Monday, May 23, 2011

ഒരിടത്തൊരു ആണൊരുത്തൻ..!


സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ മനോജ് കെ. ജയനും, സംവിധാനം പഠിക്കാൻ അലി അക്ബറും ചേർന്ന സമയത്താണ് ലൂസി ക്യാമറയുടെ രസതന്ത്രം പഠിക്കാനെത്തുന്നത്. വൈകാതെ അലി ലൂസിയെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ജീവിതത്തിലും, സിനിമയിലും മാതൃകാദമ്പതികളായ ഇവരുടെ ആദ്യസിനിമയായിരുന്നു 1988-ൽ പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്ത്. തുടർന്ന് മുഖമുദ്ര, പൊന്നാരംതോട്ടത്തെ രാജാവ്, സ്വസ്ഥം ഗൃഹഭരണം, ഗ്രാമപ്പഞ്ചായത്ത്, കുടുംബ വാർത്തകൾ, പൈ ബ്രദേഴ്സ്, പൊന്നുച്ചാമി, ബാംബൂബോയ്സ്, ജൂനിയർ മാൻഡ്രേക്ക്, സീനിയർ മാൻഡ്രേക്ക് തുടങ്ങിയ സാധാരണക്കാരന്റെ സിനിമകളിലൂടെ അലി അക്ബർ നിശബ്ദമായി സിനിമയുടെ പിന്നാമ്പുറങ്ങളിലുണ്ടായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ കുടുംബവും. സംഘടനകളുടെ തലപ്പത്തിരിക്കുന്നവർ മാടമ്പികളാണെന്ന അലിയുടെ പരമാർശത്തിലൂടെ അദ്ദേഹത്തിന് നേരിടേണ്ടിവന്നത് ആസൂത്രിതമായ ഫ്യൂഡൽ ചതിക്കുഴികളായിരുന്നു. ബൈജു കൊട്ടാരക്കരയ്ക്കും, തിലകനും, വിനയനും, ക്യാപ്റ്റൻ രാജുവിനും, മാളാ അരവിന്ദനും, സ്ഫടികം ജോർജ്ജിനുമൊക്കെ അഭിമുഖീകരിക്കേണ്ടി വന്ന അതേ ഒറ്റപ്പെടുത്തലിന്റെ പുതിയ പേരാണ് അലി അക്ബർ. സംഘടനയുടെ നിസ്സഹരണം അദ്ദേഹത്തിനെപ്പോലുള്ള ഒരു ആൾറൌണ്ടർക്ക് തടസ്സമായില്ലെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ പല പല തലവേദനകൾ അദ്ദേഹത്തെ വല്ലാതെ വലച്ചു. താരങ്ങളേയും, ടെക്നീഷ്യൻസിനേയും ഇദ്ദേഹത്തിന്റെ സിനിമകളിൽ പണിയെടുക്കുന്നത് തടയാനും, റിലീസ് ബ്ലോക്ക് ചെയ്യാനും, സെൻസറിംഗ് തടസ്സങ്ങൾ സൃഷ്ടിക്കാനും ചില തൽ‌പ്പരകക്ഷികൾക്ക് സാധിച്ചു. അപാരമായ വിൽപവറുള്ള അദ്ദേഹം ഈ വിലക്കുകളെ തെല്ലും വക വയ്ക്കാതെ ചങ്കൂറ്റത്തോടെ ചെയ്ത സിനിമയായിരുന്നു തിലകൻ കേന്ദ്രകഥാപാത്രമായ ‘അച്ഛൻ’. 5ഡി മാർക്ക് 2-ൽ ചെയ്ത ആദ്യത്തെ ചെറിയ ബഡ്ജറ്റ് സിനിമ. കേവലം 10 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ ഈ സിനിമയുടെ വിതരണത്തിലും, റിലീസിംഗിലും അദ്ദേഹം ഏറെ കഷ്ടപ്പെട്ടു. ഒടുവിൽ കേരളത്തിലെ നാല് തിയറ്ററുകളിൽ പ്രദർശിപ്പിച്ചെങ്കിലും അവിടെയേയും അദ്ദേഹത്തിന് തിരിച്ചടികൾ കിട്ടി. സിനിമ  കാണാനെത്തുന്ന പ്രേക്ഷകരെ തിയറ്ററിലെ ടിക്കറ്റ് വിൽ‌പ്പനക്കാർവരെ നിരുത്സാഹപ്പെടുത്തിയ യാഥാർത്ഥ്യത്തിന്  സാക്ഷിയാകാൻ ലൂസിചേച്ചിക്കും യോഗമുണ്ടായി. കോഴിക്കോട്ടുള്ള ചേവരമ്പലത്തിലെ അദ്ദേഹത്തിന്റെ വീട് അക്ഷരാർത്ഥത്തിൽ ഒരു സ്റ്റുഡിയോ കൂടിയാണ്. പ്രൊഡക്ഷൻ കണ്ട്രോളറും, പ്രൊഡക്ഷൻ മാനേജരും, മെസ്സ് ചീഫും, ഫിനാൻസ് മാനേജരും ഭാര്യ. കഥ, തിരക്കഥ, സംഭാഷണം, ഗാനരചന,  ഛായാഗ്രഹണം, സംവിധാനം ഭർത്താവ്. എഡിറ്റിംഗ്, മിക്സിംഗ്, ഡി. ഐ., കളർ കറക്ഷൻ മൂത്ത പുത്രി. സംഗീതം, കമ്പോസിംഗ്, അനിമേഷൻ, പോസ്റ്റർ ഡിസൈനിംഗ് ഇളയ മകൾ. ചുരുക്കി പറഞ്ഞാൽ എന്തു വിലക്കിനേയും സധൈര്യം നേരിടാൻ കെൽ‌പ്പുള്ള ഒരു മാതൃകാ സിനിമാക്കുടുംബം..! വിനീത് നായകനായ  ‘ഐഡിയൽ കപ്പിൾ‘ എന്ന പുതിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി വരുന്നു. സംഘടനയുടെ ഭീഷണികൾക്ക് വഴങ്ങാതെ അഭിനയിച്ച വിനീതിനും, ഉഷാഉതുപ്പിനും, തമിഴ് നടൻ നാസറിനുമൊക്കെ അഭിനന്ദനങ്ങൾ. മിനിയാന്ന് റിലീസായ വിനയൻ ചിത്രമായ ‘രഘുവിന്റെ സ്വന്തം റസിയ’ എന്ന ആദ്യത്തെ പൂർണ്ണമായ 7 ഡി സിനിമയുടെ ക്യാമറയും യൂണിറ്റും അലി അക്ബറുടേതാണ്. എന്റെ സുഹൃത്തുക്കളുടെ പുതിയ സിനിമയ്ക്ക്  കൊച്ചിയിൽ നിന്ന് ക്യാമറ കിട്ടാതെ വലഞ്ഞപ്പോൾ സഹായിച്ചത് അലി അക്ബറായിരുന്നു.













ഇന്നലെ പാതിരാത്രിയിൽ കൊച്ചിയിൽ നിന്ന് കോഴിക്കോടെത്തും വരെ ഞങ്ങൾക്കുവേണ്ടി ഉറങ്ങാതെ കാത്തിരുന്ന ഈ സിനിമാ കുടുംബത്തിന്റെ അർപ്പണബോധത്തിനുമുന്നിൽ എന്റെ ഹാറ്റ്സ് ഓഫ്..! വെളുപ്പിന് അഞ്ചരമണിക്ക് ഗേറ്റിനുമുന്നിൽ പുഞ്ചിരിയോടെ കാത്തുനിന്ന്, ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിക്കുമ്പോൾ ഞാനാദ്യം കണ്ടത് സിനിമാ മാഫിയകൾ അടിച്ചു തകർത്ത, ആക്രമണത്തിന്റെ നിത്യസ്മാരകമായ അവരുടെ മാരുതി വാനാണ്. മലയാള സിനിമയിൽ ഒറ്റയ്ക്ക് പടപൊരുതുന്നവന്റെ ലിസ്റ്റിൽ ഒരുപേരു കൂടി; ചങ്കൂറ്റത്തിന്റെ, ആണത്തത്തിന്റെ ആ പേരാണ്  അലി അക്ബർ.

5 comments:

വാഴക്കോടന്‍ ‍// vazhakodan said...

അലി അക്ബര്‍ ആണ്‍കുട്ടി തന്നെ. പക്ഷേ സാമ്പത്തികമായി നഷ്ടം സഹിക്കേന്റി വരുമ്പോള്‍ എത്ര കാലം പിടിച്ച് നില്‍ക്കാന്‍ പറ്റും??

ഓഫ്: പണിക്കരുടെ സിനിമ എന്തായി?ഷൂട്ട് തുടങ്ങിയോ? അറിയിക്കുമല്ലോ!

സസ്നേഹം,
വാഴക്കോടന്‍

ഏറനാടന്‍ said...

അലി അക്ബറെ പണ്ട് ഖത്തറില്‍ വെച്ച് ഒരു സിനിമാ ആസ്വാദന സദസ്സില്‍ കണ്ടുമുട്ടാനും പരിചയപ്പെടാനും സാധിച്ചു. നല്ല വ്യക്തിത്വം. ഒരുപാട് വ്യത്യസ്തത മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു സിനിമാക്കാരന്‍. സുനില്‍ പണിക്കര്‍ നന്ദി.

അലി said...

നിങ്ങൾ ഒരുമിച്ചു നിൽക്കുന്ന ഫോട്ടൊ ഫെഫ്കക്കാരു കാണണ്ട.

ഷാരോണ്‍ said...

ഇരകള്‍...സംഘടനയുടെ കയ്യൂക്കിനു മുന്‍പില്‍ തോറ്റു പോയവര്‍.

ഒരു കാലത്ത് മികച്ച ചില ചിത്രങ്ങളുമായി വന്നു കാലത്തെ വിസ്മയിപ്പിച്ച ഈ സംവിധായകന്‍ പിന്നീട് എന്ത് കൊണ്ടാണാവോ തമാശച്ചിത്രങ്ങളിലെക്ക് തിരിഞ്ഞത്?

ഈ മോശം നാളുകളെ മറികടന്നു വിജയിയായി ചിരിച്ച് നില്‍ക്കുന്ന അലിയെ കാണാന്‍ കാലം അനുവദിക്കട്ടെ...പ്രാര്‍ഥനകള്‍..ഈ മനുഷ്യന്‍ തോല്‍ക്കാതിരിക്കാന്‍

സുനിലേട്ടനും നന്ദി...

സന്തോഷ്‌ പല്ലശ്ശന said...

സുനില്‍... പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയില്‍ ഇരിക്കുന്ന വേളയില്‍ ഇങ്ങിനെ ഒരു പോസ്റ്റിട്ട് അവന്മാരുടെ പഴി വാങ്ങണ്ട. നമ്മുക്ക് നമ്മടെ പണിയൊക്കെ ഭംഗിയായി കഴിയട്ടെ....

ഇരിക്കുന്ന കൊമ്പുവെട്ടിക്കളിച്ചവനൊക്കെ ദൈവം ശരിക്കും പണികൊടുത്തോളും.... ചുമരുണ്ടെങ്കിലെ ചിത്രം എഴുതാന്‍ പറ്റൂ... അത് തിരി്ച്ചറിയുമ്പോഴേക്കും അവര്‍ ഏറെ വൈകിയിരിക്കും.

മനസ്സില്‍ നന്മയും അര്‍പ്പണ മനോഭാവവും ആത്മാര്‍ത്ഥതയുമുള്ള കലാകാരനെ എന്നായാലും ജനം അംഗികരിക്കും....

നന്മിയില്‍ വിശ്വസിച്ച് ഒരോ കടമയും ഭംഗിയായി നിര്‍വഹിക്കുക. വിജയം കൂടെത്തന്നെയുണ്ട്
സസ്‌നേഹം
പല്ലശ്ശന