ജീവിതത്തോട്‌ ചേരുകയാണുണ്ടായത്‌. ആഘോഷങ്ങളേയും, വിശേഷദിവസങ്ങളേയും, വിവാഹമംഗളകർമ്മങ്ങളേയും അവിസ്മരണീയമാക്കുവാൻ കസവിൽ വിരിഞ്ഞ കൗതുകങ്ങൾ എക്കാലവും കേരളത്തിന്റെ ഹൃദയത്തുടിപ്പായി ഒപ്പമുണ്ടായിരുന്നു. നന്മയുടെ നാട്ടുമണം പേറുന്ന ഗ്രാമങ്ങളിൽനിന്നും നിശബ്ദമായി വിടർന്ന ഈ സർഗ്ഗചാരുതകൾ വിദേശമാർക്കറ്റുകളേയും വിസ്മയഭരിതമാക്കി.

പരമ്പരാഗതമായ ഉപജീവനമാർഗ്ഗം മാത്രമായിരുന്നില്ല കൈത്തറി. കച്ചവടം എന്നതിലുപരി അവ ഭാവനയുടേയും, ആശയസാക്ഷാത്ക്കാരത്തിന്റേയും, കരവിരുതിന്റേയും പൊന്നിൽച്ചാലിച്ച സുവർണ്ണമുദ്രകൾ കൂടിയായിരുന്നു. നെയ്ത്തുകാരനും പട്ടുസാരിയുമൊക്കെ നിശബ്ദസാന്നിധ്യം പകർന്ന് തേഞ്ഞുപോയ പുരാവൃത്തമായി ചരിത്രത്തിലലിഞ്ഞുചേർന്നിട്ടുണ്ട്‌ ഓരോ കാലങ്ങളിലും. പഴങ്കഥകളിലും, പുരാണങ്ങളിലും, പറഞ്ഞുതീരാത്ത ഇതിഹാസങ്ങളിലും, വീരഗാഥകളിലും ആരുമറിയാതെ പോയ, ആരുമോർക്കാതെ പോയ നെയ്ത്തുകാരുടെ കഥകളും, അവരുടെ വിരൽതൊട്ടുണർത്തിയ കനകവിസ്മയങ്ങളും ഉറങ്ങിക്കിടക്കുന്നുണ്ട്‌ ഒരിക്കലും ഇഴപൊട്ടാതെ. കൈത്തറി ചരിത്രമാകുന്നത്‌, അവ എക്കാലവും നമ്മുടെ സംസ്കാരത്തോട്‌ ചേർന്നുകിടന്നിരുന്നു എന്ന്‌ തിരിച്ചറിയുമ്പോൾ മാത്രമാണ്‌.

കൈത്തറിയുടെ ചരിത്രത്തിൽ എന്നും നിറഞ്ഞുനിൽക്കുന്ന പേരുകളാണ്‌ ബാലരാമപുരവും, കണ്ണൂരും, ചേന്ദമംഗലവും, വടകരയും, മണിയൂരും, തിക്കോടിയും, കീഴരിയൂരുമൊക്കെ.. രണ്ട്‌ നൂറ്റാണ്ടിലേറെ ചരിത്ര പാരമ്പര്യമുണ്ട്‌ ബാലരാമപുരം കൈത്തറിക്ക്‌. തിരുവിതാംകൂർ മഹാരാജാവായിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ്‌ അനന്തപുരി കൈത്തറിയുടെ സ്വന്തം നാടായി മാറിയത്‌. ബാലരാമവർമ്മയുടെ ദളവയായിരുന്ന ഉമ്മിണിത്തമ്പി അക്കിക്കാടെന്നറിയപ്പെട്ടിരുന്ന വനപ്രദേശം വെട്ടിത്തെളിച്ച്‌ അവിടെ തമിഴ്‌നാട്ടിൽനിന്ന് നെയ്ത്തുകാരെ കൊണ്ടുവന്നു താമസിപ്പിച്ചു. വൈകാതെ ഈ സ്ഥലം നെയ്ത്തുകാരുടെ കേന്ദ്രമായി വളർന്നു. മഹാരാജാവിന്റെ ഓർമ്മ നിലനിർത്തുന്നതിനായി ഇവിടം ബാലരാമപുരമെന്ന് നാമകരണം ചെയ്യപ്പെട്ടു. ഇവിടത്തെ ഓരോ തെരുവിനും പറയാനുണ്ട്‌ കസവിന്റെ പത്തരമാറ്റ്‌ തിളക്കമുള്ള കഥകൾ. സാലിയ (ചാലിയ) തെരുവിലെ കുടിയേറി പാർക്കപ്പെട്ട നൂറുകണക്കിന്‌ തമിഴ്‌ ബ്രാഹ്മണർക്ക്‌ അന്നും, ഇന്നും അന്നം കൈത്തറി തന്നെ.


ശ്രീ. ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഭരണകാലത്തും ബാലരാമപുരം കൈത്തറി ഫലപ്രദമായ മുന്നേറ്റം നേടിയിരുന്നു. ഒരു പ്രത്യേക ഭൂപ്രദേശത്ത്‌ തയ്യാറാക്കപ്പെടുന്ന അദ്വിതീയവും, സവിശേഷവുമായ ഉൽപ്പന്നങ്ങൾക്കാണ്‌ ജി. ഐ മുദ്ര ലഭിക്കുന്നത്‌. പേരുകേട്ട ബാലരാമപുരം സാരിക്ക്‌ ബൗദ്ധികസ്വത്തവകാശം ലഭിക്കുകയുണ്ടായതും, ഈ നേട്ടം വാർത്തകളിൽ ഇടം പിടിക്കാതെ പോയതും ഖേദകരമെന്നേ പറയേണ്ടൂ.. ഭൂമിശാസ്ത്ര ലക്ഷണ നിയമപ്രകാരം ബൗദ്ധികസ്വത്തവകാശം ലഭിക്കുന്ന കേരളത്തിലെ ആദ്യ കൈത്തറി ഉൽപ്പന്നമാണ്‌ ബാലരാമപുരം സാരി. പേറ്റന്റും പകർപ്പവകാശവും വ്യക്തികൾക്കാണ്‌ ലഭിക്കുന്നതെങ്കിൽ ഒരു സമൂഹത്തിന്റെ ബൗദ്ധികസ്വത്ത്‌ സംരക്ഷിക്കുന്നതാണ്‌ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ എന്ന ജി. ഐ മുദ്ര. ബ്രാൻഡഡ്‌ വസ്ത്രങ്ങളുടെ കുത്തൊഴുക്കിലും കുത്താമ്പുള്ളിയും, ബാലുശ്ശേരിയും, ചെറുവണ്ണൂരും, പയ്യോർമലയും പോലുള്ള കസവുപൂക്കുന്ന ഗ്രാമങ്ങൾ പെരുമ ചോരാതെ കൈത്തറിയുടെ താളം നിലയ്ക്കാതിരിക്കാൻ ഇന്നും ഏറെ പണിപ്പെടുന്നുണ്ട്‌.

ബാലരാമപുരത്തെ ഭൂരിഭാഗം വീടുകളും ഒരുകാലത്ത്‌ കൈത്തറികളാൽ സമ്പന്നമായിരുന്നു. തായ്‌വഴിയായി കിട്ടിയ ഈ കുലത്തൊഴിൽ ഇന്നും നിലനിർത്തിപ്പോരുന്ന വളരെക്കുറച്ച്‌ കൈത്തറിശാലകളിൽ നിന്നാണ്‌ കറാൽക്കടയിലൂടെയും, കസവുകടയിലൂടെയും, ഹാന്റെക്സിലൂടെയും, ഹാന്റ്‌വീവിലൂടെയുമൊക്കെ നമ്മളിലേയ്ക്കെത്തിച്ചേരുന്ന കൈത്തറിയുടെ ശേഷിക്കുന്ന അടയാളങ്ങൾ നിലനിൽക്കുന്നത്‌. പരമ്പരാഗതമായി കൈമാറപ്പെട്ട ഈ തൊഴിൽ 1970 കളിലും 80 കളിലും സജീവമായിരുന്നെങ്കിലും കച്ചവട സാധ്യതകളുടെ നിറം മങ്ങലിലും, യന്ത്രത്തറികളുടെ കടന്നുവരവിലുമൊക്കെ അരക്ഷിതാവസ്ഥയിലായി. തലമുറകളായി കിട്ടിയ കരവിരുത്‌ സ്വന്തം മക്കളെപ്പോലും പഠിപ്പിക്കുവാനുള്ള ധൈര്യവും, വിശ്വാസവും കഴിഞ്ഞ തലമുറയിൽപ്പെട്ടവർക്കുണ്ടായില്ല. ആശങ്കകളും, ദാരിദ്ര്യവും സദാ സമ്മാനിച്ച കൈത്തറി അവർക്ക്‌ കയ്പ്പേറിയ കൈത്തിരി മാത്രമായിരുന്നു. പിന്നീടുള്ള നാളുകളിൽ സഹകരണ സംഘങ്ങളും, ഇടനിലക്കാരും, വ്യാപാരികളും തടിച്ചുകൊഴുത്തെങ്കിലും നെയ്ത്തുകാരന്റെ വീട്ടിൽ കരിന്തിരി മാത്രമായി. പരമ്പരാഗതമായ സ്വയം തൊഴിലാണ്‌ കൈത്തറി. ഓരോ വീടുകളിലും ചെറുതും വലുതുമായി നിറഞ്ഞുനിന്നിരുന്ന പടിപ്പുരകൾ ഏറെ വൈകാതെ തൊഴുത്തും, വിറകുപുരയുമൊക്കെയായി രൂപം മാറി. കാലാകാലങ്ങളിൽ മാറിമാറി വന്ന സർക്കാരിന്റെ വാഗ്ദാനങ്ങളിൽ നെയ്ത്തുകാരന്റെ അത്താഴസ്വപ്നം ആവിയായിപ്പോയതല്ലാതെ ഒന്നും സംഭവിച്ചില്ല. ക്ഷേമനിധികളും, പെൻഷൻ പദ്ധതികളും അത്യാവശ്യഘട്ടത്തിന്‌ ഒരു നെയ്ത്തുകാരനേയും തുണച്ചതുമില്ല. പ്രാരാബ്ദങ്ങളും, പ്രശ്നങ്ങളും നിറഞ്ഞ സംഘർഷജീവിതവുമായി അവരെന്നും ഇവിടെ മല്ലിട്ടുകൊണ്ടേയിരുന്നു; നഗരത്തേയും, നമ്മുടെ പൈതൃകത്തേയും കസവുടുപ്പിക്കുവാൻ. പ്രഗൽഭരായ പല തൊഴിലാളികളും നിവൃത്തിയില്ലാതെ മറ്റ്‌ പലതൊഴിലുകളിലേയ്ക്കും തിരിഞ്ഞു. നെയ്ത്തല്ലാതെ മറ്റ് തൊഴിലറിയാത്തവർ അന്നും ഇന്നും ഈ പണി തുടരുന്നതുകൊണ്ട്‌ ഭാഗ്യവശാൽ കൈത്തറി അന്യം നിന്നുപോയില്ല. അവരുടെ മംഗളകർമ്മങ്ങളെ വിലയേറിയ കസവൊളികൾ ദീപ്തമാക്കിയില്ല. അവരുടെ പെണ്മക്കൾ കസവിന്റെ പട്ടുസാരിയുടുക്കാതെ വിലകുറഞ്ഞ യന്ത്രപ്പുടവയിൽ ആഗ്രഹമുള്ളിലൊതുക്കി.

ജീവിതത്തിലെ സുവർണ്ണ മുഹൂർത്തങ്ങളെ പ്രശോഭിപ്പിക്കുവാൻ കഴിയാതെ അവർ മറ്റുള്ളവരുടെ ജീവിതത്തിൽ കസവുകൊണ്ട്‌ മുന്താണികളും, കുഞ്ചലങ്ങളും മെടഞ്ഞു. നിറം മങ്ങിയ ജീവിതം പോലെ വിലകുറഞ്ഞ ഉടയാടകളിൽ സംതൃപ്തരായി ജീവിതം പിന്നെയും, പിന്നെയും ഇഴപൊട്ടാതെ മെനഞ്ഞുകൊണ്ടേയിരുന്നു.

സഹകരണ സംഘങ്ങളും, വിൽപ്പനകേന്ദ്രങ്ങളും വിരലിലെണ്ണാവുന്നതായി ചുരുങ്ങുകയും, വിൽപ്പനയുടെ ഗണ്യമായ കുറവും, കസവിന്റേയും, പാവിന്റേയും, നൂലിന്റേയും മറ്റ്‌ അസംസ്കൃത വസ്തുക്കളുടേയും വിലവർദ്ധനയും നെയ്ത്തുകാരനേയും, കുടുംബത്തേയും എന്നും തീരാവറുതികളിലേയ്ക്ക്‌ തള്ളിവിട്ടതേയുള്ളൂ. നെയ്ത്ത്‌ ഒരു കലയാണ്‌, കാലത്തിന്റെ സാക്ഷ്യപ്പെടുത്തലും. നീതികരിക്കപ്പെടാനാവാത്ത തിരസ്കാരങ്ങളും, ചൂഷണങ്ങളും, പ്രീണനങ്ങളും ഇവർക്കുമേൽ എന്തിനാണ്‌...? വിൽക്കപ്പെടാതെ പൊടിപിടിച്ച തുണിത്തരങ്ങളുടെ കൂമ്പാരം കണ്ട്‌ പകച്ച ഇവർ എന്തുറപ്പിൻമേൽ ഇനി വിരലുകൊണ്ട്‌ ജീവിതം വരയ്ക്കും...? ഒരുകാലത്ത്‌ ഉൽപ്പാദകനും, ഉപഭോക്താവിനും, വിൽപ്പനക്കാരനും ലാഭമായിരുന്ന ഒരു തൊഴിൽമേഖല അന്യം നിന്നുപോകാതെ കാത്തുസൂക്ഷിക്കേണ്ട ചുമതലയും, ബാധ്യതയും സർക്കാരിനുണ്ട്‌. വർഷാവർഷമുള്ള ദേശീയ-സംസ്ഥാന അവാർഡിൽ മാത്രമൊതുക്കാവുന്നതല്ല സർക്കാരിന്റെ ഉത്തരവാദിത്വം. ശനിയാഴ്ചതോറും മുണ്ടുടുത്ത്‌ സർക്കാരോഫീസിനേയും, നെയ്ത്തുകാരേയും പുളകം കൊള്ളിച്ച ഉത്തരവുകളിന്നെവിടെയാണ്‌...?

നെയ്ത്തുകാരന്റെ തേഞ്ഞുതീരുന്ന കാലടികളും, സൂക്ഷ്മതയും, മങ്ങലേൽക്കുന്ന കാഴ്ചയും, കരവിരുതും നമ്മുടെ സംസ്കൃതിയ്ക്ക്‌ നിറം ചാർത്താൻ ഇനിയും വേണം. പക്ഷെ അർഹിക്കുന്ന ആനുകൂല്യങ്ങളോ, വിലയോ, സുരക്ഷിതത്വമോ ഒന്നും നെയ്ത്തുകാരൻ ഒരിക്കലും പ്രതീക്ഷിക്കരുതെന്നു മാത്രം.. ഇൻഡ്യയിൽ കാർഷികമേഖല കഴിഞ്ഞാൽ ഏറ്റവുമധികം പേർ ഉപജീവനമായി കണ്ടിരുന്ന തൊഴിൽമേഖലയായിരുന്നു കൈത്തറി. അശാസ്ത്രീയവും, ദീർഘവീക്ഷണവുമില്ലാത്ത സർക്കാരിന്റെ പദ്ധതികൾ കൈത്തറിയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. ആഭ്യന്തരവിപണിക്കൊപ്പം, വിദേശകമ്പോളത്തേയും ആശ്രയിക്കുന്നുണ്ടെങ്കിലും അടിക്കടിയുണ്ടാകുന്ന സാമ്പത്തികമാന്ദ്യവും, പ്രതിസന്ധികളും എന്നും പ്രതിബന്ധമായി നിലകൊണ്ടു. രാജ്യത്തിന്റെ സമ്പദ്‌ഘടനയും, ഇൻഡ്യയുടെ പൈതൃകവും, സംസ്കാരവും സംരക്ഷിക്കുന്നതിൽ നിർണ്ണായകമായ പങ്ക്‌ വഹിക്കുന്ന കൈത്തറിയുടെ ഇരുണ്ടഭാവിക്കുമേൽ എന്നാണിനി സർക്കാരിന്റെ കണ്ണുതുറക്കുക...?  നൂലിഴയിൽ ജീവിതം നെയ്തെടുക്കാൻ ബദ്ധപ്പെടുന്നവരുടെ കണ്ണീർ അവഗണിച്ചുകൊണ്ട്‌ കേരളം വളരുകയാണ്‌.. ഭാഷയും, ദേശവും മറികടന്ന് കലയുടെ വിളനിലമായി പാശ്ചാത്യരെ വിസ്മയിപ്പിച്ചുകൊണ്ട്‌ ദൈവത്തിന്റെ ഈ സ്വന്തം നാട്‌ വളർന്നുകൊണ്ടേയിരിക്കുന്നു...!
(ചിത്രങ്ങൾ: ഗൂഗിൾ)

4 comments:

kaalam said...

ഒരു കസവിന്റെ പ്രകാശം...പുതുമ...മണം...ഒരു സുദിനം..
എല്ലാം അനുഭവപ്പെട്ടു.പക്ഷെ അവരുടെ ജീവിതമൊ?
ഓര്‍മ്മപ്പെടുത്തിയതിനു നന്ദി.

പകല്‍കിനാവന്‍ | daYdreaMer said...

luv tht last BW pic!!

മാണിക്യം said...

നല്ലൊരു ലേഖനം ..
സര്‍ക്കാരിന്റെ കണ്ണിലേയ്ക്ക് ഇതെത്തിയെങ്കില്‍
കസവ് മുണ്ടിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണ്.
ഓണത്തിന് മറുനാടന് മലയാളി കസവ് മുണ്ടും ഓണസദ്യയും ഒരുക്കുന്ന തിരക്കിലാണ് അവ നെയ്ത 'കലാകാരന്മാരെ' ഒരു നിമിഷം ഓര്‍മ്മിക്കാന്‍
ഈ ലേഖനത്തിനായി.
ചിത്രങ്ങള്‍ മനസ്സില്‍ തട്ടുന്നത്.
ഈ ഒരു തലമുറ കഴിഞ്ഞാല്‍ 'കൈത്തറി' ഓര്‍മ്മയാവും.

Sapna Anu B.George said...

കസവിന്റെ കഥ നന്നായി പണിക്കരെ.....ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം