Tuesday, April 20, 2010

ഓർമ്മകളിലൊരു മുഖം

പതിനാല് വർഷങ്ങൾക്കു മുൻപാണ് ഈ മുഖം ഞാൻ ആദ്യമായി കാണുന്നത്‌. എനിക്കു മുന്നിൽ എത്ര തവണയാണ്, എത്ര നേരമാണ് ഈ രൂപം മിഴിച്ചിരുന്നത്‌... എത്ര മറന്നിട്ടും മറക്കുവാൻ കൂട്ടാക്കാതെ ഈ മുഖം...... വികാരരഹിതമായ ഭാവം കൊണ്ട്‌ പറഞ്ഞറിയിക്കാനാവാത്തൊരു നിഗൂഡവികാരം പകർന്നുതന്ന ചെല്ലനെന്ന ചെല്ലപ്പേട്ടൻ.... ഞാനേറ്റവും കൂടുതൽ ശിൽ‌പ്പങ്ങളുണ്ടാക്കിയത്‌ ഈ പ്രിയപ്പെട്ടവനെ മോഡലാക്കിയിട്ടായിരുന്നു.. ഞാനെന്നല്ല, കാമ്പസിൽ ഉണ്ടായിരുന്ന ഒട്ടുമിക്കപേരും അദ്ദേഹത്തെ ഒരുപാട്‌ തവണ കളിമണ്ണിലും, ചാർക്കോളിലുമൊക്കെ പതിച്ചെടുത്തിരുന്നു.. ഫൈനാർട്സ് കോളേജിൽ കടന്നുചെല്ലുന്ന ആർക്കും ഈ രൂപം എവിടെയെങ്കിലുമൊക്കെ ഇന്നും കാണാനാകും.. ക്ഷമയുടെ കരിങ്കൽശിൽ‌പ്പമായി ഈ അനാഥൻ എല്ലാവർക്കുമുന്നിലും നിശബ്ദനായിരുന്നിട്ട്‌ കാൽനൂറ്റാണ്ടുകഴിഞ്ഞിരിക്കുന്നു. 1980- കളിൽ ഫൈനാർട്സ് കോളേജിൽ മോഡലായെത്തിയ ചെല്ലപ്പൻ എന്ന 77 കാരൻ കഴിഞ്ഞ ദിവസം ഒരുമുഴം കയറിൽ ജീവനൊടുക്കി. ഒട്ടും സങ്കടം തോന്നുന്നില്ല, കാരണം, ഫൈനാർട്സ് കോളേജിലെ സ്കൾപ്ച്ചർ ഡിപ്പാർട്ട്മെന്റിൽ ഞങ്ങളുടെയൊക്കെ വിരലുകളിലൂടെ പുനർജ്ജനിച്ച നൂറുകണക്കിന് ചെല്ലപ്പന്മാർ അതേ രൂപത്തിൽ, അതേ ഭാവത്തിൽ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്‌, ഒരിക്കലും മരിക്കാതെ, നിർവ്വികാരനായി....!











































ചിത്രങ്ങൾ അയച്ചു തന്ന ബിജിൻ ദാസിനും, ബൈജു രവീന്ദ്രനും നന്ദി..




7 comments:

ശിവ || Shiva said...

ചെല്ലപ്പണ്ണന്റെ ശില്പങ്ങള്‍ അവിടെ കണ്ടിട്ടുണ്ട്. കഷ്ടമായിപ്പോയി ...ഇങ്ങനെയും ചില ജന്മങ്ങള്‍... കരവിരുതില്‍ ശില്പങ്ങള്‍ ഉടെലെടുക്കുംപോള്‍ ഒരു ശില്‍പ്പിയ്ക്കും നീറുന്ന മനസ്സ് കൊതിവയ്ക്കാന്‍ ആകില്ല .അങ്ങനെ അകുമായിരുന്നെങ്കില്‍ ചെല്ലപ്പണ്ണനു ഈ അവസ്ഥ വരില്ലായിരുന്നു...ദുഖത്തോടെ..

ശിവ || Shiva said...

ആയിരം ശില്പങ്ങള്‍ കരവിരുതില്‍
ഉയരുമ്പോഴും അയ്യളുടെയുള്ളില്‍
അത്രയും എരിയുകയായിരുന്നു ...

കരിമ്പുള്ളികള്‍ വീണ
ശില്പത്തെ ആരും കണ്ടിരുന്നില്ല
എന്ന് പറയുന്നതിനേക്കാള്‍
അമൂര്‍ത്തമാക്കി വയ്ക്കുകയായിരുന്നു
അയ്യാള്‍..

ഓരോ വൃക്ഷച്ചുവടും
അയ്യാളുടെ അമരത്വ പദവിയ്ക്ക്
സാക്ഷിയാകുമ്പോള്‍
സൂക്ഷിച്ചു നോക്കുക ശില്പികളേ
കളിമണ്ണുറഞ്ഞ നെഞ്ചില്‍

അപ്പോള്‍ ...

ചെല്ലപ്പേട്ടന്റെ ഹൃദയമാണ്
ലോകത്തിലെ ഏറ്റവും നല്ല
ശില്പമെന്നു മനസിലാകും...

Pyari said...

:(
എന്ത് കൊണ്ടോ.
post വായിക്കുന്നതിനു മുമ്പ് തന്നെ പറയാന്‍ വരുന്നത് ഇങ്ങനെ ഒരു കാര്യമാണെന്ന് മനസ്സില്‍ തോന്നി. ഞങ്ങളുടെ കോളേജ് ലും ഇത് പോലെ ഒരു മുകുന്ദേട്ടന്‍ ഉണ്ടായിരുന്നു. പക്ഷെ എഞ്ചിനീയറിംഗ് കോളേജ് ആയതു കൊണ്ട് അവിടുത്തെ കുട്ടികളുടെ മനസ്സില്‍ മാത്രം ആ രൂപം കൊത്തപ്പെട്ടു. :( അന്ത്യം ഇത് പോലെ യൊക്കെ തന്നെ ആയിരുന്നു. :(

Anil cheleri kumaran said...

പാവം..

കൂതറHashimܓ said...

മ്മ്ഹ്

chithrakaran:ചിത്രകാരന്‍ said...

അയ്യോ കക്ഷി മരിച്ചോ !!!
ചിത്രകാരനും അദ്ദേഹത്തെ കുറെ വരച്ചു പഠിച്ചിരുന്നു.
ഇതിലെ ഫോട്ടോയില്‍ കാണുന്നതുപോലെ ശരീരം ഒഴുകിയിറങ്ങിയിരുന്നില്ല. നല്ല ബലിഷ്ടമായ മസിലുകളുള്ള
ഒരു ജീവനുള്ള ശില്‍പ്പമായിരുന്നു.

SUNIL V S സുനിൽ വി എസ്‌ said...

അതെ ഒരുമുഴ കയറിൽ ആ ജന്മവും ജീവനൊടുക്കി ചിത്രകാരാ.., എങ്കിലും നമ്മളിലൂടെയൊക്കെ പുനർജ്ജനിച്ച ചെല്ലപ്പന്മാർ ഇപ്പൊഴും അവിടെ ജീവനോടെ ഉണ്ട്.