Saturday, September 22, 2012

നമ്മള സൊന്തം ഏസ്വാസ്…
ദൈവം ചിലപ്പോഴൊക്കെ ഭൂമിയിൽ പിറവി കൊള്ളാറുണ്ട്, ഒരു നിയോഗം പോലെഅത്തരമൊരു ദൈവ നിയോഗമാണ് നമ്മുടെ സ്വന്തം ദാസേട്ടൻ. അഥവാ കേരളത്തിന്റെ സ്വന്തം ദേവഗായകൻ! ഈ മധുരശബ്ദം കേൾക്കാതെ ഒരു ദിവസം നമുക്കിടയിലൂടെ കടന്നുപോകില്ല. നമുക്ക് ലഭിച്ച നാദവിസ്മയത്തിന്റെ ഈ അവസാനവാക്ക് ഒരുപക്ഷെ ദൈവകൽ‌പ്പിതമാവണം. 

ആരഭിനയിച്ചാലും അവരുടെ ചുണ്ടനക്കത്തിന് ചേരുന്ന ഒരു സ്വാഭാവികത ദാസിന്റെ ആലാപനത്തിലെ ഒരു മാജിക്കൽ സവിശേഷതയാണ്. പ്രേംനസീർ പാടുമ്പോൾ അത് അദ്ദേഹത്തിന് മാത്രം ഇണങ്ങുന്ന മാജിക്കാവുമ്പോൾ, അതേ ശബ്ദം മമ്മൂട്ടിയുടെ പൗരുഷതയ്ക്കും തുല്യം ചാർത്തുന്നതുകാണാം. സ്വന്തം ഐഡന്റിറ്റി നിലനിർത്തിക്കൊണ്ട് ഏതൊരു നടനിലേയ്ക്കും മാറിമാറി അലിഞ്ഞുചേരുന്ന പരകായപ്രവേശമാണ് യഥാർത്ഥത്തിൽ ഈ ഗന്ധർവ്വഗായകന്റെ ശബ്ദം.. ബോധപൂർവ്വമല്ലാതെ സംഭവിക്കുന്ന ഒരു കെമിസ്ട്രി മാത്രമാണത്. ഒരുപ്രായം കഴിയുമ്പോൾ മങ്ങലേറ്റു തുടങ്ങുന്ന പ്രതിഭ പതിയെ നിഷ്പ്രഭമാവുകയാണ് പതിവ്. അത് പാട്ടിലായാലും, ചിത്രം വരയിലായാലും, സാഹിത്യത്തിലായാലും, നൃത്ത-നാട്യങ്ങളിലായാലും  ഒരുപോലെയാണ്. വാർദ്ധക്യത്തിലേയ്ക്ക് കടക്കുമ്പോൾ ശാരീരിക ക്ഷമത കൈവരിക്കാനാവാത്ത അവസ്ഥ. അവിടെയാണ് യേശുദാസ് എന്ന ഗായകൻ അതുല്യനായ ദേവഗായകനാവുന്നത്. ഇടർച്ചയില്ലാത്ത, പതറാത്ത ആ ശബ്ദം കൂടുതൽ മധുരമായി കേൾക്കുമ്പോഴൊക്കെ നമുക്ക് വിശ്വസിക്കേണ്ടിവരും, ഈ ശബ്ദം ഭൂമിയിലേയ്ക്കിറങ്ങി വന്ന ദൈവനിയോഗം തന്നെയാണെന്ന്. ഇനിയൊരു ഹരിമുരളീരവം പോലും അസാധ്യമായി പാടാനുള്ള ക്ഷമത ഇപ്പോഴും അദ്ദേഹത്തിന്റെ ശബ്ദത്തിനുണ്ട് എന്നറിയുമ്പോൾ സംഗീതത്തെ സ്നേഹിക്കുന്നവർക്ക് അതിൽ‌പ്പരം ആനന്ദം മറ്റൊന്നുമില്ല. പാട്ടുകളുടെ എണ്ണത്തിലും, അവാർഡുകളുടെ എണ്ണത്തിലും അദ്ദേഹത്തിന്റെ റെക്കോഡുകൾ ഭേദിക്കാൻ ഇനിയാർക്കും കഴിയുമെന്നുപോലും തോന്നുന്നില്ല. പാട്ടുപോലെ തന്നെ ആരുടെ ഉള്ളിലും മനസ്സിൽ‌പ്പതിഞ്ഞതാണ് അദ്ദേഹത്തിന്റെ രൂപവും. കറുകറുത്ത താടിയും, വെള്ളയും വെള്ളയുമണിഞ്ഞ കോസ്റ്റ്യൂം ഐഡന്റിറ്റിയും ദേവസംഗീതത്തിന്റെ സുസ്ഥിരമായ അടയാളപ്പെടുത്തലായി എക്കാലവും.. പക്ഷെ പ്രായമേറുന്തോറും (പ്രതിഭയുടെ മാറ്റ് കൂടിയിട്ടും) മറ്റ് ചില ചപലതകൾ അദ്ദേഹത്തിൽ കാണുന്നുണ്ട് എന്നതാണ് ഏറെ കൗതുകം. വെളുത്തു നരച്ചെങ്കിലും ഡൈ അടിച്ച് സുന്ദരനായി നടക്കുന്ന ദാസേട്ടൻ കുറച്ചുനാൾ മുൻപ് ഇനി ഡൈ അടിക്കില്ലായെന്ന് പ്രഖ്യാപിച്ച് പബ്ലിക്കിനുമുന്നിൽ ടോട്ടലി വെളുത്ത മനുഷ്യനായി പ്രത്യക്ഷപ്പെട്ടപ്പോൾ അന്തം വിട്ട ഗദ്ഗദ കണ്ഠര് മോഹനരരായിപ്പോയി പാവം ആരാധകർ. ദാസേട്ടന്റെ രൂപം മലയാളികൾ മനസ്സിൽ കൊത്തിവച്ചതിൽ നിന്നും വിഭിന്നമായിരുന്നു ജരാനരകൾ ബാധിച്ച യേശുദാസ്. രജനീകാന്ത് ഒറിജിനൽ രൂപത്തിൽ നടക്കുന്നതുപോലെ ദാസേട്ടനും മാറിയപ്പോൾ എന്തോ നമുക്കത് ഉൾക്കൊള്ളാൻ കഴിയാത്ത പോലെ.. ഓകെ ദാസേട്ടനുവേണ്ടെങ്കിൽ പിന്നെ നമുക്ക് എന്തരിന് ഒടുവിൽ ഒരുവിധം ഉൾക്കൊണ്ട് പുതിയ രൂപത്തെ മനസ്സിൽ റീ-പൊസിഷൻ ചെയ്തു മലയാളികൾ. അതിന്റെ ഹാംഗോവർ  മാറി രണ്ടുനാൾ കഴിഞ്ഞില്ല, തന്റെ പ്രഖ്യാപനം നിഷ്കരുണം വലിച്ചുകീറി ഡൈയിൽ കുളിച്ച ചന്ദ്രികാവസന്തമായി പഴയതുപോലെ അദ്ദേഹം മുന്നിലെത്തിയപ്പോൾ മൂക്കത്ത് വിരൽ വച്ചത് ഒരു പ്രഖ്യാപനവും നടത്താത്ത നമ്മളായിരുന്നു. വിജയുടെ മകൾ ദാസപ്പയെക്കണ്ട് ആളെ തിരിച്ചറിയാതെ ഞെട്ടി എന്ന അദ്ദേഹത്തിന്റെ എക്സ്ക്യൂസ് നമുക്കും ആശ്വാസമേകി. ഇനിയും പഴയതുപോലത്തെ ദാസേട്ടനെത്തന്നെ കാണാമല്ലോ 
ആരാധകരും ഹാപ്പി
പാട്ടിൽ മാത്രമല്ല, വിളിക്കപ്പെടുന്ന പേരിന്റെ വൈവിധ്യതകളിലുമുണ്ട് യേശുദാസിന് റെക്കോഡ്..
തിരോന്തരത്തെ പാവപ്പെട്ടവർക്ക് ഏസ്വാസ്
തിരുവനന്തപുരം-തമിഴ്നാട് ബോർഡറിലുള്ളവർക്ക് ദാസണ്ണൻ.
കാസർകോഡ്-കർണ്ണാടക അതിർത്തിയിലുള്ളവർക്ക് ദാസയ്യ.
മെച്യൂരിറ്റി ഉള്ള കോമൺപീപ്പിളിനും, കുട്ടികൾക്കും ദാസേട്ടൻ.
അടുത്ത ബന്ധമുള്ളവർക്ക് ദാസപ്പൻ... 
അങ്ങനെയെങ്ങനെ നീളുന്നു വിളിപ്പേരിലെ വൈചിത്ര്യങ്ങൾ..
പേരെത്രയായാലും സ്വരമൊന്ന്…, രൂപവും…..അതാണ് പത്മശ്രീ ഡോ.കെ.ജെ യേശുദാസ്.

നേരും നുണയും: താൻ പാടി അനശ്വരമാക്കിയ പാട്ടുകൾ ഗാനമേളക്കാർ മേലിൽ പാടരുതെന്നും, പാടിയാൽ റോയൽറ്റി നടപടികൾക്ക് കീഴടങ്ങേണ്ടിവരുമെന്നൊരു പ്രഖ്യാപനം നടത്തിയ അന്നുമുതൽ പാവപ്പെട്ട സകലമാന പാട്ടുകാരുടേയും കണ്ണിലെ കരടായി ദാസേട്ടൻ. റോയൽറ്റി ഫീ തന്റെ അക്കൌണ്ടിൽ ഇട്ടശേഷം മതി തന്റെ ഗാനത്തെ അവതരിപ്പിക്കൽ എന്ന ഒറ്റ തീരുമാനത്തോടെ ഈ മനുഷ്യനെ അഹങ്കാരത്തിന്റെ, പണക്കൊതിയുടെ പ്രതിരൂപമാക്കി ചിത്രീകരിച്ചു ചില അസൂയാലുക്കൾ. ആ ചട്ടം അനുസരിച്ചാണോ ഇല്ലയോ എന്നറിയില്ല, ഗാനമേളകളിൽ ഇപ്പോഴും യേശുദാസിന്റെ പാട്ടുകൾ തന്നെയാണ് അവതരിക്കപ്പെടുന്നത്. റിയാലിറ്റി ഷോകളെ അതിശക്തമായി എതിർത്തിരുന്ന യേശുദാസ് എന്ന മഹാമേരു ഒരു സുപ്രഭാതത്തിൽ ഐഡിയാസ്റ്റാർ സിംഗറിന്റെ പുതിയ സീസൺ ഷോ ഉദ്ഘാടനം ചെയ്തതും, റിയാലിറ്റി ഷോയേയും, മത്സരാർത്ഥികളേയും വാനോളം പുകഴ്ത്തിയതും, ഫൈനൽ സ്റ്റേജിലെ പാട്ടുകൾക്ക് ജഡ്ജസ് വിധിപറയുന്നതിനുമുൻപ് ഇദ്ദേഹം വിധിപറഞ്ഞതുമൊക്കെ ഇടയ്ക്ക് വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ വീക്ഷണങ്ങളിലേയും, സ്ഥിരതയില്ലാത്ത അഭിപ്രായങ്ങളിലേയും മലക്കം മറിച്ചിലിനെ ആസ്വാദകർ തെല്ല് അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്.

വാലും തുമ്പും: ഇപ്പോ ഏത് സ്റ്റേജിലും, ഏത് ഉദ്ഘാടന പരിപാടിയിലും യേശുദാസിന്റെ വക ഫ്രീ ഉപദേശങ്ങളുണ്ടാകും. തങ്ങളുടെ പ്രിയപ്പെട്ട ഗായകൻ ഒരു ഉപദേശിയായി രൂപം മാറുന്നത് പലരേയും ചൊടിപ്പിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. യേശുദാസ് മികച്ച ഗായകനായി ജനഹൃദയങ്ങളിൽ ഇടം നേടിയതിന് പിന്നിൽ അദ്ദേഹത്തിന്റെ കഴിവുമാത്രമല്ലെന്നും, മികച്ച സംഗീത സംവിധായകരുടേയും, കഴിവുള്ള പാട്ടെഴുത്തുകാരുടേയും പ്രതിഭാസ്പർശം കൊണ്ടുമാത്രമാണെന്നും ഈയിടെ ബിച്ചുതിരുമല തുറന്നടിച്ചെങ്കിലും യേശുദാസിനെ ലോകം  എക്കാലവും അംഗീകരിക്കുന്നത് അദ്ദേഹത്തിന്റെ മാസ്മരികശബ്ദത്തിന്റെ പേരിലായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെ ഈ മധുരശബ്ദം മലയാളിക്കെന്നും വേണം. മലയാളിയ്ക്കുമാത്രമല്ല, സാക്ഷാൽ ശ്രീധർമ്മ ശാസ്താവിനുവരെ ഉറങ്ങണമെങ്കിൽ ഈ ഗന്ധർവ്വനാദം അനിവാര്യമാണെന്നതാണ് സത്യം..!

3 comments:

ഭായി said...

വിമർശകർ എന്തൊക്കെ പറഞ്ഞാലും, കുറ്റങ്ങളും കുറവുകളുമൊക്കെയുണ്ടെങ്കിലും ആ സ്വരമാധുരിയെ കവച്ചു വെയ്ക്കാൻ മറ്റൊന്നില്ല തന്നെ.

വരയും, എഴുത്തും നന്നായിട്ടുണ്ട്.

പ്രതികരണൻ said...

നന്നായിരിക്കുന്നു. എങ്കിലും, ആ കയ്യില്‍ ഒരു ബൈബിള്‍ വെച്ചുകൊടുക്കണമായിരുന്നോ?

sunil panikker said...

താങ്ക്സ്‌ ഭായി & പ്രതികരണൻ..

പ്രതികരണന്റെ പ്രതികരണത്തെ മാനിച്ചുകൊണ്ട്‌ ആ കയ്യിൽ നിന്നും ബൈബിൾ മാറ്റുന്നു.വരയ്ക്കുമ്പോൾ നാട്ടുക്കവലകളിൽ സുവിശേഷം പ്രസംഗിക്കുന്ന ഉപദേശികളെ ഓർത്തു പോയി..