Thursday, August 30, 2012

മൂടുപടമണിയാത്ത മഹാനടൻ..ധാർഷ്ട്യത്തിന്റെ പ്രതിരൂപമെന്ന് വിശേഷിക്കപ്പെട്ട അപൂർവ്വങ്ങളിൽ അപൂർവ്വമൊരാൾ... അതാണ്‌ കെ. സുരേന്ദ്രനാഥ തിലകനെന്ന മലയാളത്തിന്റെ സ്വന്തം തിലകൻ. ഒന്നിനേയും വകവയ്ക്കാത്ത ഈ ധാർഷ്ട്യം ഒരു നടനിൽ നാം ആദ്യം കാണുന്നത്‌ ഒരുപക്ഷെ അനശ്വരനായ സത്യനിലൂടെയാവണം. കുഞ്ചാക്കോയെന്ന മഹാമേരുവിനെപ്പോലും കൂസാത്ത, ആണത്തം ആർക്കുമുന്നിലും അടിയറവ്‌ വയ്ക്കാത്ത സത്യനുശേഷം അതേ പൗരുഷവും ചങ്കൂറ്റവും പ്രകടമാക്കിയ ഒരേയൊരു നടനാണ്‌ തിലകൻ. തനിക്കിഷ്ടപ്പെടാത്തത്‌, അല്ലെങ്കിൽ തനിക്ക്‌ ശരി എന്ന് തോന്നുന്നത്‌ ആരോടായാലും മുഖത്തുനോക്കി വെട്ടിത്തുറന്നു പറയാനുള്ള ആർജ്ജവം സിനിമയിൽ സൂപ്പർ താരപരിവേഷമില്ലാത്ത ഒരു നടന്‌ പലപ്പോഴും സാധ്യമല്ല. വ്യക്തി സ്വാതന്ത്ര്യമുണ്ടെങ്കിൽപ്പോലും സിനിമയിൽ നിശ്ചയിക്കപ്പെട്ട അതിർവരമ്പുകളും, പരിമിതികളുമുണ്ട്‌. സിനിമയിലും ജീവിതത്തിലും തിലകൻ ഉള്ളുകള്ളികളില്ലാത്ത പച്ചയായ മനുഷ്യനായിരുന്നു. ആർക്കും എപ്പോഴും വായിക്കാവുന്ന, കമന്റുകൾ രേഖപ്പെടുത്താവുന്ന തുറന്നിട്ട ഒരു പുസ്തകം പോലെ... 


സിനിമയിൽ ദ്വന്ദ്വവ്യക്തിത്വം ഒരു പരിധിവരെ നിലനിൽപ്പിന്‌ ആവശ്യമാണ്‌. അത്തരമൊരു ഡബിൾ ഫെയ്സ്‌ അണിയേണ്ട ഒരാവശ്യവും ഇദ്ദേഹത്തിനില്ലായിരുന്നു. ഇതുമാത്രമായിരുന്നു ബുദ്ധിയുള്ളവർ അദ്ദേഹത്തിൽ കണ്ടിരുന്ന ഒരേയൊരു പോരായ്മയും. നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെ ഹരിഹരനുമാത്രമല്ല അഭിനയത്തിൽ ഹരിശ്രീ കുറിക്കാനെത്തിയ വിനീതിനും, മോനിഷയ്ക്കുംവരെ തിലകന്റെ കർക്കശ്ശമായ പെരുമാറ്റം ബോധ്യപ്പെട്ടതാണ്‌. സിനിമയിലെ അലിഖിത മാടമ്പിച്ചിട്ടകളെ മേലുംകീഴും നോക്കാത്ത തിലകൻ വകവച്ചുകൊടുക്കാതിരുന്ന ഒട്ടേറെ സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. പഞ്ചപുച്ഛമടക്കി, ഏറാൻ മൂളി നിൽക്കാൻ ഏത്‌ എരപ്പയ്ക്കും സാധിക്കും. അങ്ങനെ നിൽക്കാൻ തീയിൽ കുരുത്തവന്‌ കഴിയില്ലെന്ന് മാത്രം. അതു തന്നെയാണ്‌ തിലകന്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നതും. മനുഷ്യൻ ഒരിക്കലും സകലഗുണങ്ങളും തികഞ്ഞ ദിവ്യത്വമുള്ള ഒരവതാരമല്ല. ആരുടേയും അപ്രീതിയ്ക്കിരയാകാതെ സർവ്വാദരങ്ങളും നേടണമെങ്കിൽ ചില എളുപ്പവഴികളുണ്ട്‌. സർവ്വഗുണങ്ങളും തികഞ്ഞ പരമപുരുഷനെന്ന ബഹുമതി  തിലകനെ ഭ്രമിപ്പിച്ചതുമില്ല, അതൊട്ടും അദ്ദേഹം ആഗ്രഹിച്ചതുമില്ല. അല്ലെങ്കിലും സ്വന്തം ജീവിതത്തോടുതന്നെ കലഹിച്ചുകൊണ്ട്‌, പോരാളിയുടെ വീറോടെ പൊരുതുന്ന ഒരു റിബലിന്‌ അങ്ങനെയാകാൻ ഒരിക്കലും കഴിയുമായിരുന്നില്ല. സർവ്വസമ്മതനാകണമായിരുന്നെങ്കിൽ അഭിമുഖങ്ങളിൽ തിലകന്‌ തന്റെ ജീവിതത്തിലെ കറുത്ത അദ്ധ്യായങ്ങളെ മൂടിവച്ചാൽ മതിയായിരുന്നു. തള്ളിപ്പറഞ്ഞവരോടും, നെഞ്ചിനിട്ട്‌ വെട്ടിയവരോടും, ഒറ്റുകാരോടും ക്ഷമിച്ചുകൊണ്ട്‌ അനുനയപ്പെടാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ നട്ടെല്ലുള്ള, ചങ്കുറപ്പുള്ള തിലകനെ നമുക്ക്‌ നഷ്ടമാകുമായിരുന്നു. ഒരു കലാകാരൻ ഇങ്ങനെ, ദാ ഇതുപോലെയൊക്കെ ജീവിക്കണമെന്ന് ഒരിടത്തും എഴുതി വച്ചിട്ടില്ല. എങ്ങനെ ജീവിക്കണമെന്നത്‌ അയാളുടെ മാത്രം സ്വാതന്ത്ര്യമാണ്‌. സുഭദ്രമായ ജീവിതം സത്യത്തിൽ സ്വാർത്ഥമോഹികളുടേതുമാത്രമാണ്‌. ശരികൾ മാത്രം അടുക്കിവയ്ക്കാൻ വൃഥാ ശ്രമിക്കുന്ന, സദാചാരബോധമുള്ള സമൂഹത്തിൽ തിലകനെപ്പോലുള്ളവർ യഥാർത്ഥത്തിൽ അധികപ്പറ്റാണ്‌. ന്യായീകരണങ്ങളില്ലാത്ത സ്വന്തം ജീവിതത്തിൽ ഒരു യഥാർത്ഥ മനുഷ്യനായി ജീവിച്ചു തീർക്കാൻ ശ്രമപ്പെടുന്ന ഒരു മനുഷ്യനോട്‌ എന്തിനാണിത്ര അമർഷം..? സ്നേഹമെന്നത്‌ ഒരിക്കലെങ്കിലും അനുഭവിച്ചറിയാൻ കഴിയാത്ത ഒരാൾ ജീവിതത്തിൽ ഇങ്ങനെയൊക്കെ ആയേക്കും. ആരും സ്നേഹിക്കാനില്ലാത്ത ഒരവസ്ഥയിൽ ഒറ്റപ്പെട്ടുപോകുന്ന ഏതൊരാൾക്കും സംഭവിക്കാവുന്നത്‌. മകൻ കുട്ടിക്കാലത്തു ചെയ്ത തെറ്റുകൾക്ക്‌ മരണം വരെയും മാപ്പുകൊടുക്കാതെ അകറ്റി നിർത്തിയ അമ്മയും അച്ഛനുമാണ്‌ യഥാർത്ഥത്തിൽ ദൈവത്തിന്റെ കോടതിയിൽ പ്രതിക്കൂട്ടിലാവുക. അഭിനയകലയിൽ ആർക്കും പിഴുതെറിയാൻ കഴിയാത്ത ഒരു വന്മരമാണ്‌ തിലകൻ. സ്ഫടികത്തിലെ ചാക്കോമാഷിനെ അനശ്വരമാക്കുവാൻ തന്റെ അച്ഛന്റെ ഓർമ്മ മാത്രം മതിയായിരുന്നു തിലകന്‌. ആടുതോമയായി അഭിനയിച്ച മോഹൻലാൽ മലയാളിയുടെ നെഞ്ചിൽ ഒരു വിങ്ങൽ പോലെ ഇടം നേടിയപ്പോൾ, ജീവിതത്തിലെ യഥാർത്ഥ ആടുതോമയായ തിലകനെ ആരും തിരിച്ചറിഞ്ഞതുമില്ല. തിരസ്കാരങ്ങളുടെ കുത്തൊഴുക്കിൽ വേദനകളൊളിപ്പിച്ച്‌ തിലകൻ നടന്നത്‌ തനിക്ക്‌ ശരിയെന്ന് തോന്നുന്ന വഴികളിലൂടെയായിരുന്നു. സിനിമയിൽ വ്യത്യസ്തങ്ങളായ വേഷങ്ങളിഞ്ഞ്‌, വേറിട്ട മാനറിസം പകർന്നാടിയ അദ്ദേഹത്തിന്‌ ജീവിതത്തിലും അതുപോലെയാകാൻ കഴിയാതെ പോയത്‌ അഭിനയം ജീവിതത്തിൽ നിന്ന് അകറ്റി നിർത്തിയതുകൊണ്ടുമാത്രമാണ്‌. അഥവാ സിനിമയിലേപ്പോലെ പെർഫെക്ടായി ജീവിതത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിന്‌ അറിയില്ലായിരുന്നു എന്നുവേണം കരുതാൻ. മരണാനന്തരം ഇനി ഈ ജീവിതവും മഹത്വവൽക്കരിക്കപ്പെടും, അനിഷ്ടക്കാരിൽനിന്നുതന്നെ... അതാണ്‌ മലയാളിയുടെ ശീലവും.. കാപട്യങ്ങളില്ലാതെ, നാട്യങ്ങളില്ലാതെ, നീതി നിഷേധിക്കപ്പെട്ട  ഒരൊറ്റയാൻ നമ്മുടെ സദാചാരബോധങ്ങൾക്കുമീതെ കുറെ ചോദ്യങ്ങൾ വായുവിൽ കൈ വീശിഉറക്കെ ചോദിക്കുന്നുണ്ട്‌ ഒരു കടൽക്കിഴവനെപ്പോലെ. വെള്ളിത്തിരയിലും, ജീവിതത്തിലും പ്രകമ്പനം കൊണ്ട ആ സിംഹഗർജ്ജനം ഒരിടിത്തീപോലെ നമ്മെ എക്കാലവും അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും.

നേരും നുണയും:
അപ്രിയ സത്യങ്ങൾ വിളിച്ചുപറയുന്നവൻ ചിലർക്ക്‌ കണ്ണിലെക്കരടാണ്‌. പക്ഷെ യാതൊന്നിനേയും ഭയപ്പെടാത്തവനെ കീഴ്പ്പെടുത്തണമെങ്കിൽ ചവിട്ടി നിൽക്കുന്ന മണ്ണ്‌ തന്നെ ആദ്യം ഇളക്കേണ്ടി വരും. പക്ഷെ അവരറിയുന്നില്ല, മരിച്ചുവീണാൽപ്പോലും അവനെക്കുറിച്ചുള്ള ഓർമ്മകൾ ഏതുറക്കത്തിലും അവരെ അശാന്തരാക്കുമെന്ന്.

വാലും തുമ്പും:
ചില വൃദ്ധമരങ്ങളുണ്ട്‌, ഏത്‌ പേമാരിയിലും, ഏത്‌ കൊടുങ്കാറ്റിലും വേരറ്റുപോകാതെ തല ഉയർത്തി നിൽക്കാൻ ബദ്ധപ്പെടുന്നവ... പ്രതിരോധങ്ങളിൽ പരാജയപ്പെട്ട്‌ നിലം പതിക്കുമ്പോഴും ശിഖരങ്ങളൊടിയാതിരിക്കാൻ മൗനമായി പ്രാർത്ഥിക്കുന്ന വൻമരങ്ങൾ. നീണ്ടുനിവർന്ന് നിശബ്ദമാകുമ്പോൾ മാത്രം അടുത്തുള്ള കുറ്റിച്ചെടികൾ തല ഉയർത്തി നോക്കി അടക്കം പറയുന്നത്‌ ഇതാകും; " ഒറ്റച്ചില്ലപോലുമൊടിയാതെ ഇവനെങ്ങനെ നെഞ്ചുവിരിച്ചു കിടക്കുന്നു..."

No comments: