1994-കളിലാണ് ഈ നിഷേധകവിയുടെ തീക്ഷ്ണസ്വരങ്ങൾ അക്ഷരരൂപത്തിലെന്നെ കീഴ്പ്പെടുത്തുന്നത്. കവിതയിലൂടെ ജീവിതം തന്നെ പകുത്തു തന്ന കവി. ചുള്ളിക്കാടിനെപ്പോലെ അയ്യപ്പനേയും എനിക്ക് സ്നേഹിക്കുവാനും ആരാധിക്കുവാനും കഴിഞ്ഞത് എന്റെ ഭാഗ്യമാവണം. ഒരു വിളിപ്പാടകലെയിരുന്നിട്ടും നേരിൽ കാണാതെ ആ അക്ഷരങ്ങളുടെ അഗ്നി നെഞ്ചിലേറ്റുകയായിരുന്നു ഞാൻ. 1995-ലാണ് എന്റെ കത്തിനുള്ള മറുപടി അയ്യപ്പൻ എനിക്കയക്കുന്നത്. പതിനഞ്ച് പൈസ കാർഡിൽ മനോഹരമായെഴുതിയ കവിയുടെ കൈയക്ഷരം ഇടക്കാലം വരെ കാത്തുസൂക്ഷിച്ചിരുന്നു ഞാൻ. ഒരു പക്ഷെ പഴയ എഴുത്തുകെട്ടുകൾക്കിടയിൽ ഉണ്ടാവണം അതിപ്പോഴും. ആദ്യമായി അയ്യപ്പനെ കാണുന്നത് പിന്നെയും രണ്ട് വർഷം കഴിഞ്ഞ് ഫൈനാർട്സ് കോളേജിൽ ഞാൻ പഠനം തുടങ്ങിയ സമയത്താണ്. അയ്യപ്പൻ കോളേജിൽ മിക്കവാറും വരാറുണ്ടായിരുന്നു. കോളേജിനുള്ളിലെ കൈവരിയിലിരുന്ന് പുകവലിക്കുന്ന അദ്ദേഹത്തെ ഞാൻ ഇപ്പോഴും ഓർക്കുന്നു.
കത്തുകളിലൂടെ മാത്രം പരിചയമുണ്ടായിരുന്ന കവിയുടെ അടുത്ത്‌ചെന്ന് സംസാരിക്കാൻ അന്നെനിക്ക് മടിയായിരുന്നു. പിന്നെയെന്നും കോളേജിൽ പോകുമ്പോൾ അയ്യപ്പൻ എനിക്കെഴുതിയ കത്തുകൾ ബാഗിൽ ഞാൻ കരുതി വച്ചു. വീണ്ടും കണ്ടപ്പോൾ അതു കാണിച്ച് സ്വയം പരിചയപ്പെടുത്തുവാൻ എനിക്കങ്ങനെയൊരു തപാൽ മുദ്രകളുണ്ടായിരുന്നത് അനുഗ്രഹമായി. ഒരാൾക്ക് അയ്യപ്പനോടൊത്തുള്ള ഓരോ നിമിഷവും സഹിക്കാൻ / ആസ്വദിക്കാൻ കഴിഞ്ഞൂവെന്നാൽ, അതിനർത്ഥം അയ്യപ്പനെ / അയാളുടെ കവിതയെ അയാൾ അത്രമേൽ സ്നേഹിക്കുന്നുവെന്നാണ്. സാധാരണക്കാരിൽ സാധാരാണക്കാരനായ ഒരു കവിയെ ഞാനങ്ങനെ നേരിൽ പരിചയപ്പെട്ടു. പിന്നീട് എഴുത്തുകൾ അപൂർവ്വമായെങ്കിലും വല്ലപ്പോഴും കവിയെ ഞാൻ കണ്ടിരുന്നു. എന്നെ പുള്ളി അധികം ഓർത്തിരിക്കാത്തതുകൊണ്ടാകാം, ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുമ്പോലെ എന്നെ പരിചയപ്പെടുത്തേണ്ട ഗതികേട് എനിക്കുണ്ടായിട്ടുണ്ട്. ഞാൻ കാണുമ്പോഴെല്ലാം മിക്കവാറും അയ്യപ്പൻ സുബോധത്തിലായിരിക്കില്ല, സൗഹൃദം പുതുക്കി രണ്ടുനിമിഷം കഴിയേണ്ട കഴിഞ്ഞ തവണ കണ്ടകാര്യങ്ങൾ പുള്ളിക്കോർമ്മ വരും. ഞാൻ അവസാനം അയ്യപ്പേട്ടനെ കണ്ടത് 2009 ഫെബ്രുവരിയിലാണെന്ന് തോന്നുന്നു. അടുപ്പിച്ചടിച്ച് രണ്ടുദിവസം അപ്രതീക്ഷിതമായി കണ്ടുമുട്ടി. സ്റ്റാച്യുവിലെ ബിവറേജസിൽ നിന്നും നിൽപ്പനടിച്ചിറങ്ങി വരുന്നു കവി. ആർക്കും വിട്ടുകൊടുക്കാതെ ഞാൻ അയ്യപ്പേട്ടനെ നിഖിലിന്റെ കാറിൽ കേറ്റി ഒറ്റ മുങ്ങൽ.
പള്ളിമുക്കിലെ ഓഫീസിലേയ്ക്ക് കൊണ്ടും പോകും വഴി കാറിലിരുന്ന് കവിതയും തെറിയും ഒരുപോലെ പുറത്തേക്കുചീറ്റി. പക്ഷെ നിഖിൽ ശരിക്കും അസ്വസ്ഥനായിരുന്നു. ഒന്നാമത് പുള്ളിക്ക് അയ്യപ്പേട്ടനെക്കുറിച്ച് യാതൊന്നുമറിയില്ല, രണ്ടാമത് ഒരു കവിയിൽ നിന്നും പ്രതീക്ഷിക്കാവുന്നതൊന്നുമല്ല അയ്യപ്പനിൽ നിന്നും പുറത്തു വരുന്നത്, അപ്പൊ പിന്നെ നിഖിൽ ഭയപ്പെട്ടതിൽ അതിശയവുമില്ല. ബാക്ക് സീറ്റിൽ അയ്യപ്പേട്ടനോട് ചേർന്ന് - അല്ല കെട്ടിപ്പിടിച്ചിരുന്നപ്പോൾ കവിതയുടെ അഗ്നി നിറച്ച ആ ഹൃദയമിടിപ്പെനിക്ക് കേൾക്കാമായിരുന്നു. ഓഫീസിലെത്തി ഒരുമണിക്കൂറുകഴിഞ്ഞപ്പോൾ കിക്ക് വിട്ടു തുടങ്ങിയ അദ്ദേഹം കുട്ടികളെപ്പോലെ വീട്ടിൽ പോണം വീട്ടിൽ പോണമെന്നുപറഞ്ഞ് ചിണുങ്ങാൻ തുടങ്ങി. ഏകാകിയും പുറമേ നിഷേധിയെന്നു തോന്നിപ്പിച്ചിരുന്ന ഈ പാവം മനുഷ്യനെയാണല്ലോ ഞാൻ പണ്ടു ഫൈനാർട്സ് കോളേജിൽ വച്ച് ഭയപ്പെട്ട് പരിചയപ്പെടാൻ മടിച്ചതെന്നോർത്തു ലജ്ജിച്ചു. എന്റെ ചുമലിൽ ചാഞ്ഞ അയ്യപ്പേട്ടനെ ഞാനൊരുവിധം ബൈക്കിൽ കയറ്റിയിരുത്തി. പിന്നെ കാണുന്ന ഷോട്ട് എന്നെ അള്ളിപ്പിടിച്ചിരുന്നു പാഞ്ഞുപോകുന്ന കവിയെയാണ്. തമ്പാനൂർ വഴി കരമനയിലെ സഹോദരിയുടെ വീട്ടിലേയ്ക്ക് ചീറിപ്പായുമ്പോൾ ( 20 കി. മി. വേഗത) കവിയെ തിരിച്ചറിഞ്ഞ രണ്ടുമൂന്നുപേർ ആരാധനയോടെ 'കവി അയ്യപ്പൻ ദേണ്ടേ പോണു' എന്നു പറയുന്നതുകേട്ടു ഞാൻ കോരിത്തരിച്ചു. സീറ്റിലുമല്ല, എയറിലുമല്ലാത്ത രീതിയിൽ ഇരുകൈകൊണ്ടും എന്നെ മുറുകെ പിടിച്ചിരുന്ന അയ്യപ്പേട്ടൻ ഇതുകേട്ടുറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു " കണ്ടോടാ കോപ്പേ എന്റെ ആരാധകരുടെ ഒരു സ്നേഹം.. അയ്യപ്പനെ ഇവർ ഏതു പട്ടിക്കാട്ടിൽ കിടന്നാലും തിരിച്ചറിയും.." ശരിയാണ് ഞാനതന്ന് അനുഭവിച്ചറിഞ്ഞു.. പക്ഷെ, അതേ തമ്പാനൂരിലെ അതേ തിരക്കിൽ അയ്യപ്പൻ അനാഥനായി അലിഞ്ഞുചേർന്നപ്പോൾ ആരാലും തിരിച്ചറിയപ്പെടാതെ പോയല്ലോ ദൈവമേ... വൈകാതെ സുബ്ബലക്ഷ്മിയമ്മാളുടെ അടുക്കൽ ഈ നിഷേധിയെ ഭദ്രമായി കൊണ്ടാക്കി. ജീവനുണ്ടെങ്കിൽ നാളെ നിന്റെ വീട്ടിൽ അയ്യപ്പൻ വന്നിരിക്കുമെന്ന ഉറപ്പിൽ ഞാൻ അവിടെ നിന്നുമിറങ്ങി. പിറ്റേന്ന് അയ്യപ്പനെന്ന ഇന്ദ്രജാലക്കാരനെ കണ്ടവരാരുമില്ല. ഇനി എന്ന്, എവിടെ പൊങ്ങുമെന്ന് അയ്യപ്പനും ദൈവത്തിനും മാത്രമറിയാവുന്നതുകൊണ്ട് ഞാനും അദ്ദേഹത്തെ തിരക്കിയില്ല. വൈകുന്നേരം നേമം വഴി പോയപ്പോൾ പരിചയമുള്ള ഒരു ഹോട്ടലിൽ ചായകുടിക്കാനൊന്നു കേറി. ഹോട്ടലിനുള്ളിൽ ഒരു വമ്പൻ തെറിവിളി മത്സരം നടക്കുന്നു. നോക്കിയപ്പോൾ സാക്ഷാൽ ഇന്ദ്രജാലക്കാരൻ ദാണ്ടെ അവിടെ നിന്ന് ഹോട്ടുലുടുമയെ പച്ചത്തെറി വിളിക്കുന്നു. അയാളോടു കാര്യം തിരക്കിയപ്പോൾ പറഞ്ഞു അയ്യപ്പന് പണമില്ലാതെ ഭക്ഷണം കൊടുക്കണമത്രേ, പകരം ഒരു കവിത തരും. അയ്യപ്പനേയും, അയ്യപ്പന്റെ കവിതയുടെയും വിലയറിയാത്തവനോടെന്തു പറയാൻ.. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ എന്നെയും ഹോട്ടലുടമസ്ഥനേയും തെറിവിളിച്ചുകൊണ്ട് അയ്യപ്പൻ തെരുവിലലിഞ്ഞുചേർന്നു. പിന്നീട് മൂന്നുനാലുമാസങ്ങൾക്കുശേഷം ഞാൻ ഗൾഫിലേയ്ക്കുപോയി. ആ നിഷേധിയെ ഞാൻ പിന്നീട് അക്ഷരങ്ങളിലൂടെ മാത്രമേ കണ്ടിട്ടുള്ളു. ദയാരഹിതമായ അടഞ്ഞവാതിലുകളില്‍ നിന്ന് തീപിടിച്ച കണ്ണുകളും, കാലുകളുമായി വെയില്‍തിന്നുകൊണ്ടു ഈ പക്ഷി പറന്നകന്നുവെങ്കിലും വിട്ടൊഴിയാത്ത ഒരപൂർവ്വ ലഹരിപോലെ ഈ നിഷേധി ഇപ്പോഴും നമ്മോടൊപ്പമുണ്ട്. എങ്കിലും എകാന്തതയും, സമുദ്രവും, തെരുവുകളും അവനില്ലാതെ ഇനി.......
1 comment:
അയ്യപ്പണ്ണനു തുല്യം അദ്ദേഹം മാത്രം.
പകരക്കരനിലാത്ത അവ്ധൂതന്‍.
അങ്ങനെ അല്ലാതെ ആവാന്‍ അയ്യപ്പണ്ണനല്ലതേ മറ്റാര്‍ക്കാണാവുക
Post a Comment